ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ഓര്‍മ്മയാകുമ്പോള്‍
Opinion
ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ഓര്‍മ്മയാകുമ്പോള്‍
കെ.ടി കുഞ്ഞിക്കണ്ണന്‍
Tuesday, 29th January 2019, 5:00 pm

ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെയും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെയും പ്രക്ഷോഭോന്മുഖമായ ഒരു മുഖമാണ് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയപ്രസ്ഥാനത്തിന്റെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും അനിഷേധ്യനായ നേതാവ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ ഞങ്ങളുടെ തലമുറയെ വലിയ രീതിയില്‍ സ്വാധീനിച്ച ദേശീയ നേതാവ്. മുംബെയിലെ എല്ലാ വിഭാഗം തൊഴിലാളികളുടെയും യൂണിയന്‍ നേതാവ്. തൊഴിലാളി സംഘാടകനും പ്രക്ഷോഭകാരിയും.

സെമിനാരി വിദ്യാഭ്യാസം ഉപേക്ഷിച്ചാണ് ഫെര്‍ണാണ്ടസ് രാഷ്ട്രീയത്തിലേക്ക് വരുന്നത്. മംഗലാപുരത്തായിരുന്നു തുടക്കം. 19-ാം വയസ്സിലാണ് ഫെര്‍ണാണ്ടസ് മംഗലാപുരത്തെ റോഡ് ഗതാഗത വ്യവസായത്തിലെയും റെസ്റ്റോറന്റ് മേഖലയിലെയും തൊഴിലാളികളെ സംഘടിപ്പിച്ചത്. അസംഘടിത മേഖലയിലെ തൊഴിലാളികളെ സംഘടിതരാക്കാനുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് അദ്ദേഹം ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ത്യാഗപൂര്‍ണമായിരുന്നു മംഗലാപുരത്തെ തൊഴിലാളി സംഘടനാ രംഗത്തെ പ്രവര്‍ത്തനങ്ങള്‍. പലപ്പോഴും തെരുവില്‍ കിടന്നുറങ്ങേണ്ടിവന്നു. ഒരു പത്രത്തിലെ പ്രൂഫ് റീഡറായി ജോലി ചെയ്താണ് അത്യാവശ്യ നിലനില്‍പിനുള്ള പണം കണ്ടെത്തിയത്. പലപ്പോഴും തെരുവുകളില്‍ കിടന്നുറങ്ങുന്ന ഫെര്‍ണാണ്ടസിനെ പോലീസ് ഉണര്‍ത്തി ഓടിച്ചിരുന്നു.

രാംമനോഹര്‍ ലോഹ്യ, പ്ലാസിക് ഡിമെല്ലോ (തൊഴിലാളി യൂണിയന്‍ നേതാവ്) തുടങ്ങിയ നേതാക്കളുമായുള്ള ബന്ധത്തിലൂടെയാണ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നത്. 1950-കളില്‍ മുംബൈയിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ സര്‍വ്വസമ്മതനായ നേതാവായി. ടാക്‌സി തൊഴിലാളി മുതല്‍ ടെക്‌റ്റൈല്‍മില്‍ തൊഴിലാളി വരെ, വിമാനത്താവള തൊഴിലാളി മുതല്‍ തുറമുഖ തൊഴിലാളിവരെ ഫെര്‍ണാണ്ടസ് നേതൃത്വം കൊടുത്ത യൂണിയനുകളുടെ ഭാഗമായിരുന്നു. മുംബൈ നഗരം ചലിക്കണമോ വേണ്ടയോ എന്ന് തീരുമാനിച്ചിരുന്നത് ഫെര്‍ണാണ്ടസ് ആയിരുന്നുവെന്ന് അക്കാലത്ത് മാധ്യമങ്ങളെഴുതിയിരുന്നു.

 

തൊഴില്‍ സമരങ്ങളും മാനേജുമെന്റുകളുമായുള്ള ഏറ്റുമുട്ടലുകളും അറസ്റ്റും ജയില്‍വാസവുമൊക്കെ അദ്ദേഹത്തിന്റെ മുംബെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനകാലത്ത് നിത്യസംഭവമായിരുന്നു. 1961-68 വരെ അദ്ദേഹം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അംഗമായിരുന്നു. കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവ് എസ്.കെ.പാട്ടീലിനെ 1965-ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെടുത്തി. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹം. മുംബൈ നഗരത്തെ പിടിച്ചുകുലുക്കിയ പണിമുടക്കുകളുടെയും നിരവധി പ്രക്ഷോഭങ്ങളുടെയും ആസൂത്രകനായിരുന്നു.

സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ദേശീയനേതാവായ അദ്ദേഹം അഖിലേന്ത്യാ തലത്തില്‍ റെയില്‍വെ തൊഴിലാളികളെ സമരോത്സുകരാക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. ഓള്‍ ഇന്ത്യാ റെയില്‍വെ ഫെഡറേഷന്റെ പ്രസിഡന്റായിരിക്കെ നടന്ന റെയില്‍വെ പണിമുടക്ക് ചരിത്രസംഭവമാണ്. 1974-ലാണ് റെയില്‍വെ പണിമുടക്ക്. രാജ്യം മുഴുവന്‍ വ്യാപിച്ച പണിമുടക്കായിരുന്നു അത്. ഇന്ദിര സര്‍ക്കാര്‍ അതിഭീകരമായാണ് റെയില്‍വെ സമരത്തെ നേരിട്ടത്. ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനപിന്തുണയോടെ മുന്നേറിയ സമരത്തെ അറസ്റ്റും മര്‍ദ്ദനവും അഴിച്ചുവിട്ട് തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. 30,000 പേരെയാണ് ജയിലിലടച്ചത്. 1970-കളിലെ പ്രക്ഷുബ്ധമായ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാന സംഭവമായിരുന്നു റെയില്‍വെ പണിമുടക്ക്. റെയില്‍വെ സമരം പിന്‍വലിച്ചിട്ടും ചാര്‍ജ്ജ് ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

 

ദേശീയതലത്തില്‍ ഫെര്‍ണാണ്ടസ് ഇതിനെതിരെ പ്രചാരണം അഴിച്ചുവിട്ടു. ആ ഘട്ടത്തില്‍ അദ്ദേഹം കേരളത്തിലും വന്നു. അക്കാലത്തെ കേരള പര്യടനത്തില്‍ കോഴിക്കോട് ജില്ലയിലെ സ്വീകരണ പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ ഓര്‍മ്മകള്‍ ഇപ്പോഴുമുണ്ട്. ഫെര്‍ണാണ്ടസിന്റെ തീപ്പൊരി പ്രസംഗങ്ങള്‍. അരങ്ങില്‍ ശ്രീധരേട്ടന്റെ ശക്തമായ പരിഭാഷ. ഒരു കൗമാരക്കാരന്റെ ഓര്‍മ്മ.

അടിയന്തിരാവസ്ഥയെ തുടര്‍ന്ന് പ്രതിപക്ഷനേതാക്കളെല്ലാം അറസ്റ്റുചെയ്യപ്പെട്ടു. ഫെര്‍ണാണ്ടസ് ഒളിവിലേക്ക് പോയി. അക്കാലത്ത് ബറോഡയില്‍ അദ്ദേഹം നടത്തിയ അടിയന്തിരാവസ്ഥാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇന്ദിരാ സര്‍ക്കാരിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. ബറോഡ ഡയനാമിറ്റ് കേസ് വിവാദമായിരുന്നു. ഫെര്‍ണാണ്ടസിനെതിരായി പ്രധാനമന്ത്രിയെ അപകടപ്പെടുത്താനും സര്‍ക്കാരിനെ അട്ടിമറിക്കാനുമുള്ള ഗൂഢാലോചന ചാര്‍ജ്ജ് ചെയ്തു. അതാണ് ബറോഡ ഡയനാമിറ്റ് കേസ്. 1976 ജൂണില്‍ കല്‍ക്കത്തയില്‍വെച്ച് ഫെര്‍ണാണ്ടസ് അറസ്റ്റുചെയ്യപ്പെട്ടു. തീഹാര്‍ ജയിലിലടച്ചു. അന്താരാഷ്ട്ര സമൂഹത്തിന്റെയും ആംനസ്റ്റി ഇന്റര്‍നാഷണലിന്റെയും ശക്തമായ ഇടപെടലിന്റെ ഫലമായിട്ടാണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായത്.

അടിയന്തിരാവസ്ഥയെ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ മുസാഫര്‍പൂരില്‍ നിന്നും ജയിലില്‍ കിടന്ന് മത്സരിച്ചു. മഹാഭൂരിപക്ഷത്തോടെ വിജയിച്ചു. ജനതാസര്‍ക്കാരിലെ മന്ത്രിയായി. കുപ്രസിദ്ധ അമേരിക്കന്‍ ബഹുരാഷ്ട്രകുത്തകയായ കൊക്കകോളയെ കെട്ടുകെട്ടിച്ചു. ഫെര്‍ണാണ്ടസിന്റെ ജീവിതത്തിലെ സോഷ്യലിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഉജ്ജ്വല ചരിത്രമാണ്.

 

എന്നാല്‍ പില്‍ക്കാലത്ത് ഇതിനെയെല്ലാം നിഷേധിക്കുന്ന തരത്തില്‍ അദ്ദേഹം സംഘപരിവാറിന്റെ പാളയത്തില്‍പ്പെട്ടു. ശവപ്പെട്ടി കുംഭകോണമുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായി. വാജ്‌പേയി സര്‍ക്കാരിലെ പ്രതിരോധമന്ത്രി ആയിരിക്കെയാണ് അന്തമാന്‍ കടലിലൂടെ ചിറ്റഗോംഗിലേക്ക് ആയുധ കള്ളക്കടത്ത് നടത്തുന്ന കപ്പലുകളെ കുറിച്ച് വിവരം കിട്ടിയാലും നടപടിയെടുക്കാന്‍ പാടില്ലെന്ന് അന്നത്തെ പ്രതിരോധ സെക്രട്ടറി അജിത്കുമാറിനെക്കൊണ്ട് സേനാവിഭാഗങ്ങള്‍ക്ക് കത്തയപ്പിച്ചത്.

സി.ഐ.എയുടെയും മൊസാദിന്റെയും ഏഷ്യന്‍ മേഖലയിലെ അസ്ഥിരീകരണ താല്‍പര്യങ്ങളുമായി ബന്ധപ്പെട്ട ഭീകരവാദ സംഘങ്ങള്‍ക്ക് ആയുധമെത്തിച്ചുകൊടുക്കുന്ന കപ്പലുകളെയാണ് സംഘപരിവാറിന്റെ ഇംഗിതമനുസരിച്ച് തടയരുതെന്ന് നിര്‍ദ്ദേശം നല്‍കേണ്ടിവന്നത്. ഇതെല്ലാം ഫെര്‍ണാണ്ടസിന്റെ പില്‍ക്കാല ജീവിതത്തിലെ വിപര്യയങ്ങളാണ്. സാമൂഹ്യ നീതിക്കും തൊഴിലാളിവര്‍ഗ അവകാശങ്ങള്‍ക്കുംവേണ്ടി നിലകൊണ്ട ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പൊതുവായ അപചയത്തിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഫെര്‍ണാണ്ടസിന്റെ പതനത്തെയും നമുക്ക് വിശകലനം ചെയ്യാന്‍ കഴിയൂ.

കെ.ടി കുഞ്ഞിക്കണ്ണന്‍
സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍