മലപ്പുറം: സമസ്ത മുശാവറ അംഗം ബഹാവുദ്ദീന്‍ നദ്‌വിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.ടി. ജലീല്‍ എം.എല്‍.എ. ഇല്ലാത്ത സര്‍വകലാശാലയുടെ കാണാത്ത വൈസ് ചാന്‍സലര്‍ പദവിയിലിരിക്കുന്ന വ്യക്തിയാണ് നദ്‌വിയെന്ന് ജലീല്‍ ആരോപിച്ചു. മലപ്പുറം കാരത്തൂരില്‍ നടക്കുന്ന ‘ഇ.എം.എസിന്റെ ലോകം’ ദേശീയ സെമിനാറില്‍ സംസാരിക്കവെയാണ് ജലീലിന്റെ പ്രസ്താവന.
‘ഈയടുത്ത കാലത്ത് ഏതോ ഒരു മതപണ്ഡിതന്‍, ഇല്ലാത്ത സര്‍വകലാശാലയുടെ കാണാത്ത വൈസ് ചാന്‍സലര്‍ പദവിയിരിക്കുന്ന ബഹാവുദ്ദീന്‍ നദ്‌വി പറഞ്ഞത് മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും നേതാക്കള്‍ക്കും വൈഫ് ഇന്‍ ചാര്‍ജ് ഉണ്ട് എന്നാണ്. സത്യത്തില്‍ അത് കേട്ട് ഞാന്‍ അത്ഭുതപ്പെട്ട് പോയി.
ബഹാവുദ്ദീന്‍ നദ്‌വി ഒരു തികഞ്ഞ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനാണെന്നും കൂടുതലായും ലീഗ് മന്ത്രിമാരെയും എം.എല്‍.എമാരെയും കണ്ടതുകൊണ്ടായിരിക്കാം അദ്ദേഹം വൈഫ് ഇന്‍ ചാര്‍ജ് പരാമര്‍ശം നടത്തിയത്,’ ജലീല്‍ പറഞ്ഞു.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോ പാലോളി മുഹമ്മദ് കുട്ടിക്കോ ഇത്തരത്തില്‍ വൈഫ് ഇന്‍ ചാര്‍ജ് ഉള്ളതായി കണ്ടിട്ടില്ലെന്നും ജലീല്‍ പറഞ്ഞു. ഇരു നേതാക്കളും വേദിയിലിരിക്കവെയാണ് ജലീലിന്റെ പ്രസ്താവന.
പല മന്ത്രിമാര്‍ക്കും എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ഭാര്യമാര്‍ക്ക് പുറമേ ഇന്‍ ചാര്‍ജ് ഭാര്യമാരുണ്ടെന്നായിരുന്നു നദ്‌വി പറഞ്ഞിരുന്നത്. കോഴിക്കോട് മടവൂരില്‍ നടന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു ഈ വിവാദ പ്രസ്താവന.
നേതാക്കള്‍ക്കൊക്കെ ഒരു ഭാര്യയായിരിക്കും ഉണ്ടാവുക. എന്നാല്‍ വൈഫ് ഇന്‍ ചാര്‍ജുകളായി വേറെ ആളുണ്ടാകും. ഇങ്ങനെ ഇല്ലാത്തവര്‍ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ ആരും ഉണ്ടാവില്ലെന്നും നദ് വി പറഞ്ഞിരുന്നു.
വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ബഹാവുദ്ദീന്‍ നദ്‌വിക്കെതിരെ ഉയര്‍ന്നിരുന്നു. നദ്‌വിയുടെ പ്രസ്താവന ഇസ്‌ലാമിക വിരുദ്ധമെന്നായിരുന്നു നാഷണല്‍ ലീഗ് പറഞ്ഞത്. നദ്‌വിയുടെ സമസ്ത മുശാവറ അംഗത്വം റദ്ദ് ചെയ്യണമെന്നും നാഷണല്‍ ലീഗ് ആവശ്യപ്പെട്ടിരുന്നു.
കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും നദ്‌വിക്കെതിരെ രംഗത്ത് വന്നിരുന്നു. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കയറിച്ചെന്ന് സംസാരിക്കുന്നത് സമസ്തയുടെ നിലപാടല്ലെന്നായിരുന്നു നദ്‌വിയെ പേരെടുത്ത് പറയാതെ അദ്ദേഹം വിമര്‍ശിച്ചത്.
അതേസമയം, നദ്‌വിയെ പിന്തുണച്ച് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി രംഗത്തെത്തിയിരുന്നു. നദ്‌വി പറഞ്ഞത് ചരിത്രപരമായ വസ്തുതയാണെന്നായിരുന്നു കൂടത്തായി പറഞ്ഞത്.
Content highlight: KT Jaleel slams Bahavudeen Nadvi over his wife in charge statement