ദൈവവും മിത്തുമെല്ലാം ഹിന്ദുത്വവാദികള്‍ക്ക് ധ്രുവീകരണോപകരണങ്ങള്‍
DISCOURSE
ദൈവവും മിത്തുമെല്ലാം ഹിന്ദുത്വവാദികള്‍ക്ക് ധ്രുവീകരണോപകരണങ്ങള്‍
കെ.ടി. കുഞ്ഞിക്കണ്ണന്‍
Thursday, 27th July 2023, 4:45 pm

‘മുസ്‌ലിം- കമ്മ്യൂണിസ്റ്റായ ഷംസീര്‍’ ഗണപതിയെ അപമാനിച്ചു, ഹിന്ദു ദൈവങ്ങളെ അപമാനിച്ചു എന്നൊക്കെ പറഞ്ഞ് സംഘി പ്രൊഫൈലുകള്‍ വലിയ രീതിയില്‍
വിദ്വേഷ പ്രചരണം അഴിച്ചുവിടുകയാണ്. വര്‍ഗീയതയുടെ കാളകൂട വിഷം ഹൃദയത്തിലൊളിപ്പിച്ചുവെച്ച സംഘികള്‍ ഗണപതിയെവെച്ച് കളിച്ചു നോക്കുകയാണ്. ജിഹാദികളും കമ്മികളും ചേര്‍ന്ന് ഗണപതി ദൈവത്തെ അപമാനിച്ചുവെന്ന രീതിയിലാണ് വര്‍ഗീയ പ്രചരണം. പ്രവാചകനിന്ദ നടത്തിയ നുപൂര്‍ ശര്‍മ്മയെ ഓര്‍മപ്പെടുത്തി ഹിന്ദു ദൈവങ്ങളെ അപമാനിച്ചാല്‍ അതുപോലെ തിരിച്ചടിക്കുമെന്നൊക്കെ ഇവര്‍ പറയുന്നത്‌കേട്ടു.

അപരമതവിരോധത്തിന്റെ കാളകൂട വിഷം തലയില്‍ക്കയറിയരാണ് സംഘികളള്‍. അവരാണ് വിദ്യാഭ്യാസരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മിത്തുകളെ ശാസ്ത്രമാക്കുന്ന പ്രതിലോമപ്രവണതകളെ കുറിച്ച് ഷംസീര്‍ നടത്തിയ പ്രസംഗത്തെ ഗണപതി ദൈവത്തെ അപമാനിക്കലാണെന്നൊക്കെ വരുത്തിതീര്‍ക്കുന്നത്. അവരാണ് ഇതിന്റെ പേരില്‍വര്‍ഗീയത പടര്‍ത്താനുള്ള ശയനപ്രദക്ഷിണം നടത്തുന്നത്.

എ.എൻ. ഷംസീര്‍

ഇക്കളിയൊന്നും കേരളത്തില്‍ ഏശാന്‍ പോവുന്നില്ലായെന്ന് ചിന്തിക്കാനുള്ള ശേഷിയൊന്നും മസ്തിഷ്‌ക്കകോശങ്ങളിലാകെ മുസ്‌ലിം വിരോധവും കമ്മ്യൂണിസ്റ്റ് വിരോധവും പിടിപെട്ട സംഘികള്‍ക്ക് ഉണ്ടാവില്ലല്ലോ.

സംഘപരിവാറിന്റെ ഗണപതിയെവെച്ചുകൊണ്ടുള്ള വര്‍ഗീയക്കളിക്ക്
ദശകങ്ങളുടെ ചരിത്രമുണ്ട്. രാജ്യവ്യാപകമായി ഗണപതിയെ ഇറക്കിയുള്ള ബി.ജെ.പി നേതാക്കളുടെ കളി, 1992ല്‍ ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷമുണ്ടായ വര്‍ഗീയ ലഹളകളുടെ തുടര്‍ച്ചയാണ്.

ഗണേശവിഗ്രഹങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ പാല് കുടിച്ചെന്ന സാക്ഷ്യം പറയലുമായിട്ടാണ് 1995ല്‍ അദ്വാനിയെ പോലുള്ള നേതാക്കള്‍ ഗണേശഭക്തരെ
വികാരം കൊള്ളിച്ചത്. ഗണപതി ഭഗവാന്റെ വിഗ്രഹം പാല് കുടിക്കുന്നത് താന്‍ നേരിട്ട് കണ്ടുവെന്ന പ്രചാരണവുമായിറങ്ങിയത് മുരളി മനോഹര്‍ ജോഷിയായിരുന്നു.

മുരളി മനോഹര്‍ ജോഷിയും എന്‍.കെ. അദ്വാനിയും

 

ദല്‍ഹിയിലെ ഭരണ ഉപശാലകളിലെ ഇന്ത്യന്‍ റാസ്പുട്ടിനായിരുന്ന സാക്ഷാല്‍ ചന്ദ്രസ്വാമി, തന്റെ ധ്യാനത്തിന്റെ ഫലമായിട്ടാവാം ഗണേശവിഗ്രഹങ്ങള്‍ പാല് കുടിച്ചതെന്ന് തന്റെ അനുയായികളെ ഇറക്കി അക്കാലത്ത് പ്രചരണവും നടത്തിയിരുന്നു.

ഹൈന്ദവ പുരാണങ്ങളില്‍ ഗണപതി തീറ്റപ്രിയനായ ദൈവമാണ്. എത്ര തിന്നാലും വിശപ്പടങ്ങാത്ത ഗണപതിക്ക് വിശപ്പ് അടങ്ങണമെങ്കില്‍ മാതാപിതാക്കള്‍ നല്‍കുന്ന പഴം തന്നെ തിന്നണം. ഐതിഹ്യത്തില്‍ നമ്മളറിയുന്ന ഗണപതി പാല്‍പ്രിയനോ അത് മാത്രം കഴിച്ചുകൂട്ടുന്ന ദൈവമോ അല്ല. എന്നിട്ടും,
വിശ്വാസങ്ങളിലും പുരാണങ്ങളിലും കാണാത്ത സ്വഭാവ വിശേഷണങ്ങളുള്ള ഗണപതിയെ സൃഷ്ടിച്ച്, സന്യാസിമാരെ ഇറക്കി ഗണേശവിഗ്രഹങ്ങള്‍ക്ക് ജീവ ചൈതന്യം വെക്കുമെന്ന് വരെ പ്രചരിപ്പിച്ചു.

ആയിരക്കണക്കിന് ഭക്തര്‍ പല നഗരങ്ങളിലും വിഗ്രഹങ്ങള്‍ക്ക് ജീവന്‍ വെക്കുന്നതും നോക്കി രാവും പകലും കാത്തിരുന്നു. എന്നാല്‍ ഗണപതിയുടെ പാല് കുടി പ്രതിഭാസത്തെ കുറിച്ച് ശാസ്ത്രജ്ഞര്‍ പഠനം നടത്തി. അവര്‍ സത്യം വിശദീകരിച്ചപ്പോഴാണ് ചില പൂജാരിമാരെ വെച്ച് സംഘപരിവാര്‍ ഒപ്പിച്ച വേലയായിരുന്നു ഈ പാല് കുടി പ്രതിഭാസമെന്ന് വ്യക്തമായത്.

ഗണേശവിഗ്രഹനിമഞ്ജന ഉത്സവങ്ങളുടെ ഭാഗമായുണ്ടായ വര്‍ഗീയ കലാപങ്ങളുടെ തുടര്‍ച്ചയായിരുന്നു ഈ പാല് കുടി നടകം. ഭക്തസ സമൂഹത്തെ ഇളക്കിയെടുക്കാനും വിശ്വാസഭ്രാന്ത് വളര്‍ത്താനുമുള്ള ആസൂത്രിത നീക്കമായിരുന്നു ഇതെല്ലാം.

തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് വിദ്വേഷവും വര്‍ഗീയ ധ്രുവീകരണവുമുണ്ടാക്കാനണവര്‍
ഗണപതിയെ ഇറക്കി കളിച്ചത്. മിത്തും ദൈവവുമെല്ലാം ഹിന്ദുത്വവാദികള്‍ക്ക് ഭൂരിപക്ഷ ധ്രുവീകരണമുണ്ടാക്കാനുള്ള ഉപകരണങ്ങള്‍ മാത്രമാണ്. അപര മതവിരോധമല്ലാതെ അവര്‍ക്കൊരു ഭക്തിയും വിശ്വാസവുമൊന്നുമില്ലായെന്നതാണ് യാഥാര്‍ത്ഥ്യം.

Content Highlight: KT Kunhikannan write up in A.N. Shamseer’s  speech 

കെ.ടി. കുഞ്ഞിക്കണ്ണന്‍
സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍