പന്നികള്‍ക്കല്ലെങ്കിലും പണ്ടേക്കുപണ്ടേ മനുഷ്യ വിസര്‍ജ്യത്തോടാണല്ലോ പഥ്യം; അതില്‍ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവക്കെപ്പോഴും ഇഷ്ടം: ജസ്റ്റിസ് സിറിയക് ജോസഫിന്‌ മറുപടിയുമായി ജലീല്‍
Kerala News
പന്നികള്‍ക്കല്ലെങ്കിലും പണ്ടേക്കുപണ്ടേ മനുഷ്യ വിസര്‍ജ്യത്തോടാണല്ലോ പഥ്യം; അതില്‍ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവക്കെപ്പോഴും ഇഷ്ടം: ജസ്റ്റിസ് സിറിയക് ജോസഫിന്‌ മറുപടിയുമായി ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th February 2022, 9:26 am

കോഴിക്കോട്: പട്ടി എല്ലുമായി ഗുസ്തി തുടരട്ടെയെന്ന ലോകായുക്താ ജസ്റ്റിസ് സിറിയക് ജോസഫിന്റെ പ്രസ്താവനക്ക് മറുപടിയുമായി കെ.ടി. ജലീല്‍ എം.എല്‍.എ. ഫേസ്ബുക്കിലൂടെയാണ് കെ.ടി. ജലീല്‍ ലോകായുക്തക്കെതിരെ രംഗത്തെത്തിയത്.

പുലി എലിയായ കഥ അഥവാ ഒരു പന്നി പുരാണം എന്ന തലക്കെട്ടോടെയാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘പന്നികള്‍ക്കല്ലെങ്കിലും എല്ലിന്‍ കഷ്ണങ്ങളോട് പണ്ടേ താല്‍പര്യമില്ല. പണ്ടേക്കുപണ്ടേ മനുഷ്യ വിസര്‍ജ്യത്തോടാണല്ലോ പഥ്യം. അതില്‍ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവക്കെപ്പോഴും ഇഷ്ടം,’ പോസ്റ്റില്‍ പറയുന്നു.

അധ്വാനിച്ച് തിന്നുന്ന ഏര്‍പ്പാട് മുമ്പേ പന്നികള്‍ക്ക് ഇല്ലെന്നും മറ്റുള്ളവര്‍ ഉണ്ടാക്കിയത് നശിപ്പിച്ച് അകത്താക്കലാണ് എക്കാലത്തെയും അവയുടെ ഹോബിയെന്നും ജലീല്‍ പറഞ്ഞു.

‘കാട്ടുപന്നികള്‍ക്ക് ശിപാര്‍ശ മാത്രമാണ് ശരണം. പന്നി ബന്ധുക്കളും തഥൈവ. മുംബൈയിലെ ആന്ധ്രക്കാരന്‍ കര്‍ഷകന്റെ തോട്ടത്തിലെ വിളയെല്ലാം ഒരു കൊളുന്ത പന്നി നശിപ്പിച്ചു. സ്ഥിരോല്‍സാഹിയായ പാവം കര്‍ഷകന് കൃഷിപ്പണി തന്നെ ഉപേക്ഷിക്കേണ്ടി വന്നു.

കൊളീജിയം കര്‍ഷകര്‍ സൂക്ഷിക്കുക. പന്നിയും കൊളുന്തയും എറണാങ്കുളത്തും പരിസരത്തും കറങ്ങി നടക്കുന്നുണ്ട്. മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ ആന്ധ്ര കര്‍ഷകന്റെ ഗതി വരും. ജാഗ്രതൈ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ തങ്ങളുടെ ജോലി ചെയ്യുമെന്ന് സെക്ഷന്‍ 14 പ്രകാരം റിപ്പോര്‍ട്ട് നല്‍കാന്‍ ഇപ്പോഴും അധികാരമുണ്ടെന്നും ലോകായുക്ത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നതിന് മറുപടി പറയേണ്ടതില്ലെന്നാണ് ലോകായുക്തയുടെ തീരുമാനം.

അനാവശ്യ ചര്‍ച്ചകളിലേക്ക് പോകേണ്ടതില്ല എന്നും ഹിയറിങ്ങിനിടെ ലോകായുക്ത കൂട്ടിച്ചേര്‍ത്തു.

കെ.ടി. ജലീലിന്റെ പേരെടുത്ത് പറയാതെ വഴിയില്‍ എല്ലു കടിച്ചു കൊണ്ടിരിക്കുന്ന പട്ടിയുടെ അടുത്തു ചെന്നാല്‍ എല്ല് എടുക്കാന്‍ ആണെന്ന് കരുതും, പട്ടി എല്ലുമായി ഗുസ്തി തുടരട്ടെ എന്നും ലോകായുക്ത പറഞ്ഞിരുന്നു.

കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പുലി എലിയായ കഥ: അഥവാ ഒരു പന്നി പുരാണം; ————————————-

പന്നികള്‍ക്കല്ലെങ്കിലും എല്ലിന്‍ കഷ്ണങ്ങളോട് പണ്ടേ താല്‍പര്യമില്ല. പണ്ടേക്കുപണ്ടേ മനുഷ്യ വിസര്‍ജ്ജ്യത്തോടാണല്ലോ പഥ്യം. അതില്‍ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവക്കെപ്പോഴും ഇഷ്ടം.

അധ്വാനിച്ച് തിന്നുന്ന ഏര്‍പ്പാട് മുമ്പേ പന്നികള്‍ക്ക് ഇല്ല. മറ്റുള്ളവര്‍ ഉണ്ടാക്കിയത് നശിപ്പിച്ച് അകത്താക്കലാണ് എക്കാലത്തെയും അവയുടെ ഹോബി.

കാട്ടുപന്നികള്‍ക്ക് ശുപാര്‍ശ മാത്രമാണ് ശരണം. പന്നി ബന്ധുക്കളും തഥൈവ. മുബൈയിലെ ആന്ധ്രക്കാരന്‍ കര്‍ഷകന്റെ തോട്ടത്തിലെ വിളയെല്ലാം ഒരു കൊളുന്ത പന്നി നശിപ്പിച്ചു. സ്ഥിരോല്‍സാഹിയായ പാവം കര്‍ഷകന് കൃഷിപ്പണി തന്നെ ഉപേക്ഷിക്കേണ്ടി വന്നു.

കൊളീജിയം കര്‍ഷകര്‍ സൂക്ഷിക്കുക. പന്നിയും കൊളുന്തയും എറണാങ്കുളത്തും പരിസരത്തും കറങ്ങി നടക്കുന്നുണ്ട്. മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ ആന്ധ്ര കര്‍ഷകന്റെ ഗതി വരും. ജാഗ്രതൈ.


Content Highlights: KT Jaleel responds to Justice Cyriac Joseph’s statement against him