കെ.ടി.യു സ്ഥിരം വി.സിയെ സുപ്രീംകോടതി നിയമിക്കും; ഗവര്‍ണര്‍ക്ക് തിരിച്ചടി
Kerala
കെ.ടി.യു സ്ഥിരം വി.സിയെ സുപ്രീംകോടതി നിയമിക്കും; ഗവര്‍ണര്‍ക്ക് തിരിച്ചടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th December 2025, 11:47 am

ന്യൂദല്‍ഹി: കേരള ടെക്‌നിക്കല്‍, ഡിജിറ്റല്‍ സര്‍വകലാശാലകൡലെ സ്ഥിരം വി.സി നിയമന തീരുമാനത്തില്‍ ഗവര്‍ണര്‍ക്ക് സുപ്രീം കോടതിയുടെ തിരിച്ചടി.

വി.സിയുടെ നിയമനം സുപ്രീം കോടതി നടത്തുമെന്ന് ജസ്റ്റിസ് ജെ.ബി പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

രണ്ട് സര്‍വകലാശാലകളിലേക്കുമുള്ള വി.സി നിയമനത്തിനായി സീല്‍ വെച്ച കവറുകളില്‍ ഒരു പേര് വീതം മാത്രം സമര്‍പ്പിക്കാന്‍ സുധാന്‍ശു ധൂലിയ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി. അടുത്ത വ്യാഴാഴ്ചയ്ക്കുള്ളില്‍ നിര്‍ദേശം നടപ്പാക്കണമെന്നും ഇടക്കാല ഉത്തരവില്‍ സുപ്രീം കോടതി പറഞ്ഞു.

ഈ കേസില്‍ സാധ്യമായതെല്ലാം ചെയ്തു. എന്നിട്ടും മുഖ്യമന്ത്രിയും ഗവര്‍ണറും വിഷയത്തില്‍ സമവായത്തിലെത്തിയില്ലെന്നും പ്രതിസന്ധി പരിഹരിക്കാന്‍ ഇതില്‍ക്കൂടുതല്‍ ഒന്നും ചെയ്യാനില്ലെന്നും കോടതി നിരീക്ഷിച്ചു.

സ്ഥിരം വി.സി നിയമന നടപടി സുധാന്‍ശു ധൂലിയ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം പൂര്‍ത്തിയാക്കിയിരുന്നില്ലേയെന്നും ആ റിപ്പോര്‍ട്ട് എവിടെയെന്നും സുപ്രീം കോടതി കേസ് പരിഗണിക്കുന്നതിനിടെ ചോദിച്ചു.

നിയമ മന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും ലോക്ഭവനിലെത്തി കഴിഞ്ഞദിവസം ഗവര്‍ണറെ കണ്ടിരുന്നെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ച പേരുകളില്‍ ഗവര്‍ണര്‍ വ്യക്തമായ എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത സുപ്രീം കോടതിയെ അറിയിച്ചു.

എന്നാല്‍, സുധാന്‍ശു ധൂലിയ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം തനിക്ക് ലഭിച്ചില്ലെന്നാണ് ഗവര്‍ണര്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് സഹകരിക്കുന്നില്ലെന്നാണ് ഗവര്‍ണറുടെ പരാതി.

തുടര്‍ന്ന് ഈ വിഷയത്തില്‍ ചെയ്യാനാകുന്നതെല്ലാം ചെയ്തുവെന്ന് സുപ്രീം കോടതി നിലപാടെടുക്കുകയായിരുന്നു.

സുപ്രീം കോടതിയുടെ ഉത്തരവ് അംഗീകരിക്കുന്നുവെന്നും കോടതിയുടെ നിര്‍ദേശം പാലിക്കുമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു പ്രതികരിച്ചു.

Content Highlight: KTU V.C Appointment: SC Slams Kerala Governor