തവനൂരില്‍ ജലീലെങ്കില്‍ എതിരാളി ആര്? ഫിറോസ് കുന്നംപറമ്പിലോ റിയാസ് മുക്കോളിയോ
Kerala Election 2021
തവനൂരില്‍ ജലീലെങ്കില്‍ എതിരാളി ആര്? ഫിറോസ് കുന്നംപറമ്പിലോ റിയാസ് മുക്കോളിയോ
ന്യൂസ് ഡെസ്‌ക്
Thursday, 14th January 2021, 12:57 pm

കോഴിക്കോട്: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലബാറിലെ ഏറ്റവും ഗ്ലാമര്‍ മണ്ഡലങ്ങളിലൊന്നാണ് തവനൂര്‍. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തില്‍ രാഷ്ട്രീയപോരാട്ടം ഇത്തവണ ചൂടുപിടിക്കുമെന്നുറപ്പാണ്. ജലീല്‍ മത്സരിക്കാന്‍ തുടങ്ങിയ 2006 മുതല്‍ ലീഗിന്റെ അഭിമാനപ്രശ്‌നമാണ് ജലീലിന്റെ ജയം.

2006 ല്‍ ഇടത് തരംഗം ആഞ്ഞടിച്ചപ്പോള്‍ മുസ്‌ലിം ലീഗിന്റെ അതികായനായ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്ത് തറപറ്റിച്ച് തുടങ്ങിയതാണ് പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ജലീലിന്റെ കുതിപ്പ്. എന്നാല്‍ 2006 ന് ശേഷം ലീഗുമായി നേരിട്ട് ജലീല്‍ മത്സരിച്ചിട്ടില്ല.

2011 ല്‍ മണ്ഡലപുനര്‍നിര്‍ണയത്തോടെ തവനൂരിലേക്ക് ചുവടുമാറ്റിയ ജലീലിന് രണ്ട് തവണയും കോണ്‍ഗ്രസ് ആയിരുന്നു എതിരാളി. സീറ്റുകള്‍വെച്ചുമാറിയാല്‍ ഇത്തവണ ലീഗ് തവനൂരില്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം മൂന്നാം തവണയും ജലീല്‍ മത്സരരംഗത്തുണ്ടാകുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. മത്സരരംഗത്ത് നിന്ന് മാറുമെന്നും അധ്യാപനത്തിലേക്ക് മടങ്ങുമെന്നും ജലീല്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ ജലീല്‍ ഒരിക്കല്‍ കൂടി മത്സരിക്കണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളിലുണ്ട്.

ഖുര്‍ആന്‍ വിവാദവും സ്വര്‍ണ്ണക്കടത്തും ഇപ്പോഴും വാര്‍ത്തയില്‍ നില്‍ക്കുന്നതിനാല്‍ ജലീല്‍ മത്സരിക്കേണ്ടതും ജയിക്കേണ്ടതും സി.പി.ഐ.എമ്മിനും ആവശ്യമാണ്.

മലപ്പുറത്ത് സി.പി.ഐ.എമ്മിന് ശക്തി വര്‍ധിപ്പിക്കാന്‍ ജലീലിന്റെ തുടര്‍സാന്നിധ്യം സഹായകമാകുമെന്നാണ് കണക്കുകൂട്ടല്‍. പൗരത്വ നിയമം അടക്കമുള്ളവയുടെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷങ്ങളെ ചേര്‍ത്തുനിര്‍ത്താന്‍ ജലീലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനാകുമെന്നാണ് കണക്കുകൂട്ടല്‍.

മത്സരിക്കാന്‍ സന്നദ്ധനാണെങ്കില്‍ സാമുദായിക നേതാക്കളുമായുള്ള അടുത്ത ബന്ധവും പിണറായിയോടുള്ള അടുപ്പവും ജലീലിന് പ്ലസ് പോയന്റാണ്.

അതേസമയം കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് ഏറ്റെടുക്കുകയാണെങ്കില്‍ സര്‍വ്വസമ്മതനായ സ്വതന്ത്രസ്ഥാനാര്‍ത്ഥിയേയാകും ലീഗ് പരിഗണിക്കുക. ഇതില്‍ മുന്‍പന്തിയിലുള്ളത് ചാരിറ്റി പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിന്റെ പേരാണ്.

ലീഗ് പ്രവര്‍ത്തകനായിരുന്നെങ്കിലും സ്വതന്ത്രനായിട്ടായിരിക്കും ഫിറോസിനെ പരിഗണിക്കുക. അതേസമയം ചാരിറ്റിക്കിടയിലെ അഴിമതി ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഫിറോസിന് സീറ്റ് കൊടുക്കുന്നതില്‍ പാര്‍ട്ടിയില്‍ നിന്ന് പൂര്‍ണ്ണപിന്തുണ ലഭിക്കുമോ എന്നതും കണ്ടറിയേണ്ടതാണ്.

മണ്ഡലം വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെങ്കില്‍ റിയാസ് മുക്കോളിയായിരിക്കും സ്ഥാനാര്‍ത്ഥി. യൂത്ത് കോണ്‍ഗ്രസ് അവകാശം ഉന്നയിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തവനൂര്‍.

മലമ്പുഴയില്‍ നടന്ന സംസ്ഥാന ക്യാമ്പില്‍ എടുത്ത തീരുമാനപ്രകാരം പട്ടിക അഖിലേന്ത്യ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് കൈമാറിയിരുന്നു. ഇതില്‍ റിയോസ് മുക്കോളിയെ തവനൂരോ പട്ടാമ്പിയിലോ മത്സരിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KT Jaleel Thavanoor Firoz Kunnamparambil Riyas Mukkoli Kerala Election