കണ്ണുകെട്ടി കുരുവിയെ പിടിക്കാമോ? മാവോയിസ്റ്റുകളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകളെപ്പറ്റി ഒരു വിശകലനം
Opinion
കണ്ണുകെട്ടി കുരുവിയെ പിടിക്കാമോ? മാവോയിസ്റ്റുകളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകളെപ്പറ്റി ഒരു വിശകലനം
കെ.ടി കുഞ്ഞിക്കണ്ണന്‍
Wednesday, 27th November 2019, 1:50 pm
ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുകയെന്ന വലതുപക്ഷ അജണ്ടയുടെ പ്രചാരകന്മാരാണ് മാവോയിസ്റ്റുകളെ ഇവിടെ ആദര്‍ശവല്‍ക്കരിച്ചുകൊണ്ടിരിക്കുന്നത്. അങ്ങേയറ്റം അപകടകരമായ പ്രതിലോമ കൂട്ടുകെട്ടിലേക്കും മനുഷ്യത്വരഹിതമായ ഇടതുപക്ഷ വേട്ടയിലേക്കും മാവോയിസ്റ്റുകളെ എത്തിച്ചത് അവരുടെ തെറ്റും വിഭാഗീയവും അതിസാഹസികതാപരമായ രാഷ്ട്രീയ വീക്ഷണങ്ങളുമാണ്.

മാര്‍ക്‌സിസത്തിന്റെ വീക്ഷണ വ്യക്തതയും വസ്തുനിഷ്ഠ സാഹചര്യങ്ങളും മനസ്സിലാക്കാനുള്ള രാഷ്ട്രീയ പക്വതയും കൈവന്നിട്ടില്ലാത്ത ഇടതുപക്ഷ യുവമനസ്സുകളിലാണ് മാവോയിസ്റ്റുകള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. മാവോയിസ്റ്റുകളും അവരെ പിന്തുണക്കുന്ന ഉത്തരാധുനിക ബുദ്ധിജീവികളും തങ്ങളാണ് യഥാര്‍ത്ഥ വിപ്ലവകാരികളെന്നും ഇന്ത്യന്‍ വിപ്ലവത്തിന്റെ പാത സായുധ സമരത്തിന്റേതാണെന്നും തങ്ങള്‍
സായുധ സമരപാതയിലൂടെ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നുമുള്ള മിഥ്യാധാരണകള്‍ സൃഷ്ടിക്കുകയാണ്.

ഇന്ത്യയുടെ 25 ശതമാനത്തോളം വരുന്ന ഭൂവിസ്തൃതി മാവോയിസ്റ്റുകള്‍ സ്വാധിനമുറപ്പിച്ചുകഴിഞ്ഞുവെന്നും 289 ഓളം ജില്ലകളില്‍ അവരുടെ സ്വാധീനമേഖലകളായുണ്ട് എന്നൊക്കെയുള്ള രഹസ്യാനേ്വഷണ ഏജന്‍സികളുടെ വിശദീകരണവും മാവോയിസ്റ്റ് രാഷ്ട്രീയത്തെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ പടര്‍ത്തുന്നുണ്ട്.

യഥാര്‍ത്ഥത്തില്‍ എന്താണ് മാവോയിസമെന്നും അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകള്‍ എന്തെന്നും മാധ്യമങ്ങളോ വൈകാരിക വിക്ഷോഭങ്ങള്‍ സൃഷ്ടിക്കുന്ന ഉത്തരാധുനിക പണ്ഡിതരോ വിശകലനം ചെയ്യാന്‍ മുതിരാറില്ല. സംഘടിത ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ജനാധിപത്യ രാഷ്ട്രീയ മുന്നേറ്റങ്ങളെയും ദുര്‍ബലപ്പെടുത്താനും അസ്ഥിരീകരിക്കാനുമുള്ള ഒരായുധം മാത്രമാണ് അവര്‍ക്ക് മാവോയിസ്റ്റ് രാഷ്ട്രീയം.

ഇടതും വലതുമെല്ലാം കണക്കാണെന്നും ഗുണപരമായി അതൊന്നും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും സമര്‍ത്ഥിച്ചെടുക്കുന്ന വലതുപക്ഷ രാഷ്ട്രീയ അജണ്ടയെ തിളപ്പിച്ചെടുക്കാനാണ് ഇത്തരക്കാര്‍ മാവോയിസ്റ്റുകളെ ആദര്‍ശവല്‍ക്കരിക്കുന്നത്. വിപ്ലവപൂര്‍വ ചൈനയുടെ ജനകീയയുദ്ധപാതയാണ് ഇന്ത്യന്‍ വിപ്ലവപാതയെന്ന് തെറ്റിദ്ധരിച്ചവരാണ് മാവോയിസ്റ്റുകള്‍.

ഇന്ത്യന്‍ സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെയും 1947-നുശേഷം ഇന്ത്യന്‍ രാഷ്ട്രീയ ക്രമത്തില്‍ വന്ന മാറ്റങ്ങളെയും മനസ്സിലാക്കാനാവാതെ ജനകീയ യുദ്ധപാതയെ അന്ധമായി അനുകരിക്കുകയാണവര്‍. വിപ്ലവപ്രവര്‍ത്തനമെന്നത് അലഞ്ഞുതിരിയുന്ന ഗറില്ലാസംഘങ്ങളും ഒറ്റപ്പെട്ട ഭീകരപ്രവര്‍ത്തനവുമാണെന്ന് തെറ്റിദ്ധരിച്ച മാവോയിസ്റ്റുകള്‍ മാവോയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ കണ്ണുകെട്ടി കുരുവിയെ പിടിക്കാന്‍ മെനക്കെടുന്നവരാണ്.

കോഴിക്കോട് മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റിലായ അലന്‍ ശുഹൈബും താഹ ഫസലും

ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ജനാധിപത്യ ബഹുജന പ്രസ്ഥാനങ്ങളെയും അസ്ഥിരീകരിക്കുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന മാവോയിസ്റ്റുകളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകളെയാണ് ഇവിടെ പരിശോധിക്കുന്നത്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പൊതുചരിത്രത്തില്‍നിന്നും മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് നിലപാടുകളില്‍നിന്നും കുതറിമാറുന്ന അതിഭൗതികവാദപരവും ആശയവാദപരവുമായ നിലപാടുകളാണ് മാവോയിസ്റ്റുകള്‍ പുലര്‍ത്തുന്നത്.

മാര്‍ക്‌സിസത്തിന് അന്യമായ മധ്യവര്‍ഗ സഹതാപങ്ങളില്‍ നിന്ന് ഉടലെടുക്കുന്ന കോര്‍പ്പറേറ്റ് ചൂഷണത്തോടും സാമൂഹ്യ അടിച്ചമര്‍ത്തലുകളോടുമുള്ള അതിസാഹസികപരമായ പ്രതികരണങ്ങളും ഒറ്റപ്പെട്ട ഭീകരപ്രവര്‍ത്തനങ്ങളുമാണ് മാവോയിസ്റ്റുകളുടെ രാഷ്ട്രീയം. കോര്‍പ്പറേറ്റ് ചൂഷണത്തിനും ജന്മിമാരുടെയും കോണ്‍ട്രാക്ടര്‍മാരുടെയും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ പോരാടുകയാണെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് അരാജകവും ഭീകരവാദപരവുമായ പ്രവര്‍ത്തനങ്ങളിലൂടെ സംഘടിത ഇടതുപക്ഷപ്രസ്ഥാനത്തെ അസ്ഥിരീകരിക്കുകയാണവര്‍.

രാജ്യത്തിനകത്തും പുറത്തുമുള്ള ഖനന കുത്തകകളും കോര്‍പ്പറേറ്റ് കമ്പനികളുമാണ് അവര്‍ക്ക് പണം നല്‍കുന്നതും അവരുടെ സായുധ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കിക്കൊടുക്കുന്നതും.

മാവോയിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ഗണപതി, ബി.ബി.സിക്കും ഹിന്ദുപത്രത്തിനും നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇന്ത്യയിലെ ജനകീയ യുദ്ധത്തിന്റെ സാര്‍വ ദേശീയ സഖ്യശക്തിയായി കാണുന്നത് മുസ്‌ലിം തീവ്രവാദികളെയാണ് എന്നാണ്. അതായത് ഇന്ത്യന്‍ വിപ്ലവത്തിന്റെ വിജയപ്രതീക്ഷ മുസ്‌ലിം തീവ്രവാദ സംഘടനകള്‍ വിഭാവനം ചെയ്യുന്ന ആഗോള ജിഹാദിസത്തിലൂടെയാണെന്നാണ് അവര്‍ കാണുന്നത്.

മധ്യപൂര്‍വദേശത്തും പശ്ചിമേഷ്യന്‍ മണ്ണിലും സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യ ദേശീയ ശക്തികളെ തകര്‍ക്കുവാനായി സി.ഐ.എയും സാമ്രാജ്യത്വവും പടച്ചുവിട്ട രാഷ്ട്രീയ ജിഹാദിസ്റ്റുകളുമായി വിമോചന ലക്ഷ്യം പങ്കുവെക്കുന്നവരാണ് മാവോയിസ്റ്റുകള്‍.

ഗണപതി

ആരാണീ ജിഹാദിസ്റ്റുകള്‍? മുജാഹിദ്ദീന്‍ മിലിട്ടറിയും അല്‍ഖ്വയ്ദയും അതിന്റെ രൂപാന്തരങ്ങളായി വന്ന ഐ.എസും ജെയ്‌ഷെ മുഹമ്മദും ലഷ്‌കര്‍ ഇ ത്വയ്ബയും മാവോയുടെ പേരില്‍ മധ്യപൂര്‍വദേശത്തെ ഭീകരവാദികളുമായി കൈകോര്‍ക്കുകയാണ്. കേരളത്തില്‍ ചില വര്‍ഗീയ തീവ്രവാദ സംഘടനകളുടെ മുന്‍കൈയില്‍ രൂപംകൊണ്ടിട്ടുള്ള മനുഷ്യാവകാശഫോറങ്ങളുടെ മുഖംമൂടിയണിഞ്ഞാണ് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

ലെനിന്‍ നിരീക്ഷിച്ചിട്ടുള്ളതുപോലെ അതിവിപ്ലവകാരികളുടെ ദുരന്തപൂര്‍ണമായ അപചയമാണിത്. മാവോയിസമെന്ന വ്യതിയാനത്തെ 1970-കളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്തുണ്ടായ ഇടതുപക്ഷ തീവ്രവാദ വ്യതിയാനത്തിന്റെ തുടര്‍ച്ചയായിട്ടുപോലും വിലയിരുത്താനാവില്ല. അത്രയും പ്രതിലോമപരവും ഇടതുപക്ഷ വിരുദ്ധവുമായ അജണ്ടയാണവര്‍ക്കുള്ളത്.


ഇന്ത്യയില്‍ ഗ്രൂപ്പുകളും പാര്‍ട്ടികളുമായി 200-ഓളം കമ്യൂണിസ്റ്റ് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സി.പി.ഐ(എം), സി.പി.ഐ, സി.പി.ഐ(എം.എല്‍) തുടങ്ങി മാര്‍ക്‌സിസം-ലെനിനിസം അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.പി, ഫോര്‍വേര്‍ഡ് ബ്ലോക്ക്, എസ്.യു.സി.ഐ വരെയുള്ള നിരവധി സംഘടനകള്‍. കോണ്‍ഗ്രസും ബി.ജെ.പിയും പ്രതിനിധീകരിക്കുന്ന ഇന്ത്യയിലെ ഭരണവര്‍ഗ രാഷ്ട്രീയത്തിനെതിരായ ബദല്‍ ശക്തിയായി മാറേണ്ടവയാണ് ഈ ഇടതുപക്ഷ സംഘടനകള്‍.

മാര്‍ക്‌സിസം- ലെനിനിസം അടിസ്ഥാന കാഴ്ചപ്പാടായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, സാര്‍വദേശീയ സാഹചര്യത്തെയും ദേശീയ സാഹചര്യത്തെയും വിലയിരുത്തിക്കൊണ്ടാണ് അവരവരുടേതായ വിപ്ലവപരിപാടികളും രാഷ്ട്രീയ നയവും ആവിഷ്‌കരിക്കുന്നത്. നിലനില്‍ക്കുന്ന വര്‍ഗ ബന്ധങ്ങളെയും അത് നിര്‍ണയിക്കുന്ന ഭരണകൂടവ്യവസ്ഥയെയും വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട ഭിന്നതകളാണ് പലപ്പോഴും വ്യത്യസ്ത കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് ജന്മം നല്‍കുന്നത്.

സഖാവ് ലെനിന്‍ പറഞ്ഞതുപോലെ ഒരു രാജ്യത്തുതന്നെ തൊഴിലാളിവര്‍ഗത്തിന് ഒന്നിലധികം പാര്‍ട്ടികളുണ്ടാവുക സ്വാഭാവികമാണ്. തൊഴിലാളികളുടെയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും സ്വതന്ത്രരാഷ്ട്രീയ ശക്തിയെന്നനിലക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടികളെല്ലാം ചില മൗലിക സമീപനങ്ങളെ മുറുകെപിടിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. അത്തരം പൊതുനിലപാടുകളാണ് ഒരു പാര്‍ട്ടിയെ അത് മാര്‍ക്‌സിസ്റ്റാണോ അല്ലയോ എന്ന് നിര്‍ണയിക്കുന്നത്.

മാവോയിസ്റ്റുകളുടെ സിദ്ധാന്തവും പ്രയോഗവും പരിശോധിക്കുമ്പോള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ പൊതുഗണത്തില്‍ അവരെ പെടുത്താനാവുമെന്ന് കരുതുന്നില്ല. തെറ്റായ നിലപാടുകള്‍ തിരുത്താനാവശ്യമായ ജനാധിപത്യ കേന്ദ്രീകരണത്തിലധിഷ്ഠിതമായ സംഘടനാ സംവിധാനങ്ങള്‍ക്കു പകരം തനി സൈനികവാദപരമായ സംഘടനാരീതിയാണ് അവര്‍ക്കുള്ളത്. സായുധ സമരത്തെ ഏകമാത്ര സമരമായി സ്വീകരിക്കുന്ന മാര്‍ക്‌സിസത്തിന് അന്യമായ ഭീകരപ്രവര്‍ത്തനമാണ് അവരുടെ രാഷ്ട്രീയനയം.


ഒറ്റപ്പെട്ട കലാപങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും വര്‍ഗസമരമല്ല എന്ന അസന്ദിഗ്ധമായ വിലയിരുത്തലാണ് മാര്‍ക്‌സ് മുന്നോട്ടുവെച്ചിട്ടുള്ളത്. താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ അത്തരം പ്രവണതകളെ വിശകലനം ചെയ്തുകൊണ്ടാണ് ഭീകരവാദപ്രവര്‍ത്തനങ്ങള്‍ തൊഴിലാളിവര്‍ഗത്തിന്റെ സംഘടിത ശക്തിയെയും ബഹുജനരാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അസ്ഥിരീകരിക്കുന്ന അരാജക പ്രവര്‍ത്തനമാണെന്ന് മാര്‍ക്‌സ് നിരീക്ഷിച്ചത്.

കമ്യൂണിസ്റ്റ് പാര്‍ട്ടി തീക്ഷ്ണമാകുന്ന ചൂഷണത്തോടും മര്‍ദ്ദനങ്ങളോടും കേവലമായ പ്രതികരണങ്ങള്‍ നടത്തിപ്പോരുന്ന പ്രസ്ഥാനമല്ല. അത് ഓരോ സാമൂഹ്യപ്രശ്‌നത്തെയും അതിന്റെ അടിസ്ഥാന കാരണങ്ങളില്‍നിന്ന് മനസ്സിലാക്കാനും സാമൂഹ്യ വിപ്ലവത്തിന്റെ കടമകളുമായി ചേര്‍ന്ന് പരിഹാരമുണ്ടാക്കാനുമാണ് ശ്രമിക്കുന്നത്. സാമൂഹ്യപ്രശ്‌നങ്ങളെയും സാമൂഹ്യവ്യവസ്ഥകളെയും ശാസ്ത്രീയമായി വിശകലനം ചെയ്ത് രൂപീകരിക്കുന്ന സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും അടിസ്ഥാനത്തിലാണ് കമ്യണിസ്റ്റുപാര്‍ടികള്‍ പ്രവര്‍ത്തിക്കുന്നത്.

പ്രയോഗങ്ങളിലൂടെ സ്വാംശീകരിക്കുന്ന അനുഭവങ്ങളില്‍നിന്ന് സിദ്ധാന്തങ്ങളെ നവീകരിച്ചും പ്രവര്‍ത്തനപരിപാടികള്‍ കാലാനുസൃതമാക്കിയും മുന്നോട്ടുപോവുക എന്നതാണ് കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തനശൈലി. ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രാനുഭവങ്ങള്‍ അതാണ് പഠിപ്പിക്കുന്നത്. ഒക്ടോബര്‍ വിപ്ലവത്തിലൂടെ റഷ്യയില്‍ അധികാരം പിടിച്ചെടുക്കുകയും സോഷ്യലിസ്റ്റ് നിര്‍മ്മാണത്തിന് നേതൃത്വം കൊടുക്കുകയും ചെയ്ത ലെനിന്‍ വലതുപക്ഷ അവസരവാദമെന്നപോലെ അപകടകരമായ പ്രവണതയാണ് ഇടതുപക്ഷ ഭീകരവാദവുമെന്ന് കമ്യൂണിസ്റ്റുകാരെ പഠിപ്പിക്കുന്നുണ്ട്.

നരോദ്‌നിസ്റ്റ് ഭീകരവാദ രാഷ്ട്രീയത്തിനെതിരെ പോരാടിക്കൊണ്ടാണ് ലെനിന്‍ റഷ്യയില്‍ കമ്യൂണിസ്റ്റ്പാര്‍ടി കെട്ടിപ്പടുത്തത്. വിപ്ലവം വിജയിപ്പിച്ചത്. ലെനിന്റെ മൂത്തസഹോദരന്‍ അലക്‌സാണ്ടര്‍ ഉല്യാനോവ് നരോദ്‌നിക് ആശയങ്ങളുടെ സ്വാധീനത്തില്‍പ്പെട്ടുപോയ ആളായിരുന്നു. അലക്‌സാണ്ടര്‍ രാജാവിനെ വധിക്കാനുള്ള ഗൂഢാലോചനക്കേസില്‍ അദ്ദേഹം തൂക്കിലേറ്റപ്പെട്ടു.


ലെനിന്‍ ആ ദുരന്തത്തിന്റെ സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന സന്ദര്‍ഭത്തിലും ഉറച്ചുപറഞ്ഞത് വിപ്ലവത്തിന്റെ പാത ഇതല്ലെന്നാണ്. മാവോയിസ്റ്റുകളെ ആദര്‍ശവല്‍ക്കരിക്കുകയും സൈബറിടങ്ങളില്‍ വൈകാരിക വിക്ഷോഭങ്ങള്‍ സൃഷ്ടിക്കുകയുംചെയ്യുന്ന പലരും ഈ ചരിത്രാനുഭവങ്ങളൊന്നും ഓര്‍മ്മിക്കാത്തവരാണ്.

ഇടതുപക്ഷതീവ്രവാദത്തിന്റെ സാമൂഹ്യരാഷ്ട്രീയ തലങ്ങളെ വിശകലനം ചെയ്തുകൊണ്ടാണ് ലെനിന്‍ ‘ഇടതുപക്ഷകമ്യൂണിസം ഒരു ബാലാരിഷ്ഠത’ എന്ന പുസ്തകം എഴുതിയിട്ടുള്ളത്. ഇന്നിപ്പോള്‍ മാവോയിസത്തെ ആദര്‍ശവല്‍ക്കരിക്കാനും അവരുടെ അരാജക പ്രത്യയശാസ്ത്ര നിലപാടുകളെ യഥാര്‍ത്ഥ മാര്‍ക്‌സിസമായി അവതരിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് കേരളത്തില്‍ നടക്കുന്നത്.

ഈയൊരു സാഹചര്യത്തില്‍ മാവോയിസ്റ്റുകളുടെ രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്ര നിലപാടുകളെയും ഇടതുപക്ഷ തീവ്രവാദത്തിന്റെ സാമൂഹ്യതലങ്ങളെയും ശരിയായി മനസ്സിലാക്കേണ്ടതുണ്ട്.

മാവോ സെ തുങ്ങിന്റെ സംഭാവനകളെ തെറ്റായി മനസ്സിലാക്കുകയും വികസിപ്പിക്കുകയും ചെയ്ത അന്യവര്‍ഗ്ഗ ചിന്താഗതിക്കടിപ്പെട്ട പെറ്റി ബൂര്‍ഷ്വാ അരാജകവാദികളായ സൈദ്ധാന്തികരാണ് മാവോയിസത്തിന്റെ ഉപജ്ഞാതാക്കള്‍. ചൈനപോലൊരു പിന്നോക്കരാജ്യത്ത് പുത്തന്‍ ജനാധിപത്യവും (ജനകീയ ജനാധിപത്യം) സോഷ്യലിസ്റ്റ് നിര്‍മ്മാണവും വികസിപ്പിക്കുന്നതില്‍ മാവോ നല്കിയ സംഭാവനകളെയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനവും പൊതുവെ മാവോചിന്തയായി വിവക്ഷിക്കുന്നത്.

മാവോ സെ തുങ്

തൊഴിലാളി-കര്‍ഷക ഐക്യമാണ് പുത്തന്‍ ജനാധിപത്യ വിപ്ലവത്തിന്റെ ഉറച്ച അടിത്തറയെന്ന ലെനിനിസ്റ്റ് നിലപാടിനെ ചൈനീസ് സാഹചര്യങ്ങള്‍ക്കനുസൃതമായി പ്രയോഗിക്കുകയാണ് മാവോയുടെ നേതൃത്വത്തില്‍ സി.പി.സി ചെയ്തത്. ചൈനയുടെ യാഥാര്‍ത്ഥ്യങ്ങള്‍ക്കകത്ത് മാവോ, മാര്‍ക്‌സിസം-ലെനിനിസത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ പ്രയോഗിക്കുന്നതിന് നേതൃത്വം നല്കി.

ചൈനീസ് വിപ്ലവത്തിന്റെ വികാസത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സി.പി.സിയെ ശരിയായ നിലപാടുകള്‍ സ്വീകരിപ്പിക്കുന്നതില്‍ മാവോ പ്രധാന പങ്കാണ് വഹിച്ചത്. എന്നാല്‍ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പാതയില്‍ നിന്നും വ്യത്യസ്തമായ മാനങ്ങളില്‍ മാവോചിന്തയെ വിലയിരുത്താനും വികസിപ്പിക്കാനുമുള്ള വഴിതെറ്റിയ സൈദ്ധാന്തിക യത്‌നങ്ങളാണ് മാവോയിസം എന്ന ആവിഷ്‌കാരത്തിലേക്ക് എത്തിയത്.

ചൈനീസ് പാര്‍ട്ടി ലിന്‍പിയാവോവിന്റെ തെറ്റായ യുഗസിദ്ധാന്തത്തിന് വഴങ്ങിക്കൊടുത്ത 1969-ലെ ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസാണ് ‘മാവോയിസമെന്ന തെറ്റായ പ്രത്യയശാസ്ത്രാവിഷ്‌കാരങ്ങള്‍ക്ക് അടിസ്ഥാനമിട്ടത്. അപ്പോഴും ഒമ്പതാം കോണ്‍ഗ്രസ് മാവോചിന്ത എന്ന് മാത്രമേ മാവോയുടെ സംഭാവനകളെ വിലയിരുത്തുന്നുള്ളു.

ലിന്‍പിയാവോവിന്റെ അതിവിപ്ലവ നിലപാടുകള്‍ തിരുത്തിക്കൊണ്ട് സഖാവ് ചൗഎന്‍ലായി സി.പി.സിയുടെ പത്താം കോണ്‍ഗ്രസില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ മാവോയുടെ സംഭാവനകളെ മാവോചിന്തയെന്ന പേരില്‍ തന്നെയാണ് വിലയിരുത്തിയിട്ടുള്ളത്. ചൈനീസ് വിപ്ലവാനുഭവങ്ങളുടെ സൈദ്ധാന്തികമായ സംക്ഷിപ്തരൂപമാണ് മാവോചിന്തയെന്ന് സി.പി.സി സംശയങ്ങള്‍ക്കിട നല്‍കാത്തവിധം വ്യക്തമാക്കിയിട്ടുമുണ്ട്.

1960-കളുടെ അവസാനം ചൈനീസ് പാത എന്ന പേരില്‍ ലിന്‍പിയാവോ സിദ്ധാന്തങ്ങളെ പിന്തുടര്‍ന്ന ലോകത്തിലെ പല എം.എല്‍ പാര്‍ട്ടികളും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കാതെ അതിവിപ്ലവ പാത സ്വീകരിച്ചതിന്റെ ഫലമായി സ്വയം ശിഥിലീകരിക്കപ്പെടുകയാണുണ്ടായത്. ഫിലിപ്പൈന്‍സിലെയും മലേഷ്യയിലെയും ജനകീയ വിമോചന സേനകള്‍ രൂപീകരിച്ച് പോരാടിയ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പൊതുരാഷ്ട്രീയ മണ്ഡലത്തില്‍നിന്ന് ഒറ്റപ്പെട്ട് വനാന്തരങ്ങളില്‍ സ്വയം ഇല്ലാതാവുകയാണ് ചെയ്തത്.

മാര്‍ക്‌സിസം ലെനിനിസത്തിനെ നിഷേധിച്ച് ഗറില്ലാ സമരത്തെ ഏകസമരമായി സ്വീകരിച്ച കംപോഡിയയിലെ ഖമറൂഷും അതിന്റെ നേതാവായ പോള്‍പോട്ടും വനാന്തരങ്ങളില്‍ ഒറ്റപ്പെട്ടുപോവുകയായിരുന്നു. 1980-കളില്‍ ഗറില്ലാ സമരത്തിന്റെ തീജ്വാലകള്‍ പടര്‍ത്തിയ പെറുവിലെ ഷൈനിംഗ്പാത്തും അതിന്റെ നേതാവായ ഗോണ്‍സാലെയും ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുപോവുകയാണുണ്ടായത്.

ബഹുജനലൈന്‍ പാര്‍ട്ടിസാന്‍ സമരങ്ങളും ഉപേക്ഷിച്ച് ഏകമാത്രമായ സായുധ ഗറില്ലാ പ്രവര്‍ത്തനങ്ങള്‍ വിപ്ലവപാതയായി സ്വീകരിച്ച ഒട്ടുമിക്ക കമ്യൂണിസ്റ്റ് ഗ്രൂപ്പുകളും ചരിത്രത്തില്‍ നിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നതാണ് കഴിഞ്ഞ അഞ്ച് ദശകക്കാലമായി നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിക്കുകയും ജനാധിപത്യ പാതയിലേക്ക് വരികയും ചെയ്ത നേപ്പാളിലെ പ്രചണ്ഡ നേതൃത്വം കൊടുക്കുന്ന മാവോയിസ്റ്റ് വിഭാഗം മറ്റ് ഇതര കമ്യൂണിസ്റ്റ് പാര്‍ടികളുമായി ചേര്‍ന്ന് വിജയകരമായി അധികാരത്തിലെത്തുന്നതും നമ്മള്‍ കണ്ടു.

ചൈനീസ്‌വിപ്ലവത്തിന്റെ ജനകീയ യുദ്ധപാതയെയും ഗറില്ലാ പ്രവര്‍ത്തനത്തെയും മാര്‍ക്‌സിസം ലെനിനിസത്തിന് മാവോ നല്കിയ സംഭാവനയെയും ഈ യുഗത്തിലെ മാര്‍ക്‌സിസത്തിന്റെ വികസിത രൂപമായി അവതരിപ്പിച്ചുകൊണ്ടാണ് റവല്യൂഷണറി ഇന്റര്‍നാഷണല്‍ മൂവ്‌മെന്റ് (RIM) മാവോയിസമെന്ന സൈദ്ധാന്തിക പരികല്പന അവതരിപ്പിച്ചിരിക്കുന്നത്.

അതായത് ചൈനീസ് വിപ്ലവത്തിന്റെ ജനകീയ യുദ്ധപാതയെ സാര്‍വ്വലൗകികമായി തന്ത്രപരമായ ലൈനായി സ്വീകരിക്കുന്ന സൈദ്ധാന്തീകരണമാണ് മാവോയിസമെന്ന നിലപാട് സി.പി.സി ഒരിക്കലും സ്വീകരിച്ചിട്ടില്ലായെന്ന ചരിത്രവസ്തുതയെയാണ് ആര്‍.ഐ.എം കാണാതെപോകുന്നത് (ആര്‍.ഐ.എം മാവോയിസ്റ്റുകളുടെസാര്‍വദേശീയ വേദിയായിരുന്നു. ആര്‍.സി.പി-യു.എസ്.എ എന്ന ഗ്രൂപ്പിന്റെ നേതാവ് ബോബ് അവാക്കിനാണ് ഇതിന്റെ താത്വികാചാര്യന്‍).

എഴുപതുകളിലെ പ്രസ്ഥാനത്തിന്റെ തിരിച്ചടികള്‍ക്ക് കാരണമായ വിഭാഗീയതയും തെറ്റുകളും തിരുത്തുകയാണെന്നും ശരിയായൊരു ബോള്‍ഷെവിക് സംഘടനാ യാഥാര്‍ത്ഥ്യത്തിലേക്ക് തങ്ങളുടെ ഗ്രൂപ്പുകളെ പുനഃസംഘടിപ്പിക്കുകയാണെന്നും അവകാശപ്പെടുന്ന പല എം.എല്‍ ഗ്രൂപ്പുകളും ഇപ്പോഴും പഴയ വിഭാഗീയതയില്‍ തന്നെയാണ്. അവരില്‍ പലരുമിപ്പോഴും മാവോയിസത്തിനും തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയത്തിനുമിടയില്‍ കാലിട്ടടിച്ച് പഴയ എം.എല്‍ വിഭാഗീയതയില്‍തന്നെ വീണുപോയിരിക്കുകയാണ്.

നക്‌സല്‍ബാരിയെത്തുടര്‍ന്ന് രൂപംകൊണ്ട എം.എല്‍ പാര്‍ട്ടി പാരമ്പര്യത്തെ പിന്‍പറ്റുന്നവരെല്ലാം മാവോചിന്തയെന്ന പേരിലും മാവോയിസം എന്ന പേരിലും സി.പി.സിയുടെ ഒമ്പതാം കോണ്‍ഗ്രസ് നിലപാടുകളെത്തന്നെയാണ് ഏറിയും കുറഞ്ഞുമുള്ള തോതില്‍ പിന്‍പറ്റുന്നതെന്ന് ഇവരുടെയെല്ലാം രാഷ്ട്രീയരേഖകള്‍ പരിശോധിക്കുമ്പോള്‍ കാണാം.

അട്ടപ്പാടിയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍

സി.പി.ഐ മാവോയിസ്റ്റ് നേതാവ് ആസാദ് മുമ്പെഴുതിയ ഒരു ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുള്ളത് മാവോചിന്തയും മാവോയിസവും തമ്മിലുള്ള അന്തരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യര്‍ത്ഥമാണെന്നാണ്. മാവോയിസത്തിന്റെ വിപ്ലവപാത എല്ലാ രാജ്യങ്ങള്‍ക്കും സ്വീകരിക്കാമെന്നും അത് സാര്‍വ്വലൗകികമാണെന്നുമാണ് മാവോയിസ്റ്റ് രേഖകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

ചൈനീസ് പാത നമ്മുടെ പാത എന്ന് പറയുന്നത് നമ്മുടെ വിപ്ലവപാത ജനകീയ യുദ്ധത്തിന്റെ പാതയാണെന്ന തിരിച്ചറിവില്‍ നിന്നാണെന്നാണ് മാവോയിസ്റ്റുകള്‍ പഴയ തെറ്റുകളെ ഇപ്പോഴും ന്യായീകരിച്ചുകൊണ്ട് ആവര്‍ത്തിക്കുന്നത്. സി.പി.ഐ (മാവോയിസ്റ്റ്) രേഖകളും അതിന്റെ പാര്‍ട്ടി സെക്രട്ടറി ഗണപതി (മൊപ്പല ലക്ഷ്മണറാവു) മാധ്യമങ്ങള്‍ക്ക് നല്കുന്ന അഭിമുഖങ്ങളിലുമെല്ലാം ഒരേപോലെ ആവര്‍ത്തിക്കുന്നത് ഞങ്ങളും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതമായ രീതിയില്‍ ജനകീയ യുദ്ധത്തെ വികസിപ്പിക്കുകയാണെന്നും അല്ലാതെ യാന്ത്രികമായി ചൈനീസ് പാതയെ അനുകരിക്കുകയല്ലായെന്നുമാണ്.

മഹാനായ മാവോയുടെ പേരില്‍ ആവിഷ്‌കരിക്കപ്പെട്ട മാവോയിസത്തിന്റെ സൈദ്ധാന്തിക നിലപാടുകള്‍ യഥാര്‍ത്ഥത്തില്‍ മാവോ ചൈനീസ് വിപ്ലവത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ അനുഭവങ്ങളിലൂടെ വികസിപ്പിച്ചെടുത്ത ജനാധിപത്യ വിപ്ലവ കാഴ്ചപ്പാടുകളെയാകെ നിരാകരിക്കുന്നതാണ്.

മാവോ തന്നെ ഓര്‍മ്മപ്പെടുത്തിയതുപോലെ മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനതത്ത്വങ്ങളില്‍ നിന്നുള്ള വ്യതിചലനം നിരന്തരമായ തെറ്റുകള്‍ക്കാണ് ഇടയാക്കുകയെന്ന കാര്യം മാവോയിസ്റ്റുകളുടെ കാര്യത്തില്‍ അന്വര്‍ത്ഥമാണ്. പ്രത്യയശാസ്ത്രപരമായ തെറ്റുകളാണ് മാവോയിസ്റ്റുകളെ മമതയുടെ അനുചരന്മാരായി അധഃപതിപ്പിച്ചതും സംഘടിത ഇടതുപക്ഷ രാഷ്ട്രീയത്തില്‍നിന്നും അന്യവല്ക്കരിച്ച് നിര്‍ത്തുന്നതും.

കോളനി രാജ്യങ്ങളിലെ വിപ്ലവത്തെ സംബന്ധിച്ച ലെനിനിസ്റ്റ് നിലപാടുകളുടെ സര്‍ഗ്ഗാത്മകമായ പ്രയോഗമാണ് മാവോ ചൈനയില്‍ നടത്തിയത്. ലെനിന്റെ നേതൃത്വത്തിലുള്ള മൂന്നാം ഇന്റര്‍നാഷണലാണല്ലോ അതുവരെയും അവഗണിക്കപ്പെട്ടിരുന്ന കോളനി രാജ്യങ്ങളിലെ വിപ്ലവത്തിന്റെ പ്രശ്‌നത്തെ മുന്നോട്ടുകൊണ്ടുവന്നത്.

1917 ന് ശേഷം ഇത്തരം രാജ്യങ്ങളില്‍ നടക്കുന്ന വിമോചനസമരങ്ങള്‍ ലോകവിപ്ലവത്തിന്റെ ഭാഗമാണെന്ന് സാമ്രാജ്യത്വത്തെയും തൊഴിലാളി വര്‍ഗ്ഗ വിപ്ലവത്തെയും സംബന്ധിച്ച വിശകലനങ്ങളിലൂടെ ലെനിന്‍ ചൂണ്ടിക്കാട്ടി.

ഒക്‌ടോബര്‍ വിപ്ലവാനന്തരമുള്ള സാഹചര്യത്തില്‍ ബൂര്‍ഷ്വാ ജനാധിപത്യം ഉള്ളടക്കമായിട്ടുള്ള വിമോചന സമരങ്ങള്‍ക്കൊന്നും നേതൃത്വം നല്കാന്‍ ബൂര്‍ഷ്വാസി തയ്യാറാവില്ലെന്നും, തൊഴിലാളി വര്‍ഗ്ഗത്തിന്റ നേതൃത്വത്തില്‍ മാത്രമെ ജനാധിപത്യ വിപ്ലവങ്ങള്‍ പൂര്‍ത്തീകരിക്കാനാവുകയുള്ളുവെന്നും ലെനിന്‍ വ്യക്തമാക്കി.

അതേസമയം സാമ്രാജ്യത്വവുമായി വൈരുദ്ധ്യമുള്ള ബൂര്‍ഷ്വാസിയിലെ ഒരു വിഭാഗം തൊഴിലാളിവര്‍ഗ്ഗ നേതൃത്വത്തില്‍ നടക്കുന്ന വിമോചന സമരവുമായി ഐക്യപ്പെടുവാനുള്ള സാദ്ധ്യതയും ലെനിന്‍ വിശദീകരിച്ചു. ലെനിന്റെ മരണശേഷം വിപ്ലവത്തിന്റെ ജനാധിപത്യ സോഷ്യലിസ്റ്റ് ഘട്ടങ്ങളെ സംബന്ധിച്ച് ട്രോട്‌സ്‌കി സൃഷ്ടിച്ച ആശയക്കുഴപ്പത്തെയും ലെനിനിസ്റ്റ് വിരുദ്ധ നിലപാടുകളെയും സ്റ്റാലിന്‍ തുറന്നുകാട്ടുകയും ലെനിന്റെ നിലപാടുകളെ സംരക്ഷിക്കുകയും ചെയ്തു.

ലെനിനും സ്റ്റാലിനും മുന്നോട്ടുവെച്ച സൈദ്ധാന്തികധാരണകളെ വികസിപ്പിച്ചുകൊണ്ടാണ് മാവോ സെതൂങ് പുത്തന്‍ ജനാധിപത്യ (ജനകീയ ജനാധിപത്യം) കാഴ്ചപ്പാടുകളെ ചൈനയില്‍ സഫലമാക്കിയത്. പുത്തന്‍ ജനാധിപത്യം (New Democracy) എന്ന പുസ്തകത്തിലൂടെ മാവോ ചൈനയുടെ വിപ്ലവവീക്ഷണം അവതരിപ്പിച്ചു.

ചൈനീസ് സമുദായത്തിന്റെ വര്‍ഗ്ഗഘടനയുടെ വിശകലനത്തിലൂടെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ശത്രുക്കളും സഖ്യശക്തികളും ആരൊക്കെയാണെന്ന് മാവോ വിശകലനം ചെയ്തു. ഒരു അധിനിവേശിത രാജ്യത്തെ ബൂര്‍ഷ്വാസിയുടെ ഇരട്ടസ്വഭാവവും (സാമ്രാജ്യത്വവുമായുള്ള വൈരുദ്ധ്യം മൂലം നിശ്ചിതഘട്ടത്തില്‍ വിപ്ലവപക്ഷത്ത് ചേരാനുള്ള സാദ്ധ്യതയും മറുവശത്ത് സാമ്രാജ്യത്വവുമായി സന്ധിചെയ്യാനുള്ള പ്രവണതയും) മാവോ അപഗ്രഥിച്ചു.

നാടുവാഴിത്തവുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ വിസമ്മതിക്കുന്ന ബൂര്‍ഷ്വാസിയുടെ ജന്മപരമായ ദൗര്‍ബല്യങ്ങളും അദ്ദേഹം വിശദമാക്കി. ചൈനയുടെ മുതലാളിത്തത്തിന്റെ ദല്ലാള്‍ സ്വഭാവവും മാവോ അപഗ്രഥനം നടത്തി. തൊഴിലാളിവര്‍ഗ്ഗ നിലപാടുകളില്‍ നിന്ന് അധിനിവേശിതരാജ്യമായ ചൈനയിലെ വിവിധ വര്‍ഗ്ഗങ്ങളെ വിശകലനം ചെയ്തുകൊണ്ട് സാമ്രാജ്യത്വവും അതിന്റെ സാമൂഹ്യ അടിത്തറയായി അന്നത്തെ ചൈനയില്‍ വര്‍ത്തിച്ചുവരുന്ന നാടുവാഴിത്തവും ദല്ലാള്‍ ഉദേ്യാഗസ്ഥ മേധാവിത്വവും മുതലാളിത്തവുമാണ് ചൈനീസ് ജനതയുടെ ശത്രുവെന്ന് മാവോ ചൂണ്ടിക്കാട്ടി.

ഇതിന്റെ അടിസ്ഥാനത്തിലാണ് ബൂര്‍ഷ്വാസിയുടെ നേതൃത്വത്തില്‍ നടന്ന പഴയ ജനാധിപത്യ വിപ്ലവവുമായി പുത്തന്‍ ജനാധിപത്യ (ജനകീയ ജനാധിപത്യം) വിപ്ലവത്തിനുള്ള സാദൃശ്യവും വ്യതിരിക്തതയും മാവോ വിശദീകരിക്കുന്നത്. പുത്തന്‍ ജനാധിപത്യം’എന്ന കൃതിയിലൂടെ മാവോ സോഷ്യലിസ്റ്റ് വിപ്ലവത്തിനുള്ള അടിത്തറ സൃഷ്ടിക്കുന്നതിനും തൊഴിലാളിവര്‍ഗ്ഗത്തിന്റെ ലക്ഷ്യമായ കമ്യൂണിസം സ്ഥാപിക്കുന്നതിനും ജനാധിപത്യ വിപ്ലവകാഴ്ചപ്പാട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു വ്യക്തമാക്കിത്തരുന്നുണ്ട്.

അതേസമയം, ജനാധിപത്യ വിപ്ലവത്തെയും സോഷ്യലിസ്റ്റ് വികസനത്തെയും സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിച്ച ഇടതുപക്ഷ തീവ്രവാദ നിലപാടുകളെയും മാവോ ശക്തമായി തുറന്നുകാണിച്ചു. രണ്ടുഘട്ട വിപ്ലവത്തില്‍ സോഷ്യലിസ്റ്റ് വിപ്ലവഘട്ടത്തിനുള്ള രാഷ്ട്രീയ സാമ്പത്തിക സാംസ്‌കാരിക നയങ്ങള്‍ക്കുവേണ്ടി വാദിച്ചിരുന്ന ഇടത് വ്യതിയാനപരമായ ധാരകളെ മാവോ എതിര്‍ത്ത് പരാജയപ്പെടുത്തി.

ബൂര്‍ഷ്വാസിയോട് ജനാധിപത്യവിപ്ലവത്തില്‍ പങ്കാളിയാവുന്നതിന് അയവുള്ള സമീപനമൊന്നും പാടില്ലെന്ന ഇടതുതീവ്രവാദ നിലപാടുകളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് മാവോ പറഞ്ഞത്, പുത്തന്‍ ജനാധിപത്യ വിപ്ലവത്തിലൂടെ സ്ഥാപിക്കപ്പെടുന്ന ഭരണകൂടം ബൂര്‍ഷ്വാ സര്‍വ്വാധിപത്യമോ തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യമോ ആയിരിക്കുകയില്ലെന്നും, മറിച്ച് തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തിലേക്കുള്ള പരിവര്‍ത്തനഘട്ടത്തില്‍ സ്ഥാപിക്കപ്പെടുന്ന ഒന്നെന്നതിലേക്ക് വിപ്ലവത്തില്‍ പങ്കാളിത്തമുള്ള എല്ലാവര്‍ഗ്ഗങ്ങള്‍ക്കും ഭരണകൂടത്തില്‍ പങ്കുണ്ടായിരിക്കുമെന്നതാണ്.

കോളനി രാജ്യങ്ങളിലെ ജനകീയ ജനാധിപത്യ വിപ്ലവത്തെ സംബന്ധിച്ച ലെനിനിസ്റ്റ് നിലപാടുകളുടെ സിദ്ധാന്തവും പ്രയോഗവുമെന്ന നിലയിലാണ് മാവോയുടെ സംഭാവനകളെ ചൈനീസ് വിപ്ലവത്തിന്റെ വിജയത്തിനുശേഷം കോമിന്‍ഫോം വിലയിരുത്തി അംഗീകരിച്ചിട്ടുള്ളത്. അല്ലാതെ ഇന്ന് മാവോയിസ്റ്റുകള്‍ കാണുന്നതുപോലെ മാര്‍ക്‌സിസം-ലെനിനിസത്തെ പുതിയൊരു ഘട്ടത്തിലേക്ക് വികസിപ്പിച്ചുവെന്ന രീതിയിലല്ല സാര്‍വ്വദേശീയ പ്രസ്ഥാനം മാവോയുടെ സംഭാവനകളെ വിലയിരുത്തിയിട്ടുള്ളത്.

മാവോയിസ്റ്റ് സംഘടനകളുടെ സാര്‍വ്വദേശീയ വേദിയായ റവല്യൂഷണറി ‘ഇന്റര്‍നാഷണല്‍ മൂവ്‌മെന്റി’ന്റെ (RIM) ആചാര്യനായി വിരാജിക്കുന്ന ആര്‍.സി.പി.യു.എസ്.എയുടെ ചെയര്‍മാന്‍ ബോബ് അവാക്കിന്‍ മാവോയിസത്തെ നിര്‍വ്വചിക്കുന്നത് നോക്കുക;

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ബലപ്രയോഗം തൊഴിലാളിവര്‍ഗ്ഗമാര്‍ഗ്ഗമെന്ന സാര്‍വ്വത്രിക സത്യത്തെ സ്വന്തം നാടിന്റെ സമൂര്‍ത്ത സാഹചര്യങ്ങള്‍ക്കനുസൃതമായി പ്രയോഗിച്ചതിലൂടെ വികസിപ്പിക്കുകയും മാവോ ലോക തൊഴിലാളി വര്‍ഗ്ഗത്തിനും ജനതകള്‍ക്കും ഒരു സൈനികശാസ്ത്രം ആവിഷ്‌കരിച്ച് വികസിപ്പിച്ച് മുന്നോട്ടുവെക്കുകയും ചെയ്തിരിക്കുന്നു. ഇതുവഴി മാവോ മാര്‍ക്‌സിസം-ലെനിനിസത്തെ പൂര്‍ണ്ണവും കൂടുതല്‍ ഉയര്‍ന്നതും വികസിതവുമായ ഒരു മൂന്നാംഘട്ടത്തിലേക്ക് വികസിപ്പിച്ചു.

എത്ര ലളിതവും അസംബന്ധപൂര്‍ണ്ണവുമാണ് മാര്‍ക്‌സിസത്തിന്റെ മൂന്നാംഘട്ടത്തിലേക്കുള്ള വികസനത്തെക്കുറിച്ചുള്ള മാവോയിസ്റ്റുകളുടെ വിശകലനം!

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തൊട്ട് മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന കൃതികളെല്ലാം ബലപ്രയോഗം മാത്രമാണ് മോചനമാര്‍ഗ്ഗം എന്ന സാര്‍വ്വലൗകിക സത്യത്തെ ശരിവെക്കുന്നതാണെന്നാണല്ലോ ആര്‍.ഐ.എമ്മിന്റെ മാവോയിസത്തെ സംബന്ധിച്ച സൈദ്ധാന്തീകരണം. ഇത് മാര്‍ക്‌സിസ്റ്റ് പഠനത്തില്‍ പ്രാഥമിക ജ്ഞാനമുള്ള ഒരാള്‍ക്കും അംഗീകരിക്കാനാവുമെന്ന് തോന്നുന്നില്ല.

ഇത്തരം സൈദ്ധാന്തീകരണങ്ങളെ മാര്‍ക്‌സിസ്റ്റ് വീക്ഷണവുമായി ബന്ധമുള്ള ഒന്നായി പരിഗണിക്കാന്‍പോലും പാടില്ല. മാര്‍ക്‌സിസത്തിന്റെ സത്ത ബല പ്രയോഗമാണെന്ന ഏകപക്ഷീയവും വികലവുമായ ധാരണകള്‍ ഫലത്തില്‍ ബൂര്‍ഷ്വാഭരണകൂട വ്യവസ്ഥക്കെതിരായ നാനാവിധമായ ബഹുജനസമരങ്ങളെയും തൊഴിലാളിവര്‍ഗ്ഗത്തിന്റെ സംഘടിതമായ കടന്നാക്രമണ സമരങ്ങളെയും നിരാകരിക്കുന്ന നരോദ്‌നിസത്തിന്റെ ആശയധാരകളെ പിന്‍പറ്റുന്ന മദ്ധ്യവര്‍ഗ്ഗപ്രത്യയശാസ്ത്രത്തിന്റെ സമകാലീന രൂപം മാത്രമാണ്.

സായുധ സമരത്തെ മോചനത്തിനുള്ള ഏകമാര്‍ഗ്ഗമായി അവതരിപ്പിക്കുന്ന മാവോയിസ്റ്റുകള്‍, ലെനിന്റെയും മാവോയുടേയും വിലപ്പെട്ട അനുശാസനങ്ങള്‍ മനസ്സിലാക്കാത്തവരാണ്. ബൂര്‍ഷ്വാഭരണകൂടത്തെ തകര്‍ക്കുകയും തല്‍സ്ഥാനത്ത് തൊഴിലാളി വര്‍ഗ്ഗ നേതൃത്വത്തിലുള്ള ഭരണകൂടം സ്ഥാപിക്കുന്നതിനും എല്ലാവിധ സമരരൂപങ്ങളും മാര്‍ഗ്ഗങ്ങളും തൊഴിലാളിവര്‍ഗ്ഗത്തിന് ഉപയോഗിക്കേണ്ടിവരും.

 

സാഹചര്യങ്ങളാണ് ഏത് തരം സമരമാര്‍ഗ്ഗങ്ങളാണ് തൊഴിലാളിവര്‍ഗ്ഗം ഉപയോഗിക്കേണ്ടതെന്ന് നിര്‍ണ്ണയിക്കുന്നത്. പ്രസ്ഥാനത്തെ ഏതെങ്കിലുമൊരു സമരരൂപത്തോട് കെട്ടിയിടുന്നവര്‍ ഒരര്‍ത്ഥത്തില്‍ ബഹുജനങ്ങളുടെ വിപ്ലവകരവും സര്‍ഗ്ഗാത്മകവുമായ പ്രകാശന സാദ്ധ്യതകളെ തന്നെ തടയുന്നവരാണ്.

സായുധ സമരവും അതില്‍തന്നെ ഗറില്ലാസമരവും മാത്രമാണ് വിപ്ലവകരമെന്ന് തെറ്റിദ്ധരിച്ച ഇടതുപക്ഷ സാഹസികരുടെ ശുഷ്‌കസൈദ്ധാന്തിക ധാരണകളെ ഖണ്ഡിച്ചുകൊണ്ട് സഖാവ് ലെനിന്‍ പറയുന്നത് നോക്കൂ; ‘അമൂര്‍ത്തമായ എല്ലാ ഫോര്‍മുലകളോടും ശുഷ്‌ക സൈദ്ധാന്തികമായ ചികിത്സാ വിധികളോടും തികഞ്ഞ ശത്രുത പാലിക്കുന്ന മാര്‍ക്‌സിസം, മുന്നേറിക്കൊണ്ടിരിക്കുന്ന ബഹുജന സമരത്തോട് അവധാനതയോട് കൂടിയ മനോഭാവം ഉണ്ടായിരിക്കണമെന്ന് ശഠിക്കുന്നു.

പ്രസ്ഥാനം വികസിക്കുകയും ബഹുജനങ്ങളുടെ വര്‍ഗ്ഗബോധം വളരുകയും സാമ്പത്തികവും രാഷ്ട്രീയവുമായ കുഴപ്പങ്ങള്‍ മൂര്‍ച്ഛിക്കുകയും ചെയ്യുന്നതോടെ പ്രതിരോധത്തിന്റെയും ആക്രമണത്തിന്റെയും പുതിയതും കൂടുതല്‍ വൈവിദ്ധ്യ പൂര്‍ണ്ണവുമായ രൂപങ്ങള്‍ ഈ സമരത്തില്‍ ആവിര്‍ഭവിക്കുന്നതാണ്. മാര്‍ക്‌സിസം ഒരു കാരണവശാലും ഒരു സമരരൂപത്തെയും പാടേ നിഷേധിക്കുന്നില്ല. മാര്‍ക്‌സിസം യാതൊരു കാരണവശാലും ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ മാത്രം സാധ്യമായതും നിലനില്ക്കുന്നതുമായ സമരരൂപങ്ങളില്‍ ഒതുങ്ങി നില്ക്കുന്നില്ല’ (ലെനിന്‍-ഗറില്ലാ യുദ്ധത്തെപ്പറ്റി എന്ന ലേഖനത്തില്‍ നിന്ന്).

ഒരു പ്രത്യേക രാജ്യത്തിലെ സമൂര്‍ത്ത സാഹചര്യത്തെയും വര്‍ഗ്ഗശക്തികളുടെ പരസ്പര ബന്ധത്തെയും സാര്‍വ്വദേശീയ സാഹചര്യങ്ങളെയും പരിഗണിക്കാതെയാണ് മാവോയിസ്റ്റുകള്‍ ഒരേയൊരു മാര്‍ഗ്ഗം സായുധസമരത്തിന്റേതാണെന്ന് വൃഥാ ശഠിച്ചുകൊണ്ടിരിക്കുന്നത്.

ചരിത്രപരമായി കാര്യങ്ങള്‍ മനസ്സിലാക്കാനും വസ്തുനിഷ്ഠ സ്ഥിതിഗതികള്‍ക്കനുസരിച്ച് വിപ്ലവപരിപാടി ആവിഷ്‌കരിക്കുവാനും സമരരൂപങ്ങള്‍ സ്വീകരിക്കുവാനും കഴിയാതെ പോകുന്നത് സഖ്ാവ് ലെനിന്‍ നിരീക്ഷിക്കുന്നതുപോലെ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ ബാലപാഠങ്ങള്‍ അറിയാത്തതുകൊണ്ടാണ്.

സായുധ സമരം സാര്‍വ്വലൗകികമായി പ്രയോഗിക്കണമെന്ന് വാദിക്കുന്ന മാവോയിസ്റ്റുകള്‍ മാവോ ചൈനയുടെ വ്യത്യസ്തമായ ചരിത്രസാഹചര്യത്തില്‍ നടത്തിയ പ്രസ്താവനകളെ ഉദ്ധരിച്ച് തങ്ങളുടെ വാദങ്ങള്‍ സമര്‍ത്ഥിക്കുവാനും സാമാന്യവല്ക്കരിക്കാനുമാണ് മാവോയിസ്റ്റ് പ്രസിദ്ധീകരണങ്ങള്‍ വ്യഗ്രതപ്പെടുന്നത്.

ഒരു വിപ്ലവത്തിന്റെ കേന്ദ്രകടമയും അതിന്റെ ഏറ്റവും ഉയര്‍ന്ന രൂപവും അധികാരം പിടിച്ചെടുക്കലാവണം. അതായത് യുദ്ധത്തിലൂടെ പ്രശ്‌നം പരിഹരിക്കലാണ്, തോക്കിന്‍ കുഴലിലൂടെയാണ് രാഷ്ട്രീയാധികാരം വളരുന്നത്’ ഇതുപോലുള്ള മാവോവിന്റെ ഉദ്ധരണികളെ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തി യാന്ത്രികമായി ഉരുവിട്ടാണ് തങ്ങളുടെ സായുധ അതിസാഹസികവാദങ്ങളെ മാവോയിസ്റ്റുകള്‍ വിശദീകരിക്കുന്നത്.

തീര്‍ച്ചയായും ചൈനീസ് വിപ്ലവത്തിന്റെ സുദീര്‍ഘ ചരിത്രത്തില്‍ കൊമിന്താങ് പിന്തിരിപ്പന്മാര്‍ക്കെതിരെ വിജയംവരിക്കുന്നതിന് സൈനിക ഘടകങ്ങള്‍ക്കുള്ള പങ്ക് പ്രധാനം തന്നെയായിരുന്നു.

കൊമിന്താങ് സേനയെ വെല്ലുവിളിക്കാവുന്ന ഒരു ജനകീയ സൈന്യത്തെ സി.പി.സി പടുത്തുയര്‍ത്തിയിരുന്നു എന്നത് ഈ വിജയത്തിന് നിര്‍ണ്ണായകമായി സഹായിച്ചിട്ടുണ്ട്. എന്നാല്‍ മാവോയിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതുപോലെ ഇത് മാത്രമായിരുന്നില്ല ആ വിജയത്തിന് കാരണമെന്ന് സി.പി.സി 1926-ല്‍ പ്രസിദ്ധീകരിച്ച ‘ചൈനീസ് വിപ്ലവത്തിന്റെ സായുധസമരപ്രശ്‌നം’ എന്ന ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സായുധസമരത്തോടൊപ്പം തൊഴിലാളികളുടെയും കൃഷിക്കാരുടെയും വര്‍ഗ്ഗബോധത്തിന്റെയും സംഘടനയുടെയും വിപ്ലവപ്രവര്‍ത്തനത്തിന്റെയും നിലവാരമുയര്‍ത്തുന്നതിനുള്ള ബഹുജനരാഷ്ട്രീയ പ്രവര്‍ത്തനവും കൂടി കൂട്ടിയിണക്കാത്തപക്ഷം വിപ്ലവം വിജയിക്കില്ലെന്ന് കൊമിന്താങ് സൈനിക ക്ലിക്കിനെതിരായ സമരഘട്ടത്തില്‍തന്നെ സി.പി.സി ജാഗ്രതാപൂര്‍വ്വം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.

1925-27 കലാപത്തിന് ശേഷം ഗ്രാമപ്രദേശങ്ങളില്‍ സായുധകലാപങ്ങള്‍ സംഘടിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് സി.പി.സി നേതാക്കള്‍ വിശകലനം ചെയ്യുന്നുണ്ട്. രാജ്യത്തുടനീളം കര്‍ഷകപ്രസ്ഥാനത്തിന് മുന്നണിപ്പടയാവാന്‍ കഴിയുന്ന സാഹചര്യം വളര്‍ത്തിയെടുക്കുന്നതിന് പലപ്പോഴും ഒറ്റപ്പെട്ട സായുധകലാപങ്ങളും അലഞ്ഞുതിരിയുന്ന ഗറില്ലാസംഘങ്ങളും തടസ്സമാണെന്ന് മാവോ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

തോക്കിന്റെയും സായുധസമരത്തിന്റെയും സ്തുതിഗീതങ്ങള്‍ പാടിയതുകൊണ്ടുമാത്രം വിപ്ലവം മുന്നോട്ട് പോവില്ലെന്നും അതിനുള്ള മുന്നുപാധി മര്‍ദ്ദകര്‍ക്കും ചൂഷകര്‍ക്കുമെതിരെയുള്ള ഒരു നിര്‍ണ്ണായക പോരാട്ടത്തിന് തൊഴിലാളികളെയും കര്‍ഷകരെയും സജ്ജരാക്കുകയാണ് വേണ്ടതെന്നും മാവോസെതൂങ് അനുശാസിക്കുന്നുണ്ട്.

മാര്‍ക്‌സിസത്തിന്റെ സാര്‍വ്വലൗകിക സത്യമായി ബലപ്രയോഗത്തെയും സായുധസൈനിക സമരങ്ങളെയും മാവോ വികസിപ്പിച്ചുവെന്ന് വിലയിരുത്തുന്ന ശുഷ്‌ക സൈദ്ധാന്തികരായ മാവോയിസ്റ്റ് ബുദ്ധിജീവികള്‍, 1923-ല്‍ തന്നെ സായുധ സമരമാര്‍ഗ്ഗത്തെ വിപ്ലവത്തിന്റെ ഏകമാര്‍ഗ്ഗമായി തെറ്റിദ്ധരിച്ച് പോകരുതെന്ന് കോമിന്റേണ്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ടെന്ന കാര്യം അറിയാത്തതില്‍ അത്ഭുതമില്ല.

ചരിത്രത്തെയും വിപ്ലവ പ്രയോഗത്തെയും അതിനായി സാര്‍വ്വദേശീയതലത്തില്‍ മാര്‍ക്‌സ് മുതല്‍ മാവോ വരെയുള്ളവര്‍ നടത്തിയ സംഘടിതമായ സൈദ്ധാന്തിക യത്‌നങ്ങളെയും നിരാകരിച്ചുകളയുന്ന വിപ്ലവത്തെയും തൊഴിലാളിവര്‍ഗ്ഗ അധികാരത്തെയുമെല്ലാം സംബന്ധിച്ച വികല ധാരണകളാണ് മാവോയിസ്റ്റുകളെ നയിക്കുന്നത്. തൊഴിലാളിവര്‍ഗ്ഗ നേതൃത്വത്തെയും കര്‍ഷക-തൊഴിലാളി സഖ്യം അടിസ്ഥാനമാക്കിയ വിപ്ലവ മുന്നേറ്റങ്ങള്‍ക്കേ സോഷ്യലിസ്റ്റ് ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിയൂ.

ചൈനീസ് പാര്‍ട്ടിക്ക് കോമിന്റേണ്‍ അയച്ച കത്ത് ഇക്കാര്യം അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുന്നുണ്ട്. ചൈനയില്‍ ദേശീയ വിപ്ലവത്തോടും ഒരു സാമ്രാജ്യത്വവിരുദ്ധ മുന്നണി കെട്ടിപ്പടുക്കലിനോടൊപ്പം, നാടുവാഴിത്തത്തിന്റെ അവശിഷ്ടങ്ങള്‍ക്കെതിരായ കാര്‍ഷികവിപ്ലവവും നടക്കുന്നതായിരിക്കും. ചൈനീസ് ജനതയില്‍ ഭൂരിപക്ഷവും ആ പ്രസ്ഥാനത്തിലേക്കാകര്‍ഷിക്കപ്പെട്ടാല്‍ മാത്രമെ ഈ വിപ്ലവത്തിന് വിജയശ്രീലാളിതമാവാന്‍ കഴിയൂ (കോമന്റേണ്‍ രേഖകള്‍).

അസന്ദിഗ്ദ്ധമായ ഭാഷയില്‍ ലെനിനും മാവോയും തൊഴിലാളി- കര്‍ഷകസഖ്യത്തിന്റെ ജീവത്തായ സാക്ഷാല്‍ക്കാരമാണ് പിന്നോക്കരാജ്യങ്ങളിലെ ജനാധിപത്യ വിപ്ലവങ്ങളെന്ന് വിശദമാക്കിയിട്ടുണ്ട്. കോമിന്റേണ്‍ ഇക്കാര്യം അടിവരയിട്ട് വ്യക്തമാക്കിയിട്ടുമുണ്ട്. തൊഴിലാളിവര്‍ഗ്ഗത്തെ അവിശ്വസിക്കുകയും ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, മറ്റു പാര്‍ശ്വവല്കൃത വിഭാഗങ്ങള്‍ തുടങ്ങിയവരില്‍ വിപ്ലവശേഷി കണ്ടെത്തുന്ന മാവോയിസ്റ്റുകള്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ മുഖ്യവിപത്തായി കാണുകയാണ്.

അധ്വാനവും മൂലധനവും തമ്മിലുള്ള അടിസ്ഥാന വൈരുദ്ധ്യങ്ങളെ അവഗണിക്കുന്ന, പ്രാന്തവല്കൃത വിഭാഗങ്ങളുടെ പ്രതിരോധചിന്തകളിലും നവസാമൂഹ്യപ്രസ്ഥാനങ്ങളുടെ അരാജക വീക്ഷണങ്ങളിലുമാണ് മാവോയിസ്റ്റുകള്‍ അഭിരമിക്കുന്നത്. അന്താരാഷ്ട്ര സന്നദ്ധസംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഉത്തരാധുനികരും സ്വത്വരാഷ്ട്രീയക്കാരുമായ ബുദ്ധിജീവികളാണ് മാവോയിസ്റ്റുകളുടെ പ്രോത്സാഹകരും പരസ്യവും രഹസ്യവുമായ സഹായികളും.

മുമ്പ് ജാര്‍ഖണ്ഡില്‍വെച്ച് അറസ്റ്റുചെയ്യപ്പെട്ട സി.പി.ഐ (മാവോയിസ്റ്റ്)യുടെ പോളിറ്റ്ബ്യൂറോ അംഗം അമിതാഭ് ബക്ഷി മാവോയിസ്റ്റുകളുടെ വിദേശ ബന്ധങ്ങളിലേക്കും സന്നദ്ധസംഘടനാ ബാന്ധവത്തിലേക്കും വെളിച്ചം വീശുന്ന വിവരങ്ങളടങ്ങിയ മൊഴി നല്കിയിട്ടുണ്ട്. ജാര്‍ഖണ്ഡിലും ലാല്‍ഗഡിലുമെല്ലാം എത്രയോ കാലങ്ങളായി ഗോത്രമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളാണ് മാവോയിസ്റ്റ് സായുധ ആക്ഷനുകള്‍ സാഹചര്യമൊരുക്കിക്കൊടുക്കുന്നത്.

ആദിവാസി ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഇന്ത്യയെ അസ്ഥിരീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്വത്വരാഷ്ട്രീയ ഗ്രൂപ്പുകളാണ് മാവോയിസ്റ്റ്-എന്‍.ജി.ഒ ബാന്ധവത്തിന്റെ അച്ചുതണ്ടായി വര്‍ത്തിക്കുന്നത്. അമേരിക്കയും യൂറോപ്പും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ നെറ്റ്‌വര്‍ക്കിന്റെ ലെയ്‌സണ്‍ ചുമതലയുള്ള അലന്‍ഡ്യൂറന്റും ട്വിന്‍സ്മിത്തുമാണ് ഛത്തീസ്ഗഢിലെയും ജാര്‍ഖണ്ഡിലെയും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ആളും അര്‍ത്ഥവും ഒരുക്കിത്തരുന്നതെന്ന് അമിതാഭ് ബക്ഷി വെളിപ്പെടുത്തിയിട്ടുണ്ട്.

വിപ്ലവത്തെയും സാമൂഹ്യമാറ്റത്തെയും സംബന്ധിച്ച തെറ്റായ വീക്ഷണങ്ങളാണ് ആഗോളസന്നദ്ധ സംഘടനാ രാഷ്ട്രീയത്തിന്റെയും സ്വത്വവാദ പ്രസ്ഥാനങ്ങളുടെയും പ്രത്യയശാസ്ത്ര സംഘടനാ മുന്നണികളിലേക്ക് മാവോയിസ്റ്റുകളെക്കൊണ്ടെത്തിച്ചത്.

ഭരണകൂടനയങ്ങളാല്‍ അടിച്ചിറക്കപ്പെടുന്നവരും നിരാലംബരും കോര്‍പ്പറേറ്റ് മൂലധനം ജീവിതത്തില്‍നിന്ന് പറിച്ചെറിയുന്നവരുമായവരുടെ അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടമാണ് മാവോയിസ്റ്റുകള്‍ നടത്തുന്നതെന്ന് പ്രചരിപ്പിക്കുന്ന വന്‍കിട മാദ്ധ്യമങ്ങളും ചില ബുദ്ധിജീവികളും കഥയറിയാതെ ആട്ടംകാണുന്നവര്‍ മാത്രമല്ല, കാല്പനിക പരിവേഷം നല്കി മനുഷ്യത്വരഹിതമായ മാവോയിസ്റ്റുകളുടെ ഭീകര പ്രവര്‍ത്തനങ്ങളെ മറച്ചുപിടിക്കുകയും ഒരര്‍ത്ഥത്തില്‍ ന്യായീകരിക്കുകയും ചെയ്യുകയുമാണവര്‍.

20 വര്‍ഷക്കാലംകൊണ്ട് 12000-ലേറെ മനുഷ്യരെയാണ് മാവോയിസ്റ്റുകള്‍ കൊലചെയ്തിട്ടുള്ളത്. ഇതില്‍ 1300 പേര്‍ മാത്രമാണ് സൈനികരും അര്‍ദ്ധ സൈനികരും. മാവോയിസ്റ്റുകള്‍ കൊലചെയ്ത ഭൂരിപക്ഷംപേരും ആദിവാസികളും സാധാരണക്കാരുമാണ്. സി.പി.ഐ(എം), കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ്.

കോര്‍പ്പറേറ്റ് അധിനിവേശത്തോടും സാമൂഹ്യ അടിച്ചമര്‍ത്തലുകളോടും രോഷാകുലരാകുന്ന ജനസമൂഹങ്ങളെയാകെ സംഘടിതവും ദേശവ്യാപകവുമായ എല്ലാ ബഹുജനമുന്നേറ്റങ്ങളില്‍നിന്നും പ്രസ്ഥാനങ്ങളില്‍നിന്നും അകറ്റിയെടുക്കുകയാണ് ഫലത്തില്‍ മാവോയിസ്റ്റുകള്‍ ചെയ്യുന്നത്. അവരുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്ന അരാജകത്വവും ഭരണകൂട അടിച്ചമര്‍ത്തലും ജനാധിപത്യപരമായ വിപ്ലവ പ്രയോഗങ്ങളെ അസാദ്ധ്യമാക്കുക എന്ന ഭരണവര്‍ഗ്ഗതാല്പര്യങ്ങളെ സഹായിക്കുന്നതാണ്.

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാവോയിസ്റ്റ് സായുധ സംഘങ്ങള്‍ അലഞ്ഞുതിരിയാന്‍ തുടങ്ങിയത്. തീക്ഷ്ണമായ സാമൂഹ്യ സാമ്പത്തിക അടിച്ചമര്‍ത്തലുകള്‍ നിലനില്‍ക്കാത്ത കേരളീയ സാഹചര്യത്തില്‍ മാവോയിസ്റ്റുകളുടെ രാഷ്ട്രീയത്തിന് യാതൊരുവിധ പ്രസക്തിയുമില്ല.

ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുകയെന്ന വലതുപക്ഷ അജണ്ടയുടെ പ്രചാരകന്മാരാണ് മാവോയിസ്റ്റുകളെ ഇവിടെ ആദര്‍ശവല്‍ക്കരിച്ചുകൊണ്ടിരിക്കുന്നത്. മേല്‍വിവരിച്ചതുപോലെ അങ്ങേയറ്റം അപകടകരമായ പ്രതിലോമ കൂട്ടുകെട്ടിലേക്കും മനുഷ്യത്വരഹിതമായ ഇടതുപക്ഷ വേട്ടയിലേക്കും മാവോയിസ്റ്റുകളെ എത്തിച്ചത് അവരുടെ തെറ്റും വിഭാഗീയവും അതിസാഹസികതാപരമായ രാഷ്ട്രീയ വീക്ഷണങ്ങളുമാണ്.

ഇത്തരം ആപല്ക്കരമായ വ്യതിയാനങ്ങളിലേക്കും ഇടതുപക്ഷ വിരുദ്ധതയിലേക്കും വിപ്ലവമാഗ്രഹിക്കുന്ന ജനസമൂഹങ്ങളെ വലിച്ചടുപ്പിക്കുവാനുള്ള ഉപജാപങ്ങളെയും ഗൂഢാലോചനകളെയും അതിനായുള്ള അന്താരാഷ്ട്ര സന്നദ്ധസംഘടനകളുടെ ആസൂത്രിത പദ്ധതികളെയും കുറിച്ച് ഇടതുപക്ഷ വിപ്ലവശക്തികള്‍ ജാഗരൂകരാകേണ്ടതുണ്ട്.

കെ.ടി കുഞ്ഞിക്കണ്ണന്‍
സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍