അടിക്കുമ്പോള്‍ തടുക്കുന്നത് മഹാപരാധം, അടിക്കുന്നത് ജനാധിപത്യാവകാശം; കേരളത്തില്‍ ഇടതുപക്ഷ വിരുദ്ധ മഹാസഖ്യം വിപുലീകരിക്കപ്പെട്ടെന്ന് കെ.ടി. ജലീല്‍
Kerala News
അടിക്കുമ്പോള്‍ തടുക്കുന്നത് മഹാപരാധം, അടിക്കുന്നത് ജനാധിപത്യാവകാശം; കേരളത്തില്‍ ഇടതുപക്ഷ വിരുദ്ധ മഹാസഖ്യം വിപുലീകരിക്കപ്പെട്ടെന്ന് കെ.ടി. ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st July 2022, 9:56 am

മലപ്പുറം: കേരളത്തില്‍ ഇടതുപക്ഷ വിരുദ്ധ മഹാസഖ്യം വിപുലീകരിക്കപ്പെട്ടെന്ന് കെ.ടി.ജലീല്‍. ഇടതുപക്ഷക്കാരനെതിരെ ഒരു തുണ്ട് കടലാസിലെഴുതി ഏത് മുറുക്കാന്‍ കടയില്‍ കൊടുത്താലും നടപടി ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.ടി.ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

‘അടിക്കുമ്പോള്‍ തടുക്കുന്നത് മഹാപരാധം! അടിക്കുന്നത് ജനാധിപത്യാവകാശം’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട നടപടിയെ തുടര്‍ന്നാണ് ഇ.പി.ജയരാജനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് ഉത്തരവിട്ടത്.

വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇ.പി.ജയരാജനെ കൂടാതെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ അനില്‍ കുമാര്‍, സുനീഷ് വി.എം. എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കണ്ണൂര്‍ സ്വദേശികളായ ഫര്‍സീന്‍ മജീദ്, ആര്‍.കെ.നവീന്‍ കുമാര്‍ എന്നിവരാണ് ജയരാജനും മുഖ്യമന്ത്രിയുടെ സ്റ്റാഫിനുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

വിമാനത്തില്‍ പ്രതിഷേധിച്ചവരെ ഇ.പി.ജയരാജന്‍ മര്‍ദിച്ചതായി ഹരജിയില്‍ പറയുന്നുണ്ട്. പൊലീസിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരളത്തില്‍ ”ഇടതുുപക്ഷ വിരുദ്ധ മഹാസഖ്യം” വിപുലീകരിക്കപ്പെട്ടു!!
ഇടതുപക്ഷക്കാരനെതിരെ ഒരു തുണ്ട് കടലാസിലെഴുതി ഏത് മുറുക്കാന്‍ കടയില്‍ കൊടുത്താലും നടപടി ഉറപ്പ്.
അടിക്കുമ്പോള്‍ തടുക്കുന്നത് മഹാപരാധം!
അടിക്കുന്നത് ജനാധിപത്യാവകാശം!!
കയ്യേറ്റം ചെയ്യാന്‍ വരുമ്പോള്‍ പ്രതിരോധിക്കുന്നത് വലിയ കുറ്റം.
കയ്യേറ്റം ചെയ്യുന്നത് പ്രതിഷേധ മുറ!!
കോട്ടിട്ടവരും ഇടാത്തവരും ഒന്നിച്ചു നിന്ന് കമ്മ്യൂണിസ്റ്റ് മനസ്സുകളെ മൂക്കില്‍ വലിച്ച് കളയാമെന്ന് വിചാരിക്കുന്നുവെങ്കില്‍ അവര്‍ ചെഗുവേരയെ വായിക്കുക.

Content Highlight: KT Jaleel says that Anti-Left Grand Alliance Expanded