അപര്‍ണ എസ്.എഫ്.ഐ അല്ലായിരുന്നെങ്കില്‍ അവര്‍ക്ക് വേണ്ടി ഐക്യദാര്‍ഢ്യത്തിന്റെ മഹാകാവ്യങ്ങള്‍ പിറന്നേനെ : എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ
Interview
അപര്‍ണ എസ്.എഫ്.ഐ അല്ലായിരുന്നെങ്കില്‍ അവര്‍ക്ക് വേണ്ടി ഐക്യദാര്‍ഢ്യത്തിന്റെ മഹാകാവ്യങ്ങള്‍ പിറന്നേനെ : എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ
ജാസിം മൊയ്തീന്‍
Tuesday, 6th December 2022, 11:19 pm

ദിവസങ്ങള്‍ക്ക് മുമ്പാണ് വയനാട്ടിലെ മേപ്പാടി പോളിടെക്‌നിക് കോളേജില്‍ വെച്ച് എസ്.എഫ്.ഐ ജില്ലാ ജോ. സെക്രട്ടറി അപര്‍ണ  ഗൗരി ക്രൂരമായ മര്‍ദ്ദനത്തിനിരയായത്. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും കേരളത്തിലെ മുഖ്യധാര മാധ്യമങ്ങല്‍ അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയത് പ്രതികളിലൊരാള്‍ക്ക് മര്‍ദനമേല്‍ക്കുകയും പ്രതികളായ രണ്ട് പേരുടെ വാഹനങ്ങള്‍ അഗ്നിക്കിരയാകുകയും ചെയ്തതോടെയാണ്. ഇത്രയും ദിവസം ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ പുലര്‍ത്തിയ മൗനം വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. ഈ പശ്ചാത്തലത്തില്‍ അപര്‍ണക്ക് മര്‍ദനമേറ്റതിന് പിന്നിലെ രാഷ്ട്രീയ കാരണങ്ങള്‍, മാധ്യമങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഈ വിഷയത്തില്‍ പുലര്‍ത്തിയ മൗനം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ സംസാരിക്കുന്നു.

എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ അപര്‍ണ ഗൗരിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നു

അപര്‍ണ ഗൗരിക്ക് നേരെയുണ്ടായ ആക്രമണം കേവലം ക്യാമ്പസ് സംഘര്‍ഷങ്ങളുടെ ഗണത്തില്‍ പെടുത്താവുന്നതാണോ, എന്താണ് അന്ന് മേപ്പാടിയില്‍ സംഭവിച്ചത് ?

അപര്‍ണ ഗൗരിക്ക് നേരെയുണ്ടായ ആക്രമണത്തെ സാധാരണ ക്യാമ്പസുകളിലുണ്ടാകുന്ന വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങളുമായി കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ല. വയനാട് ജില്ലയിലെ മേപ്പാടി പോളിടെക്‌നിക്കില്‍ സംഘടനാ ചുമതലയുള്ള വ്യക്തിയാണ് അപര്‍ണ. അവര്‍ എസ്.എഫ്.ഐയുടെ വയനാട് ജില്ലാ ജോ. സെക്രട്ടറിയുമാണ്. സംസ്ഥാന വ്യാപകമായി പോളിടെക്‌നിക് കോളേജുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം അതിന് നേതൃത്വം നല്‍കാനാണ് അപര്‍ണ അവിടെ പോയത്.

കഴിഞ്ഞ കുറെ ദിവസങ്ങളായി എസ്.എഫ്.ഐ സംസ്ഥാന വ്യാപകമായി തന്നെ ക്യാമ്പസുകളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ക്യാമ്പയിനുകളുമായി രംഗത്തുണ്ട്. അതിന്റെ ഭാഗമായി മേപ്പാടി പോളിടെക്‌നിക്കില്‍ പ്രവര്‍ത്തിച്ചുവരുന്ന ‘ട്രാബിയോക്’ എന്ന ലഹരി സംഘത്തിനെതിരെ എസ്.എഫ്.ഐ സംഘടനാ തലത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. എം.ഡി.എം.എ ഉള്‍പ്പെടെയുള്ള മാരക ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ അടിമപ്പെടാന്‍ ഈ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമാകുന്നുണ്ട്.  വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്കുമരുന്നിന്റെ വിപണനവും വിതരണവും ഈ സംഘം നടത്തുന്നുണ്ട്.

എം.എസ്.എഫ്, കെ.എസ്.യു ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളില്‍ പെട്ടവരാണ് ഈ സംഘത്തിന് നേതൃത്വം നല്‍കുന്നത്. ഈ സംഘത്തില്‍ നിന്നും പുറത്തുവന്നവരില്‍ നിന്ന് തന്നെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംഘത്തിനെതിരെ എസ്.എഫ്.ഐ വ്യാപകമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. അത് തുടരുന്നുമുണ്ട്. അപര്‍ണയടക്കമുള്ള ജില്ലയിലെ ചുമതലയുള്ള നേതാക്കളാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇതിന്റെ പ്രതികാരമെന്നോണമാണ് അപര്‍ണ ആക്രമിക്കപ്പെട്ടത്. ക്രൂരമായ മര്‍ദനത്തിനാണ് അവര്‍ ഇരയായിട്ടുള്ളത്. മുപ്പതോളം വരുന്ന ആണ്‍കുട്ടികള്‍ അപര്‍ണയെ വളഞ്ഞിട്ട് നിലത്തിട്ട് ചവിട്ടുകയായിരുന്നു.

അക്രമിസംഘത്തിന് നടുവില്‍ നിന്ന് അപര്‍ണയെ രക്ഷപ്പെടുത്തി കൊണ്ടുപോകുമ്പോള്‍ അവര്‍ ബോധരഹിതയായിരുന്നു. കഴിഞ്ഞ ദിവസം അവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോള്‍ സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ പറ്റാത്ത അവസ്ഥയിലായിരുന്നു. നെഞ്ചില്‍ ക്രൂരമായ മര്‍ദനമേറ്റ് നീര് വന്നിട്ടുണ്ട്. തലക്കും പരിക്കേറ്റിട്ടുണ്ട്. അതുകൊണ്ടു തന്നെ അപര്‍ണക്കെതിരെ ഉണ്ടായിട്ടുള്ളത് കേവലം ക്യാമ്പസുകളിലുണ്ടാകുന്ന വിദ്യാര്‍ത്ഥി സംഘര്‍ഷമായി കാണാനാകില്ല. മേപ്പാടിയില്‍ സംഭവിച്ചിട്ടുള്ളത് എം.എസ്.എഫ്, കെ.എസ്.യു എന്നീ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രോബിയാക് എന്ന ലഹരിമാഫിയ സംഘം നടത്തിയിട്ടുള്ള കൂട്ടം ചേര്‍ന്നുള്ള ക്രൂരമായ മര്‍ദ്ദനമാണ്.

അപര്‍ണ ഗൗരി

മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ ഇത്രയും ദിവസം തുടര്‍ന്നുവന്ന മൗനവും ഇന്ന് പ്രതികളിലൊരാള്‍ക്ക് മര്‍ദ്ദനമേറ്റപ്പോള്‍ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടിനെയും എങ്ങനെയാണ് കാണുന്നത് ?

അപര്‍ണക്ക് മര്‍ദനമേറ്റതിലോ, എസ്.എഫ്.ഐക്കാര്‍ ആക്രമിക്കപ്പെടുന്നതിലോ മാധ്യമങ്ങളുടെ പിന്തുണ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എസ്.എഫ്.ഐക്കാര്‍ കൊല്ലപ്പെട്ടപ്പോഴും മര്‍ദ്ദനങ്ങള്‍ക്ക് വിധേയരായപ്പോഴുമൊന്നും കേരളത്തിലെ വലതുപക്ഷ മുഖ്യധാര മാധ്യമങ്ങളുടെ പിന്തുണ ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഞങ്ങളത് ആഗ്രഹിക്കുന്നുമില്ല. ഈ പിന്തുണയൊന്നുമില്ലാതെയാണ് എസ്.എഫ്.ഐ ഇതുവരെ എത്തിയത്.

എന്നാല്‍ മേപ്പാടിയിലെ സംഭവത്തില്‍ മാധ്യമങ്ങള്‍ പുലര്‍ത്തിയ മൗനം ട്രോബിയാക് എന്ന ലഹരിമാഫിയ സംഘത്തിന് നല്‍കിയ പിന്തുണയായാണ് വിലയിരുത്തുക.  അപര്‍ണ ഗൗരി ആക്രമിക്കെപ്പട്ട് ആറാം ദിവസമാണ് മുഖ്യധാര മാധ്യമങ്ങളില്‍ അതു സംബന്ധിച്ച് ആദ്യ വാര്‍ത്തകള്‍ വരുന്നത്. അതു തന്നെ കേസില്‍ അകപ്പെട്ട ഒരു പ്രതിക്ക് മര്‍ദനമേറ്റതിന് പിന്നാലെയാണ്. അവിടെയും എസ്.എഫ്.ഐയെ പ്രതിസ്ഥാനത്ത് നിര്‍ത്താനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്.

അപര്‍ണയെ മര്‍ദിച്ച കേസിലകപ്പെട്ട, ലഹരിമാഫിയ സംഘത്തില്‍പെട്ടയാളെ മര്‍ദിച്ചത് നാട്ടുകാരാണ്. എസ്.എഫ്.ഐക്ക് അതില്‍ പങ്കില്ല. പക്ഷെ, അങ്ങനെയൊരു സംഭവം നടക്കേണ്ടി വന്നു  അപര്‍ണക്ക് മര്‍ദനമേറ്റു എന്ന ആദ്യവാര്‍ത്ത മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാന്‍. മാധ്യമങ്ങള്‍ക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ വന്നതും ഇപ്പോള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് കാരണമായി എന്നാണ് കരുതുന്നത്.

ഈ വിഷയത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുളള്ളവര്‍ തുടരുന്ന മൗനം ശ്രദ്ധിച്ചിരുന്നോ ?

അപര്‍ണക്ക് മര്‍ദ്ദനമേറ്റ് ഇത്ര ദിവസമായിട്ടും കേരളത്തിലെ സോകോള്‍ഡ് മനുഷ്യവകാശ പ്രവര്‍ത്തകര്‍ ആരും അവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി വന്നതു കണ്ടിട്ടില്ല. ഒരു പക്ഷെ അപര്‍ണ എസ്.എഫ്.ഐ അല്ലായിരുന്നു എങ്കില്‍ അവര്‍ക്ക് വേണ്ടി ഐക്യപ്പെടലിന്റെ മഹാകാവ്യങ്ങള്‍ പിറന്നേനെ. മുപ്പതിലധികം വരുന്ന ആളുകള്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ കൂട്ടം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചിട്ട് എന്തുകൊണ്ടാണ് ഇവര്‍ക്കാര്‍ക്കും ഒരു പ്രശ്‌നവും തോന്നാത്തത് എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്.

എസ്.എഫ്.ഐ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഏതെങ്കിലുമൊരു ചെറിയ സംഭവമാണെങ്കിലും അതിനെതിരെ പ്രതിഷേധകൂട്ടായ്മകളും സംയുക്ത പ്രസ്താവനകളും ഇറക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന് വിളിക്കപ്പെടുന്നവരൊന്നും ഒരു പെണ്‍കുട്ടി ഈ തരത്തില്‍ ആക്രമിക്കപ്പെട്ടതില്‍ ഒരു വാക്ക് മിണ്ടിയതായി കണ്ടിട്ടില്ല.

അക്രമിസംഘത്തിന് പിന്നിലെ രാഷ്ട്രീയമെന്താണ് ?

അക്രമിസംഘത്തിന് പിന്നില്‍ യു.ഡി.എസ്.എഫ്. വിദ്യാര്‍ത്ഥി സംഘനകളാണ് എന്നതിന് എല്ലാ വിധ തെളിവുകളുമുണ്ട്. ആദ്യ ദിവസം തന്നെ പുറത്തുവിട്ട വീഡിയോയില്‍ അത് വ്യക്തമാണ്. മാത്രവുമല്ല കഴിഞ്ഞ ദിവസങ്ങളില്‍ പ്രതികളായ യു.ഡി.എസ്.എഫ് പ്രവര്‍ത്തകരുടെ വീടുകളിലും മറ്റും നടത്തിയിട്ടുള്ള റെയ്ഡുകളില്‍ നിരവധി ലഹരി ഉത്പന്നങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ലഹരി ഉപയോഗിക്കുന്നതിന് വേണ്ടിയുള്ള ഉപകരണങ്ങളും ഇവിടങ്ങളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

ഇതിനെല്ലാം പുറമെ പ്രതികള്‍ക്ക് വേണ്ട എല്ലാ നിയമസഹായവും നല്‍കുന്നത് കല്‍പറ്റ എം.എല്‍.എ ടി.സിദ്ദീഖ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കളാണ്. ‘ട്രാബിയോക്’ എന്ന ലഹരിമാഫിയ സംഘത്തിന് പിന്നില്‍ എം.എസ്.എഫ്, കെ.എസ്.യു പ്രവര്‍ത്തകരാണ് എന്നതിന് മറ്റെന്ത് തെളിവാണ് വേണ്ടത്. ക്യാമ്പസുകളില്‍ രാഷ്ട്രീയം പറഞ്ഞും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയും എസ്.എഫ്.ഐയെ പ്രതിരോധിക്കാന്‍ കഴിയാത്തതുകൊണ്ടാണ് അവര്‍ ഇത്തരം ലഹരി സംഘങ്ങളെ കൂട്ടുപിടിക്കുന്നത്.

അപര്‍ണയുടെ നിലവിലെ ആരോഗ്യസ്ഥിതി എന്താണ്, പൊലീസ് അന്വേഷണത്തില്‍ പുരോഗതിയുണ്ടോ ?

കഴിഞ്ഞ ദിവസം ആശുപത്രിയില്‍ അപര്‍ണയെ സന്ദര്‍ശിച്ചിരുന്നു. അപ്പോള്‍ സംസാരിക്കാനോ, നല്ല രീതിയില്‍ ഭക്ഷണം കഴിക്കാനോ പറ്റാത്ത അവസ്ഥയിലായിരുന്നു. ഇന്ന് നേരിയ പുരോഗതിയുണ്ട്. മര്‍ദമേറ്റതുമായി ബന്ധപ്പെട്ട് നിലവില്‍ പൊലീസില്‍ പരാതി നിലനില്‍ക്കുന്നുണ്ട്. പ്രതികളില്‍ ചിലരെ പൊലീസ് പിടികൂടിയിട്ടുണ്ട്. നിലവില്‍ നല്ല നിലയില്‍ തന്നെയാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.

content highlight : SFI State Secretary PM Arshaw speaks about SFI leader Aparna Gauri being beaten up in Wayanad

 

ജാസിം മൊയ്തീന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍