വിട്ടുവീഴ്ചയുണ്ടാകില്ല, ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും ഒരുമിച്ച് എതിര്‍ക്കുകയാണ് ലക്ഷ്യം; മാത്യു ടി. തോമസ് സംസാരിക്കുന്നു
Dool Talk
വിട്ടുവീഴ്ചയുണ്ടാകില്ല, ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും ഒരുമിച്ച് എതിര്‍ക്കുകയാണ് ലക്ഷ്യം; മാത്യു ടി. തോമസ് സംസാരിക്കുന്നു
ആര്യ. പി
Wednesday, 26th July 2023, 3:58 pm
ബെംഗളൂരുവില്‍ വെച്ച് അവര്‍ നടത്തിയ ആദ്യ യോഗത്തില്‍ ഞങ്ങള്‍ക്ക് ക്ഷണമുണ്ടായിരുന്നില്ല. പിന്നെ ഞങ്ങളുടെ രാഷ്ട്രീയ നിലപാട് എന്നത് ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും ഒരുപോലെ എതിര്‍ക്കുക എന്നതാണ്. അതുകൊണ്ട് തന്നെയായിരിക്കാം കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത ഒരു മുന്നണിയിലേക്ക് ഞങ്ങളെ ക്ഷണിക്കാതിരുന്നത്...ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റും എം.എല്‍.എയുമായ മാത്യു ടി. തോമസുമായി ഡൂള്‍ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ ആര്യ.പി നടത്തിയ അഭിമുഖം

കര്‍ണാടകയില്‍ ബി.ജെ.പിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം ജെ.ഡി.എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തിന്റെ താത്പര്യം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

എന്നാല്‍ ഇന്നലെ ബെംഗളൂരുവില്‍ പാര്‍ട്ടി മേധാവിയായ എച്ച്.ഡി. ദേവഗൗഡ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ് സ്വതന്ത്രമായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ജെ.ഡി.എസ് എന്‍.ഡി.എയുടെ ഭാഗമായേക്കുമെന്ന സാധ്യതകള്‍ തള്ളിക്കൊണ്ടാണെന്ന് ദേവഗൗഡ ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നത്. ബി.ജെ.പിയോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ ജെ.ഡി.എസില്‍ ആശയക്കുഴപ്പമുണ്ടോ?

ഇക്കാര്യങ്ങളില്‍ പാര്‍ട്ടിയെ നയിക്കുന്നത് പാര്‍ട്ടി സ്വീകരിച്ചിട്ടുള്ള പൊളിറ്റിക്കല്‍ റെസല്യൂഷനാണ്. 2022 ഒക്ടോബറില്‍ ബെംഗളൂരുവില്‍ ചേര്‍ന്ന നാഷണല്‍ പ്ലീനം അതോറിറ്റിയുടെ പൊളിറ്റിക്കല്‍ റെസല്യൂഷന്‍ ബി.ജെ.പിയുടെ വര്‍ഗീയ പ്രീണന നയങ്ങളേയും സാമാന്യ ജനത്തെ ബുദ്ധിമുട്ടിലാക്കുന്ന സാമ്പത്തിക നയങ്ങളേയും എതിര്‍ക്കുക എന്നതായിരുന്നു. ഇത്തരം നയങ്ങള്‍ക്ക് രാജ്യത്ത് തുടക്കം കുറിച്ചത് കോണ്‍ഗ്രസ് ഗവര്‍മെന്റുകളാണ്.

നവലിബറല്‍ സാമ്പത്തിക നയം രാജ്യത്ത് കൊണ്ടുവരികയും ബി.ജെ.പിയുടെ വര്‍ഗീയതയെ വളര്‍ത്താനാകുന്ന ബൗദ്ധിക സാഹചര്യം ഒരുക്കിക്കൊടുക്കയും ചെയ്തത് കോണ്‍ഗ്രസാണ്. അതുകൊണ്ട് കോണ്‍ഗ്രസിനേയും ബി.ജെ.പിയേയും ഒരുപോലെ എതിര്‍ക്കണമെന്നാണ് നാഷണല്‍ പ്ലീനം പാസ്സാക്കിയ പൊളിറ്റിക്കല്‍ റസെല്യൂഷനില്‍ പറയുന്നത്.

പാര്‍ട്ടിയുടെ നിലപാട് അതില്‍ നിന്ന് വിഭിന്നമാകുന്നത് ആ ബോഡിയില്‍ നിന്ന് തന്നെ വേറെ തീരുമാനം ഉണ്ടാകുമ്പോഴാണ്. അത് ഉണ്ടാകാത്തിടത്തോളം കാലം ആ ഒരു നയത്തില്‍ ഊന്നിനിന്നുകൊണ്ട് മാത്രമേ പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ.

ബി.ജെ.പിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന എച്ച്.ഡി. കുമാരസ്വാമിയുടെ പ്രസ്താവനക്ക് പിന്നാലെ ബി.ജെ.പിക്കൊപ്പം തങ്ങള്‍ പോകില്ലെന്നും ഇടതുമുന്നണിക്കൊപ്പം തുടരുമെന്നുമായിരുന്നു ജെ.ഡി.എസിന്റെ മുതിര്‍ന്ന നേതാവും വൈദ്യുതി മന്ത്രിയുമായ കെ. കൃഷ്ണന്‍കുട്ടി ഈ വിഷയത്തില്‍ പ്രതികരിച്ചത്. ദേശീയ തലത്തില്‍ പാര്‍ട്ടി സഖ്യമുണ്ടാക്കിയാലും കേരളത്തില്‍ അത് ബാധിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്താണ് ഇതില്‍ താങ്കളുടെ ഒരു നിലപാട്?

ദേശീയതലത്തില്‍ സഖ്യമില്ലെന്ന് ദേശീയ അധ്യക്ഷന്‍ തന്നെ പറഞ്ഞ സ്ഥിതിക്ക് അതില്‍ പ്രതികരണം നടത്തേണ്ടതായുള്ള സാഹചര്യമില്ല. അതുകൊണ്ട് തന്നെ ഈ ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. പാര്‍ട്ടിയുടെ പൊളിറ്റിക്കല്‍ റെസല്യൂഷനെ കുറിച്ച് ഞാന്‍ പറഞ്ഞല്ലോ, പാര്‍ട്ടിയുടെ നയവും അത് തന്നെയാണ്. അഖിലേന്ത്യാ അധ്യക്ഷന്‍ ആ നയത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ പിന്നെ മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ലല്ലോ.

ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ രാജ്യത്താകെ വലിയ പ്രതിരോധം ഉയര്‍ന്നുവരികയാണ്. ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം മത ന്യൂനപക്ഷങ്ങളിലും ദളിത്- ഗോത്ര വിഭാഗങ്ങളിലും വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. എന്താണ് ഈ വിഷയത്തിലുള്ള ജെ.ഡി.എസിന്റെ നിലപാട്?

ഏക സിവില്‍ കോഡ് എന്താണ് എന്ന് ഇതുവരെ ആരും കണ്ടിട്ടില്ല. ഒരു ബോഡി രൂപീകരിച്ച് അതിന്റെ ഒരു കരട് രൂപമൊന്നും പുറത്തുവന്നിട്ടില്ല. പക്ഷേ ഇപ്പോള്‍ ഇതിന്റെ പ്രഖ്യാപനം പൊടുന്നനെയുണ്ടായത് വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുകൊണ്ട് വോട്ടുകള്‍ എങ്ങനെ തങ്ങള്‍ക്ക് അനുകൂലമാക്കി തീര്‍ക്കാന്‍ കഴിയുമെന്ന ഒരു ലക്ഷ്യത്തിന് വേണ്ടി മാത്രമാണ്.

ഒരു രൂപത്തിലുമുള്ള വര്‍ഗീയ ധ്രുവീകരണത്തിന് രാജ്യത്തെ വിട്ടുകൊടുക്കുവാന്‍ ഞങ്ങള്‍ തയ്യാറല്ല. അതുകൊണ്ട് പ്രധാനമന്ത്രിയും ബി.ജെ.പിയും നടത്തിയ ഈ പ്രഖ്യാപനം ദുരൂപദിഷ്ടമാണ് എന്നത് വളരെ വ്യക്തമാണ്.

ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്. കോണ്‍ഗ്രസിന് ഈ വിഷയത്തില്‍ ഏകീകൃത നിലപാട് സ്വീകരിക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്ന വിമര്‍ശനം ഉയരുന്നുണ്ട്.

കേരളത്തിലെ നേതാക്കള്‍ക്കിടയിലും വിഷയത്തില്‍ ഏക അഭിപ്രായമില്ല. കരട് ലോക്സഭയില്‍ അവതരിപ്പിച്ചിട്ട് സിവില്‍ കോഡില്‍ ചര്‍ച്ച മതിയെന്ന വാദമാണ് ശശി തരൂര്‍ എം.പി ഉന്നയിക്കുന്നത്. കോണ്‍ഗ്രസിന്റെ ഈ വിഷയത്തിലെ നിലപാടിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

കോണ്‍ഗ്രസിന്റെ ഒരു ചരിത്രമുണ്ട്. കാരണം സുപ്രീം കോടതി ഷഹബാനു കേസില്‍ വിധി പറഞ്ഞ ശേഷമാണല്ലോ ഏകസിവില്‍ കോഡ് അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. അന്ന് കോണ്‍ഗ്രസിന്റെ രാജീവ് ഗാന്ധി ഗവര്‍മെന്റ് ചെയ്തത് മുസ്‌ലിം വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഓണ്‍ ഡൈവേഴ്‌സ് ആക്ട് (Muslim Women (Protection of Rights on Divorce) Act )കൊണ്ടുവരികയായിരുന്നു. അതായത് മൊഴി ചൊല്ലപ്പെടുന്ന മുസ്‌ലിം സ്ത്രീകള്‍ക്ക് വഖഫ് ബോര്‍ഡില്‍ നിന്ന് ചിലവുകൊടുക്കണമെന്ന ആശയം കൊണ്ടുവന്നത് ഒരു തരത്തിലുമുള്ള ഏകീകരണം ഉണ്ടാക്കുന്നതായിരുന്നില്ല.

സുപ്രീം കോടതി വിധിയെ എങ്ങനെ മറികടക്കാമെന്ന ശ്രമമാണ് അന്ന് നടത്തിയത്. അതുകൊണ്ട് അവരുടെ ആശയം അതില്‍ വളരെ വ്യക്തമാണ്. എന്നാല്‍ അതേസമയം തന്നെ ഏകീകൃത സിവില്‍ കോഡ് എന്നത് ഭരണഘടനയുടെ ഭരണ നിര്‍ദേശകകത്വത്തില്‍പ്പെടുന്നതാണ്. അവിടേയ്ക്ക് രാജ്യത്തെ ക്രമാനുഗതമായി കൊണ്ടെത്തിക്കാനുള്ള പരിശ്രമം ആവശ്യമാണ്. എന്നുവെച്ച് വൈവിധ്യങ്ങളും വ്യത്യസ്ത ആചാരങ്ങളും വ്യത്യസ്ത മതചിന്തകളുമുള്ളിടത്ത് ഏകസിവില്‍ കോഡ് പൊടുന്നനെ അടിച്ചേല്‍പ്പിക്കാന്‍ വേണ്ടി ഇപ്പോള്‍ നടത്തുന്ന പരിശ്രമം ഒരു വര്‍ഗീയ അജണ്ടയുടെ ഭാഗമായിട്ടാണ്.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസിനുണ്ടായ തിരിച്ചടിയെ എങ്ങനെയാണ് നോക്കിക്കാണുന്നത്. കുമാരസ്വാമി കിങ് മേക്കറായേക്കുമെന്ന് പലരും വിധിയെഴുതിയ സമയത്താണ് 37 എം.എല്‍.എമാരും 18 ശതമാനം വോട്ടും ഉണ്ടായിരുന്ന പാര്‍ട്ടി 13 ശതമാനം വോട്ടിലേക്കും 19 എം.എല്‍.എമാരിലേക്കും ചുരുങ്ങുന്നത്. കര്‍ണാടകയില്‍ ജെ.ഡി.എസിനേറ്റ തിരിച്ചടിയെ എങ്ങനെയാണ് വിലയിരുത്തുന്നത്?

അവിടെ കോണ്‍ഗ്രസും ബി.ജെ.പിയും ഒരുപോലെ ജെ.ഡി.എസിന്റെ സീറ്റുകള്‍ കുറയ്ക്കണമെന്നും വോട്ടുകള്‍ കുറയ്ക്കണമെന്നും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍ അതേസമയം തന്നെ ഭരണകക്ഷിയായിരുന്ന ബി.ജെ.പിയെ എതിര്‍ക്കുന്ന മുഖ്യപ്രതിപക്ഷം തങ്ങളാണെന്ന ചിത്രം നേടിയെടുക്കാന്‍ കോണ്‍ഗ്രസിനും കഴിഞ്ഞു.

അതുകൊണ്ട് ഈ രണ്ട് ആശയങ്ങള്‍ക്കിടയില്‍ ഒരു മുന്നണിയിലും ചേരാതെ സ്വതന്ത്രമായി നിന്ന ജെ.ഡി.എസിന് പ്രായോഗികമായ തലത്തില്‍ വോട്ടുകള്‍ നേടാന്‍ കഴിയാതെ പോയി എന്നത് യാഥാര്‍ത്ഥ്യമാണ്. വരും കാലങ്ങളില്‍ അത് മേക്കപ്പ് ചെയ്യാന്‍ കഴിയുന്ന രാഷ്ട്രീയ പ്രവര്‍ത്തനം അവിടെ കാഴ്ചവെക്കാന്‍ കഴിയുമെന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ബഹിഷ്‌ക്കരിച്ചപ്പോള്‍ ആ പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു ജെ.ഡി.എസിന്റെ തീരുമാനം. ആ തീരുമാനം എത്രത്തോളം ശരിയായിരുന്നെന്നാണ് വിശ്വസിക്കുന്നത്. ?

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ദേവഗൗഡയെ ഇപ്പോഴത്തെ പ്രധാനമന്ത്രി നേരിട്ട് ഈ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. പാര്‍ലമെന്റ് ഹൗസിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ഞങ്ങളുടെ അഖിലേന്ത്യാ നിര്‍വാഹക സമിതി യോഗം ചേര്‍ന്നു. ഈ വിഷയം അതില്‍ ചര്‍ച്ച ചെയ്തു. മറ്റു പാര്‍ട്ടികള്‍ ഇത് ബഹിഷ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ആലോചനയും ഞങ്ങളുമായി നടത്തിയിട്ടില്ല എന്ന പശ്ചാത്തലം യോഗത്തില്‍ ഉയര്‍ന്നുവന്നു.

ഉദ്ഘാടനം ചെയ്യപ്പെടുന്ന പാര്‍ലമെന്റ് ഹൗസ് ഒരു പാര്‍ട്ടിയുടേയോ ഏതെങ്കിലും വര്‍ഗീയ സംഘടനയുടേയോ സ്വത്തല്ലെന്നും അത് ഇന്ത്യയുടെ പാര്‍ലമെന്റാണെന്നും യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ മുന്‍ പ്രധാനമന്ത്രിയോടുള്ള ക്ഷണം സ്വീകരിക്കാന്‍ അനുവാദം നല്‍കുകയും എന്നാല്‍ അതേസമയം തന്നെ ഞാന്‍ മുന്‍പേ സൂചിപ്പിച്ച രാഷ്ട്രീയ പ്ലീനമെടുത്ത പ്രമേയത്തില്‍ ഒരു രൂപത്തിലും മായം ചേര്‍ക്കേണ്ടതില്ലെന്ന് അതോടൊപ്പം തീരുമാനിക്കുകയുമാണ് ചെയ്തത്. രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ല, എന്നാല്‍ പാര്‍ലമെന്റ് ഹൗസിന്റെ ഉദ്ഘാടനത്തിന് പോകുന്നതിന് തടസ്സമില്ല എന്നതായിരുന്നു അന്നത്തെ ഞങ്ങളുടെ തീരുമാനം.

കഴിഞ്ഞ 80 ലേറെ ദിവസമായി മണിപ്പൂരില്‍ കലാപം തുടരുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കൂടി ഒത്താശയോടെയാണ് ഈ കലാപം നടക്കുന്നതെന്ന് അവിടുത്തെ ബി.ജെ.പി എം.എല്‍.എ തന്നെ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. അക്രമം അവസാനിപ്പിക്കാനുള്ള ഒരു ശ്രമവും സംസ്ഥാന സര്‍ക്കാരിന്റേയോ കേന്ദ്രസര്‍ക്കാരിന്റെയോ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നതും ഒരു യഥാര്‍ത്ഥ്യമാണ്. എത്രമാത്രം രൂക്ഷമാണ് മണിപ്പൂരിലെ കാര്യങ്ങള്‍?

വളരെ ദയനീയമാണ് അവിടുത്തെ ചിത്രം. സംസ്ഥാന സര്‍ക്കാരിന്റെ മാത്രമല്ല കേന്ദ്രസര്‍ക്കാരിന്റെ കൂടി ഒത്താശയില്ലാതെ ഒരു കലാപം ഒരു നാട്ടില്‍ ഇത്രയും കാലം നീണ്ടുനില്‍ക്കില്ല. മെയ് മൂന്നിന് ആരംഭിച്ച കലാപം ഇന്നും തുടരണമെങ്കില്‍ രണ്ട് ഗവണ്‍മെന്റിന്റേയും പിന്തുണ ആ കലാപത്തിനുണ്ട്.

ക്രിസ്ത്യന്‍ മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ കലാപത്തിന് പച്ചക്കൊടി കാട്ടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായിരിക്കുന്നത് ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇതര സംസ്ഥാനങ്ങളിലെ ധ്രുവീകരണം ലക്ഷ്യമിട്ടാണ്.

അവിടെ കലാപത്തെ അടിച്ചൊതുക്കണമെന്ന് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ അത് അടിച്ചമര്‍ത്താവുന്നതേയുള്ളൂ. എന്നാല്‍ കലാപം നടന്നോട്ടെയെന്ന ഒരു ഗ്രീന്‍ സിഗ്നല്‍ കൊടുത്തിരിക്കുന്നത് രാജ്യമെമ്പാടുമുള്ള വര്‍ഗീയ ധ്രുവീകരണം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലക്ഷ്യമിട്ടുകൊണ്ടാണ്.

അത് രാജ്യത്തിന് വലിയ അപകടം ചെയ്യും, മാനുഷിക മൂല്യങ്ങള്‍ക്ക് വലിയ അപകടം ചെയ്യും. രാജ്യത്തിന്റെ മതേതര ജനാധിപത്യ സമ്പ്രദായങ്ങള്‍ക്ക് എത്ര ആഘാതമേല്‍പ്പിച്ചാലും വേണ്ടില്ല വോട്ട് നേടി വീണ്ടും അധികാരത്തില്‍ കയറുക എന്നതാണ് തങ്ങളുടെ കാര്യപരിപാടി എന്ന് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും വീണ്ടും പ്രഖ്യാപിക്കുകയാണ് ഈ കലാപങ്ങള്‍ തുടരാന്‍ അനുവദിക്കുന്നതിലൂടെ.

അവിടുത്തേത് ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം മാത്രമാണെന്നും രാഷ്ട്രീയമോ മതപരമോ ആയ പശ്ചാത്തലം ഇതിനില്ലെന്നുമുള്ള വാദത്തെ എങ്ങനെ കാണുന്നു?

അവിടെ വര്‍ഷങ്ങളായി ഗോത്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും പ്രശ്‌നങ്ങളുമൊക്കെ നിലനില്‍ക്കുന്നുണ്ട്. ഏതാണ്ട് 39 ഓളം ഗോത്രവര്‍ഗങ്ങള്‍ അവിടെയുണ്ടെന്നാണ് മനസിലാക്കുന്നത്. എന്നാല്‍ ഇത്തവണ ഒരു വിഭാഗത്തിന് അനുകൂലമായി അവിടുത്തെ മുഖ്യമന്ത്രി പരസ്യമായി നിലപാട് സ്വീകരിക്കുകയും കലാപകാരികള്‍ക്ക് ധാര്‍മികമായ എല്ലാ പിന്തുണയും നല്‍കുകയും ചെയ്തതുകൊണ്ടാണ് ഗോത്ര കലാപം എന്നതിന് അപ്പുറത്തേക്ക് ഒരു വര്‍ഗീയ കലാപമായി അത് മാറിയിരിക്കുന്നത്.

ഒരു വംശഹത്യ തന്നെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പ്രവര്‍ത്തനമാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലുള്ള ന്യൂനപക്ഷങ്ങള്‍ക്ക് കൊടുക്കുന്ന ഒരു മെസ്സേജുകൂടിയായി ഇതിനെ ഉയര്‍ത്തിക്കാട്ടാനാണ് അവര്‍ ശ്രമിക്കുന്നത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പര്‍വതീകരിച്ചാണ് മണിപ്പൂര്‍ വിഷയത്തെ ഇപ്പോള്‍ ബി.ജെ.പി പ്രതിരോധിക്കുന്നത്. രാജസ്ഥാനിലും ഛത്തിസ്ഗഡിലും പശ്ചിമ ബംഗാളിലും ബീഹാറിലും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നില്ലേ എന്ന് ചോദിച്ചാണ് മണിപ്പൂരിലെ കുക്കി സ്ത്രീകളെ കലാപകാരികള്‍ നഗ്നരാക്കി നടത്തിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്ത വിഷയത്തെ ബി.ജെ.പി ന്യായീകരിക്കുന്നത്. ഇതിനെ എങ്ങനെ കാണുന്നു?

അത്തരം താരതമ്യത്തിലൊന്നും ഒരു കാര്യവുമില്ല. അക്രമം എവിടെ നടന്നാലും അത് അപലപനീയമാണ്. അത് കേരളത്തില്‍ ഇടതുപക്ഷം ഭരിക്കുന്നിടത്ത് നടന്നാലും ഞങ്ങള്‍ എതിര്‍ക്കും. എന്നാല്‍ ഇവിടെ ആ തോതില്‍ നടക്കുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ഒറ്റപ്പെട്ട സംഭവങ്ങളൊക്കെ എല്ലാ സംസ്ഥാനങ്ങളിലുമുണ്ടാകും. എന്നാല്‍ ഇത് സംഘടിതമായി സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ നടക്കുന്ന കലാപത്തേയും പീഡനങ്ങളേയും മറ്റു ചില സംസ്ഥാനങ്ങളില്‍ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ വെച്ച് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് വളരെ ലജ്ജാകരമാണ്.

ഏകീകൃത സിവില്‍ നിയമം വലിയ ചര്‍ച്ചാവിഷയവും രാഷ്ട്രീയ പ്രചാരണായുധവുമൊക്കെ ആകുമ്പോള്‍ മണിപ്പൂരിലെ കലാപം മുതല്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും തുടങ്ങിയ അടിസ്ഥാന വിഷയങ്ങളില്‍ നിന്നെല്ലാം ശ്രദ്ധ മാറുകയല്ലേ യഥാര്‍ത്ഥത്തില്‍. ഇതുവഴി ജനങ്ങളെയെന്നപോലെ പ്രതിപക്ഷ രാഷ്ട്രീയകക്ഷികളെയും ഭിന്നിപ്പിക്കാന്‍ കഴിയുമെന്നുമാണോ കേന്ദ്രം കണക്കുകൂട്ടുന്നത്?

അങ്ങനെയൊരു കണക്കുകൂട്ടല്‍ കേന്ദ്രത്തിന് കാണും. പക്ഷേ മറ്റുവിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിട്ടാലും ജനങ്ങളുടെ ജീവിതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് തടയിടാന്‍ സാധിക്കില്ല. ജന ജീവിതത്തിന്റെ ദുസ്സഹനീയമായ അവസ്ഥ എപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടേ ഇരിക്കും.

ജെ.ഡി.എസുമായുള്ള ലയന നീക്കങ്ങള്‍ നിന്ന് എം.വി. ശ്രേയാംസ് കുമാര്‍ നേതൃത്വം നല്‍കുന്ന എല്‍.ജെ.ഡിയെ പിന്തിരിപ്പിച്ചത് എന്താണെന്നാണ് കരുതുന്നത്? ജെ.ഡി.എസ് ദേശീയ നേതൃത്വത്തിന്റെ ഇത്തരം ചാഞ്ചാട്ടങ്ങളാണോ?

അത് അവരോടല്ലേ ചോദിക്കേണ്ടത് എന്നോടല്ലല്ലോ. ഞങ്ങള്‍ പിന്മാറിയില്ലായിരുന്നു. അവരാണ് പിന്മാറിയത്. അതുകൊണ്ട് അവരോട് ചോദിക്കുക. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മറുപടി പറയുന്നത് ശരിയല്ല. അവരാണ് പിന്മാറിയത്. അവര്‍ പറയട്ടേ.

ജനതാദള്‍ യുണൈറ്റഡ് ആര്‍.ജെ.ഡി, സമാജ്‌വാദി പാര്‍ട്ടി തുടങ്ങിയ സോഷ്യലിസ്റ്റ് കക്ഷികള്‍ ബി.ജെ.പി സര്‍ക്കാരിനും നയങ്ങള്‍ക്കുമെതിരായ വലിയ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നു. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’യെ നയിക്കുകയും ചെയ്യുന്നു. ഈ അവസരത്തിലാണ് ഒരിക്കല്‍ കൃത്യമായ മതേതര നിലപാടുകള്‍ സ്വീകരിക്കുകയും സെക്കുലര്‍ എന്ന് തങ്ങളുടെ പേരായി സ്വീകരിക്കുകയും ചെയ്ത ജെ.ഡി.എസ് അതിന്റെ ഭാഗമല്ലാതിരിക്കുന്നത്, എന്താണ് അതിന്റെ കാരണം?

ഭാഗമാക്കാനുള്ള ശ്രമം അവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. മാത്രമല്ല നീതീഷ് കുമാറടക്കം ബി.ജെ.പിയുമായി ചേര്‍ന്ന് ഭരണം നടത്തിയിട്ടുള്ളവരാണ്. ഒരു ഘട്ടത്തില്‍ അവര്‍ പുറത്തുവന്ന് അവരെ എതിര്‍ക്കുന്നതില്‍ ഒരു വിശ്വാസ്യതയില്ല.

ബെംഗളൂരുവില്‍ വെച്ച് അവര്‍ നടത്തിയ ആദ്യ യോഗത്തില്‍ ഞങ്ങള്‍ക്ക് ക്ഷണമുണ്ടായിരുന്നില്ല. പിന്നെ ഞങ്ങളുടെ രാഷ്ട്രീയ നിലപാട് എന്നത് ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും ഒരുപോലെ എതിര്‍ക്കുക എന്നതാണ്. അതുകൊണ്ട് തന്നെയായിരിക്കാം കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത ഒരു മുന്നണിയിലേക്ക് ഞങ്ങളെ ക്ഷണിക്കാതിരുന്നത്.

 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ഒന്നിച്ച് അണിനിരക്കുക എന്നതാണ് ഇന്ത്യയെന്ന പ്രതിപക്ഷ സഖ്യത്തിന്റെ ലക്ഷ്യം. ബി.ജെ.പിയെ നേരിടാന്‍ പ്രാപ്തമായ സഖ്യമാണ് ഇതെന്ന് കരുതുന്നുണ്ടോ, ജെ.ഡി.എസിന് പുതിയ ഇന്ത്യയിലുള്ള പ്രതീക്ഷ എത്രത്തോളമാണ്?

അതൊക്കെ കാത്തിരുന്ന് കാണേണ്ട കാര്യങ്ങളാണ്. നമുക്ക് കാത്തിരുന്ന് കാണാം.

 

 

ആര്യ. പി
അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.