ഫാസിസത്തിന്റെ ഗണഗീതങ്ങള്‍
DISCOURSE
ഫാസിസത്തിന്റെ ഗണഗീതങ്ങള്‍
കെ.ടി. കുഞ്ഞിക്കണ്ണന്‍
Wednesday, 12th November 2025, 5:14 pm
ഹിറ്റ്ലര്‍ ജര്‍മനിയില്‍ ആര്യശ്രേഷ്ഠസിദ്ധാന്തത്തിനാവശ്യമായ മനോഘടന സൃഷ്ടിക്കാനാണ് സംഗീതത്തെ ഉപയോഗിച്ചത്. ഇന്ത്യയില്‍ വര്‍ണാശ്രമധര്‍മങ്ങളെ സാധൂകരിക്കുകയും മതാത്മകദേശീയതയെ പൊലിപ്പിക്കുകയുമാണ് ഗണഗീതങ്ങളിലൂടെ ആര്‍.എസ്.എസ് ചെയ്തുകൊണ്ടിരിക്കുന്നത് | കെ.ടി കുഞ്ഞിക്കണ്ണന്‍ ഡൂള്‍ന്യൂസിലെഴുതുന്നു

ആര്‍.എസ്.എസിന്റെ അത്യന്തം മതാത്മകമായ ദേശീതയെ ആവിഷ്‌കരിക്കുന്ന പാട്ടുകളെയാണ് ഗണഗീതമെന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്നത്. ആര്‍.എസ്.എസിന്റെ ഔദ്യോഗിക ജിഹ്വകള്‍ തന്നെ ഹൈന്ദവ നവോത്ഥാനത്തിന്റെ ഗാനരൂപേണയുള്ള ആവിഷ്‌കാരമായിട്ടാണ് ഗണഗീതങ്ങളെ പരിചയപ്പെടുത്തുന്നതുതന്നെ.

തങ്ങളുടെ പ്രത്യയശാസ്ത്രത്തില്‍ നിന്നുള്ള ഭാരതമാതാവിനെക്കുറിച്ചുള്ള പൂജനീയ ഗാനങ്ങളായിട്ടാണ് ഗണഗീതങ്ങളെ അവര്‍ കൊണ്ടാടുന്നത്. ഭാരതമാതാവിനോടും സംസ്‌കാരത്തോടുമുള്ള അനിര്‍വചനീയമായ പ്രേമം തുളുമ്പിനില്‍ക്കുന്ന ഹൃദയങ്ങളില്‍ നിന്ന് നിസര്‍ഗമായി ഉദ്ഗമിച്ച ഗാനസരിത്തുകളാണത്രെ ഈ ഗണഗീതങ്ങള്‍!

വന്ദേഭാരത്തില്‍ ആർ.ആർ.എസ് ഗാനം ആലപിക്കുന്ന എളമക്കര സരസ്വതി വിദ്യാനികേതനിലെ കുട്ടികള്‍

ഹിന്ദുരാഷ്ട്രമെന്ന ഭാവി നിര്‍മിച്ചെടുക്കാനുള്ള പ്രചോദന സംഗീതമായിട്ടാണവര്‍ ഗണഗീതങ്ങളെ കാണുന്നത്. അത് ഹിന്ദുരാഷ്ട്ര നിര്‍മിതിക്കുള്ള കര്‍തവ്യബോധത്തെ ഉണര്‍ത്തുന്ന കാഹളഗാനങ്ങളായിട്ടാണ് ശാഖകളില്‍ സംഘപരിപാടികളിലും അവര്‍ നിരന്തരം പാടിപ്പിച്ചുകൊണ്ടിരിക്കുന്നത്.

അതിലേറ്റവും പ്രധാനമാണ് ആര്‍.എസ്.എസിന്റെ പ്രാര്‍ത്ഥനാഗീതമായിട്ടുള്ള ‘നമസ്തേ സദാവത്സലേ’ എന്ന് തുടങ്ങുന്ന ഗണഗീതം. അതിലെ വരികള്‍ തന്നെ ഹിന്ദുഭൂവേ സ്തുതിക്കുന്നതും മഹാമംഗലയായ പുണ്യഭൂമിയ്ക്കായ് സ്വശരീരം അര്‍പ്പിക്കുന്നതുമായ മതാത്മകമായ ദേശഭക്തിയുടെ ആവിഷ്‌കരണമാണ്.

സര്‍വശക്തനായ പരമേശ്വരനോട് ഹിന്ദുരാഷ്ട്രത്തിന്റെ അവയവങ്ങളായ പ്രജകളായ ഞങ്ങള്‍ ആദരപൂര്‍വം പ്രണമിക്കുന്നതായും ഹിന്ദുരാഷ്ട്രം പൂര്‍ത്തീകരിക്കുന്നതിനായി ഞങ്ങളെ അരയും തലയും മുറുക്കി പ്രവര്‍ത്തിക്കാനായി ആശിര്‍വദിക്കണമെന്ന് അപേക്ഷിക്കുന്നതുമാണ്.

ആര്‍.എസ്.എസ്

ഇമ്മട്ടിലുള്ള ആര്‍.എസ്.എസിന്റെ ഗണഗീതങ്ങള്‍ നാസികളുടെ സംഗീതത്തെ ഉപയോഗിച്ചുകൊണ്ടുള്ള പ്രൊപ്പഗണ്ടയെയാണ് ഓര്‍മ്മിപ്പിക്കുന്നത്. സിനിമയെ എന്ന പോലെ സംഗീതത്തെയും അതിസമര്‍ത്ഥമായി ഉപയോഗിച്ചുകൊണ്ടാണ് നാസികള്‍ അധികാരം പിടിക്കുന്നത്.

നാസികളുടെ പ്രത്യയശാസ്ത്രം ജീവിതം ഒരു സമരം മാത്രമാണെന്നും അതില്‍ ബലം കുറഞ്ഞത് നശിക്കുകയും ബലമുള്ളത് അതിജീവിക്കുകയും ചെയ്യുന്നുവെന്നുമാണ്. യുദ്ധം വളര്‍ച്ചയുടെ ലക്ഷണമാണെന്നും സമാധാനം അധഃപതനത്തിന്റേതുമാണെന്നാണ് നാസികള്‍ വിശ്വസിച്ചുപോന്നത്.

ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ യുദ്ധം ചെയ്യണമെന്നും അതാഗ്രഹിക്കാത്തവര്‍ ജീവിക്കുവാന്‍ അര്‍ഹതയില്ലാത്തവരുമാണെന്നാണ് നാസി ദാര്‍ശനികര്‍ കല്‍പിച്ചത്. ബലമുള്ളവര്‍ തങ്ങളുടെ മഹത്വത്തിന് ഉടവുതട്ടാന്‍ അനുവദിക്കരുത് എന്ന അനിവാര്യതയുടെ നിയമമാണ് പ്രപഞ്ചത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് നാസികള്‍ കണ്ടത്.

ഹിറ്റ്ലർ

അവര്‍ അവരുടെ പ്രത്യയശാസ്ത്രവത്കരണത്തിനായി സംഗീതത്തെ ഉപയോഗിച്ച് ആര്യമഹിമയെയും ശ്രേഷ്ഠതയെയും സ്ഥാപിച്ചെടുക്കുകയായിരുന്നു. മാനവരാശി നേടിയ എല്ലാ നേട്ടങ്ങളും ആര്യന്മാര്‍ ഉണ്ടാക്കിയതാണെന്നും അതിനവര്‍ക്ക് സാധിച്ചത് മറ്റ് വിഭാഗങ്ങളെ അടിമകളാക്കിയും നശിപ്പിച്ചുമാണെന്നാണ് നാസി പ്രത്യയശാസ്ത്രം ഉദ്ഘോഷിച്ചത്.

ആധുനിക ലോകത്തിലെ ശുദ്ധ ആര്യന്മാര്‍ ജര്‍മനകാരാണെന്ന പ്രചരണമാണ് നാസികള്‍ നടത്തിയത്. അതിനായി ജര്‍മന്‍ ജനതയുടെ രക്തശുദ്ധി സംരക്ഷിക്കണമെന്നും അതിനായി ജൂതരെ അകറ്റിനിര്‍ത്തുകയോ ഇല്ലാതാക്കുകയോ ചെയ്യണമെന്നുള്ളതായിരുന്നു നാസികളുടെ പ്രത്യയശാസ്ത്രം.

ഈ ആശയങ്ങളാണ് സംഗീതത്തെക്കൂടി ഉപയോഗിച്ചുകൊണ്ടുള്ള പ്രൊപ്പഗണ്ടപ്രവര്‍ത്തനങ്ങളിലൂടെ നാസികള്‍ സ്ഥാപിച്ചെടുത്തത്.

ഈയൊരു ചരിത്ര പശ്ചാത്തലത്തില്‍ കൂടിയാണ് ആര്‍.എസ്.എസിന്റെ ഗണഗീതങ്ങള്‍ അത്ര നിഷ്‌കളങ്കമോ കേവലമായ ദേശഭക്തിഗാനങ്ങളോ അല്ലെന്ന് കാണേണ്ടത്. എറിക് ലെവിന്റെ ‘മ്യൂസിക് ഇന്‍ ദി തേര്‍ഡ് റീഹ്’എന്ന കൃതി ഫാസിസ്റ്റുകള്‍ എങ്ങനെയാണ് സംഗീതത്തെക്കൂടി ഉപയോഗിച്ച് അധികാരം പിടിച്ചത് എന്നാണ് വിശദീകരിക്കുന്നത്.

ഫാസിസ്റ്റുകള്‍ സംഗീതത്തെ ഉപയോഗിക്കുന്നത് സര്‍ഗാത്മകതയെ പോഷിപ്പിക്കാനല്ല അവരുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുവേണ്ടിയാണെന്നതാണ് ഈ കൃതി വിശദീകരിക്കുന്നത്. അധികാരത്തിലെത്താന്‍ ചരിത്രത്തിലെ എല്ലാ ഫാസിസ്റ്റ് പ്രസ്ഥാനങ്ങളും സംഗീതത്തെക്കൂടി ഉപയോഗിച്ചിട്ടുണ്ടെന്നതാണ് ഈ കൃതി പറയുന്നത്.

ഇറ്റലിയില്‍ ഫാസിസ്റ്റുകള്‍ ‘ജിയോവിനസെ’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഗാനത്തെക്കൂടി ഉപയോഗിച്ചുകൊണ്ടായിരുന്നു യുവമനസ്സുകളില്‍ സങ്കുചിത ദേശബോധം കടത്തിവിട്ടത്. അതുവഴി ഫാസിസത്തിന്റെ ആശയങ്ങള്‍ മുളപ്പിച്ചെടുക്കുകയായിരുന്നു.

ബെനിറ്റോ മുസോളിനി

ഇതിന് സമാനമായ രീതിയില്‍തന്നെയാണ് ഇന്ത്യയില്‍ ആര്‍.എസ്.എസിന്റെ ഗണഗീതങ്ങള്‍ ഫാസിസ്റ്റ് രാഷ്ട്രീയത്തെ കുട്ടികളിലും യുവാക്കളിലും കടത്തിവിട്ടുകൊണ്ടിരിക്കുന്നത്. മലയാളത്തില്‍ ലഭ്യമായ എല്ലാ ഗണഗീതങ്ങളും ഹിന്ദുദേശീയതയെയും ഹിന്ദുരാഷ്ട്രസങ്കല്‍പത്തെയും പുതുതലമുറയുടെ മനസ്സുകളില്‍ കടത്തിവിടുകയെന്ന ലക്ഷ്യത്തോടെ തയ്യാറാക്കപ്പെട്ടതാണ്.

വളരെ പ്രതിലോമകരമായ ആശയങ്ങളെ സ്വീകരിക്കുന്നതിലേക്ക് മനുഷ്യമനസ്സിനെ സംഗീതത്തെ ഉപയോഗിച്ച് പരുവപ്പെടുത്തിയെടുക്കാനാണ് ജര്‍മന്‍ ഫാസിസ്റ്റുകളെപോലെ ഹിന്ദുത്വവാദികളും ശ്രമിക്കുന്നത്.

ഹിറ്റ്ലര്‍ ജര്‍മനിയില്‍ ആര്യശ്രേഷ്ഠസിദ്ധാന്തത്തിനാവശ്യമായ മനോഘടന സൃഷ്ടിക്കാനാണ് സംഗീതത്തെ ഉപയോഗിച്ചത്. ഇന്ത്യയില്‍ വര്‍ണാശ്രമധര്‍മങ്ങളെ സാധൂകരിക്കുകയും മതാത്മകദേശീയതയെ പൊലിപ്പിക്കുകയുമാണ് ഗണഗീതങ്ങളിലൂടെ ആര്‍.എസ്.എസ് ചെയ്തുകൊണ്ടിരിക്കുന്നത്.

വളരെ ഭക്തിപാരവശ്യമുണര്‍ത്തുന്നതും വൈകാരികത സൃഷ്ടിക്കുന്നതുമായ പദങ്ങളെയും ഭാഷാരൂപകങ്ങളെയും ഉപയോഗിച്ചാണ് ഹിന്ദുത്വദേശീയതയുടേതായ പ്രത്യയശാസ്ത്രവത്കരണം ഗണഗീതങ്ങളെ ഉപയോഗിച്ച് ആര്‍.എസ്.എസ് നിര്‍മിച്ചെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

രാഷ്ട്രത്തെയും ദൈവത്തെയും മാതാവിനെയും പോലുള്ള വൈകാരിക പദങ്ങള്‍ നിറച്ച വരികളിലൂടെയാണ് ഗണഗീതം രചിക്കപ്പെടുന്നത്. അതെല്ലാം സനാതന ധര്‍മത്തിലധിഷ്ഠിതമായ ആര്യവംശമഹിമയിലും വിരാട്പുരുഷ സങ്കല്‍പത്തിലും അധിഷ്ഠിതമായ രാഷ്ട്രനിര്‍മിതിയെ സംബന്ധിച്ച ആശയങ്ങളാണ് മുളപ്പിച്ചെടുക്കുന്നത്.

ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന പിന്നോക്കക്കാരെയും ദളിതരെയും ന്യൂനപക്ഷങ്ങളെയും തള്ളിക്കളയുന്ന രാഷ്ട്രസങ്കല്‍പമാണ് ഗണഗീതങ്ങളിലൂടെ ആര്‍.എസ്.എസ് വളരെ കൗശലപൂര്‍വം ജനമനസ്സുകളില്‍ കുത്തിയിറക്കുന്നത്.

ഗണഗീതങ്ങളെ ന്യായീകരിക്കുന്ന കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും നമ്മുടെ ഭരണഘടനയും മതനിരപേക്ഷ സംസ്‌കാരത്തെയുമാണ് നിഷേധിക്കുന്നത്. ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് ആശയത്തെ ദേശസ്നേഹത്തിന്റെ വൈകാരിക പദങ്ങളണിയിച്ച് അവതരിപ്പിക്കുന്ന ആര്‍.എസ്.എസ് അജണ്ടയാണവര്‍ അടിച്ചേല്‍പ്പിക്കുന്നത്.

ഇപ്പോള്‍ കേരളത്തില്‍ എറണാകുളം കെ.എസ്.ആര്‍ ബെംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയില്‍ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേശഭക്തിഗാനമെന്ന വ്യാജേന ആലപിച്ച ആര്‍.എസ്.എസിന്റെ ഗണഗീതം വിവാദപരമായി ചര്‍ച്ചചെയ്യപ്പെടുകയും മതനിരപേക്ഷ ജനാധിപത്യശക്തികളുടെ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരിക്കുകയാണ്.

ഹൈന്ദവ ദൈവാരാധനയുടെയും അനുഷ്ഠാനക്രിയകളുടെയും ഭക്തിമസൃണമായ ഭാഷയിലും രൂപകങ്ങളിലും രചിക്കപ്പെട്ടതാണ് ഈ ഗണഗീതം. ‘പരമപവിത്രമതാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍’ എന്ന വരികളില്‍ തുടങ്ങുന്ന ഗണഗീതം ആര്‍.എസ്.എസ് പ്രത്യയശാസ്ത്രത്തില്‍ നിന്നുള്ള ദേശത്തെയും ദേശീയതയെയും സംബന്ധിച്ച മതാത്മകവീക്ഷണമാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

ഇത് സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയില്‍ നിന്നുള്ള സംഗീതത്തെ വരെ ഉപയോഗിച്ചുള്ള വര്‍ഗീയവത്കരണമാണ് എന്ന വിമര്‍ശനമാണ് പ്രധാനമായും ഉയര്‍ന്നുവന്നിരിക്കുന്നത്.

ഇന്ത്യന്‍ റെയില്‍വെയുടെ ഒരു ഔദ്യോഗിക പരിപാടിയില്‍ ദേശഭക്തിഗാനമെന്ന വ്യാജേന ആര്‍.എസ്.എസിന്റെ ഗണഗീതം ഒളിച്ചുകടത്തുകയാണ് ദക്ഷിണ റെയില്‍വെ അധികൃതര്‍ ചെയ്തത്.

ആര്‍.എസ്.എസിന്റെ ആശയങ്ങളെയും വീക്ഷണങ്ങളെയും അതിന്റെ രീതികളെയും ഔപചാരികവും സര്‍ക്കാര്‍ ചടങ്ങുകളില്‍ അനിവാര്യവുമാക്കാനുള്ള കൗശലപൂര്‍വമായ നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ പ്രത്യക്ഷമായ ഉദാഹരണമായിരുന്നു നേരത്തെ രാജ്ഭവനില്‍ ഔദ്യോഗിക ചടങ്ങുകളില്‍ ഭാരതാംബയുടെ ചിത്രം വെച്ചത്.

ഗണഗീതങ്ങളെ ദേശീയഗാനങ്ങളാക്കുന്ന ആര്‍.എസ്.എസുകാര്‍ ഇന്ത്യയുടെ ഔദ്യോഗിക ദേശീയഗാനമായ ജനഗണമനയെ നിരന്തരം തള്ളിപ്പറയുന്നവരാണെന്ന് കൂടി ഈ അവസരത്തില്‍ ഓര്‍ക്കണം. സംഘപരിവാര്‍ പ്രചരിപ്പിക്കും പോലെയോ തെറ്റിധരിപ്പിക്കുന്നതു പോലെയോ അല്ല ജനഗണമനയുടെ ചരിത്രം.

നമ്മുടെ ദേശീയഗാനം ജോര്‍ജ് അഞ്ചാമനെ സ്തുതിച്ചുകൊണ്ട് എഴുതിയതേയല്ല. ബ്രിട്ടീഷ് രാജാവിന്റെ പ്രഭുപദവി നിരസിച്ച ടാഗോര്‍ അങ്ങിനെയൊരു രചനക്ക് മുതിരുമെന്ന് ചിന്തിക്കാനേ പറ്റില്ല. വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സമയത്ത് തന്നെ ടാഗോര്‍ അത് നിഷേധിച്ചതുമാണ്.

രവീന്ദ്രനാഥ ടാഗോർ

1911 ലെ കല്‍ക്കത്താ എ.ഐ.സി.സി സമ്മേളനത്തിലാണ് ‘ഭാഗ്യവിധാതാ’എന്ന് പേരിട്ട ഈ ഗാനം ആദ്യമായി ആലപിക്കപ്പെടുന്നത്. അത് ഇന്ത്യയുടെ പാരമ്പര്യത്തെയും ബഹുസംസ്‌കൃതിയുടേതായ ദേശീയതയെയും ആവിഷ്‌ക്കരിക്കുന്നതുമായിരുന്നു. 1950 ജനുവരി 24 ന് പാര്‍ലിമെന്റില്‍ ആലപിക്കപ്പെട്ടതും ദേശീയ ഗാനമായി അംഗീകരിക്കപ്പെട്ടതുമാണ്.

 

 

Content Highlight: KT Kunjikkannan writes about RSS and Ganageetham

 

കെ.ടി. കുഞ്ഞിക്കണ്ണന്‍
സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍