അമ്പലങ്ങള്‍ കയറിയിറങ്ങി രാഹുല്‍ നല്‍കുന്ന സന്ദേശമെന്ത് ?
DISCOURSE
അമ്പലങ്ങള്‍ കയറിയിറങ്ങി രാഹുല്‍ നല്‍കുന്ന സന്ദേശമെന്ത് ?
കെ.ടി. കുഞ്ഞിക്കണ്ണന്‍
Tuesday, 13th December 2022, 5:32 pm
നെഹ്‌റുവിന്റെ സെക്കുലറിസത്തെയും ജനാധിപത്യത്തെയും പരിഹാസ്യമാക്കുന്ന കെട്ടിയാട്ടമായി അധപതിച്ച ജോഡോ യാത്ര ഹിന്ദുത്വത്തിന്റെ കളത്തിലെ കളി മാത്രമാണെന്ന് നെഹ്‌റുവിന്റെ പാര്‍ട്ടിക്കാരായ കോണ്‍ഗ്രസിലാരെങ്കിലും തിരിച്ചറിയുന്നുണ്ടോ? നെഹ്‌റുവില്‍ നിന്നും കോണ്‍ഗ്രസ് രാഹുലില്‍ എത്തുമ്പോഴേക്കും സെക്കുലര്‍ വിരുദ്ധ മതരാഷ്ട്രീയത്തിലേക്ക് കോണ്‍ഗ്രസ് അധപതിക്കുകയാണ്.

ദേശീയ അധികാരം കയ്യടക്കി ഭൂരിപക്ഷ മതത്തെ ദേശീയതയും രാഷ്ട്രവുമാക്കി പരിവര്‍ത്തനപ്പെടുത്താനുള്ള ഫാസിസ്റ്റ് നീക്കങ്ങളാണ് കഴിഞ്ഞ എട്ട് വര്‍ഷക്കാലമായി സംഘപരിവാര്‍ നടത്തികൊണ്ടിരിക്കുന്നത്. ആഗോള ഫൈനാന്‍സ് മൂലധനവും ഭൂരിപക്ഷ ഹൈന്ദവ വര്‍ഗീയതയും ചേര്‍ന്ന് രൂപപ്പെടുത്തിയ ഹിന്ദുത്വത്തെ പ്രതിരോധിക്കാന്‍ മതനിരപേക്ഷ നിലപാടുകളില്‍ നിന്നുള്ള വിശാല ജനകീയ ഐക്യത്തിലൂടെയേ കഴിയൂ.

ഇക്കാര്യം മറന്നുകൊണ്ടാണ് മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസും അതിന്റെ നേതാവായ രാഹുല്‍ ഗാന്ധിയും ബി.ജെ.പി വിരുദ്ധ പ്രചരണം നടത്തുന്നത്.

ഹിന്ദുത്വ വിരുദ്ധ ശക്തികളുടെ ഐക്യവും രാജ്യത്തിന്റെ ഉദ്ഗ്രഥനവും പറഞ്ഞ് കേരളത്തില്‍ നിന്നാരംഭിച്ച ജോഡോ യാത്ര വടക്കോട്ട് നീങ്ങിക്കൊണ്ടിരിക്കെ ഭൂരിപക്ഷ മതത്തിന്റെ കളത്തില്‍ കളിയായി അധപതിച്ചിരിക്കുന്നുവെന്നാണ് കാണുന്നത്. രാഹുല്‍ ഒരു ഹിന്ദു സന്യാസിയുടെ വേഷം കെട്ടുന്നു. ഒരു ഹിന്ദു ക്ഷേത്രവും വിടാതെ കയറിയിറങ്ങുന്നു. റയ്ച്ചൂരില്‍ സ്വാമി രാഘവേന്ദ്രയുടെ മഠത്തില്‍ ചെന്ന് ആരതി ഉഴിയുന്നു. ഉജ്ജ്വയിനിയിലെ മഹാകല്‍ ക്ഷേത്രമടക്കമുള്ള ഹിന്ദു ക്ഷേത്രങ്ങളിലെല്ലാം ചെന്ന് സാഷ്ടാംഗ നമസ്‌കാരം നടത്തുന്നു.

ഭൂരിപക്ഷ മതത്തിന്റെ വിശ്വാസാചാരങ്ങളെയും ദേവാലയങ്ങളെയും പിന്തുടര്‍ന്നും സന്ദര്‍ശിച്ചും എന്ത് സന്ദേശമാണ് ജോഡോ യാത്ര നല്‍കുന്നത്?

നെഹ്‌റുവിന്റെ സെക്കുലറിസത്തെയും ജനാധിപത്യത്തെയും പരിഹാസ്യമാക്കുന്ന കെട്ടിയാട്ടമായി അധപതിച്ച ജോഡോ യാത്ര ഹിന്ദുത്വത്തിന്റെ കളത്തിലെ കളി മാത്രമാണെന്ന് നെഹ്‌റുവിന്റെ പാര്‍ട്ടിക്കാരായ കോണ്‍ഗ്രസിലാരെങ്കിലും തിരിച്ചറിയുന്നുണ്ടോ? മതേതര ഇന്ത്യയെ തകര്‍ത്ത് മത രാഷ്ട്രമുണ്ടാക്കുകയാണ് ഹിന്ദുത്വവാദികളെന്ന് കോണ്‍ഗ്രസുകാര്‍ തിരിച്ചറിയാതെ പോകുന്നതെന്ത് കൊണ്ടാകാം ?

സെക്കുലറിസത്തെ ഇന്ത്യയില്‍ അതിന്റെ മതനിരപേക്ഷ അര്‍ത്ഥങ്ങളില്‍ നിന്നും മതവുമായി ബന്ധപ്പെടുത്തി ആത്മീയാര്‍ത്ഥം നല്‍കി അവതരിപ്പിച്ചത് നെഹ്റുവിന്റെ ശത്രുക്കളായ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയായിരുന്നു. നെഹ്‌റുവില്‍ നിന്നും കോണ്‍ഗ്രസ് രാഹുലില്‍ എത്തുമ്പോഴേക്കും സെക്കുലര്‍ വിരുദ്ധ മതരാഷ്ട്രീയത്തിലേക്ക് കോണ്‍ഗ്രസ് അധപതിക്കുകയാണ്.

ഭൂരിപക്ഷതയെ പ്രത്യയശാസ്ത്രമാക്കുകയാണ് ഹിന്ദു ദേവാലയങ്ങളും ആശ്രമങ്ങളും സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധിയെന്ന് തോന്നുന്നു. സെക്കുലറിസത്തെ തന്നെ മതാധിഷ്ഠിത രാഷ്ട്രീയമാക്കുന്ന സത്യാനന്തരകാല പ്രതിപക്ഷ രാഷ്ട്രീയമാകാം രാഹുലിലൂടെ രാജ്യം ദര്‍ശിക്കുന്നത്…

ഹിന്ദുത്വത്തെ പുല്‍കുന്ന മതേതര നിര്‍വചനങ്ങള്‍ ഒളിപ്പിച്ച് കടത്താനാണ് രാഷ്ട്രീയ വ്യവഹാരത്തിലും മതം പ്രസക്തമാണെന്ന വാദങ്ങള്‍ പലരും ഉയര്‍ത്തുന്നത്. രാഷ്ട്രീയവുമായി മതത്തെ കൂട്ടികുഴക്കുന്ന അത്തരം നിലപാടുകള്‍ ഇന്ന് അപകടകരമായ മാനം കൈവരിച്ചിരിക്കുന്നു. ഒരു മതത്തെ ദേശീയവും മറ്റെല്ലാ പ്രബല മതങ്ങളെയും വൈദേശികവുമായി വ്യവഹരിക്കുന്നതിലേക്ക് ചുരുങ്ങി കഴിഞ്ഞിരിക്കുന്നു.

ന്യൂനപക്ഷങ്ങളെ അപകടകാരികളും രാഷ്ട്രത്തിന്റെ ശത്രുക്കളുമായി കണ്ട് വേട്ടയാടുന്ന ഹിന്ദുത്വം പൊതുബോധമായി മാറുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. അതാണ് രാഹുലിന്റെ ജോഡോ യാത്രയും സാക്ഷ്യപ്പെടുത്തുന്നത്.

Content Highlight: KT Kunhikannan write up on Rahul Gandhi, Bharat Jodo Yatra and Congress

കെ.ടി. കുഞ്ഞിക്കണ്ണന്‍
സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍