ബ്രിട്ടാസ് പാലം, യു.ഡി.എഫ് പാര; ഈര്‍ഷ്യയല്ലാതെ ലീഗിന്റെ ബ്രിട്ടാസ് വിരുദ്ധമാലയ്ക്ക് പിന്നിലെന്ത്? പിന്തുണച്ച് കെ.ടി. ജലീല്‍
Kerala News
ബ്രിട്ടാസ് പാലം, യു.ഡി.എഫ് പാര; ഈര്‍ഷ്യയല്ലാതെ ലീഗിന്റെ ബ്രിട്ടാസ് വിരുദ്ധമാലയ്ക്ക് പിന്നിലെന്ത്? പിന്തുണച്ച് കെ.ടി. ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th December 2025, 1:26 pm

തിരുവനന്തപുരം: പി.എം. ശ്രീ വിഷയത്തില്‍ ജോണ്‍ ബ്രിട്ടാസ് എം.പിയെ പിന്തുണച്ച് കെ.ടി. ജലീല്‍ എം.എല്‍.എ. രാജ്യസഭയില്‍ ഹിന്ദുത്വ ശക്തികള്‍ക്കെതിരായി യാതൊരു ദാക്ഷിണ്യവും കാട്ടാതെ രൂക്ഷമായി വിമര്‍ശിക്കുന്ന ജോണ്‍ ബ്രിട്ടാസിനെ സംഘിയാക്കാന്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും നടത്തുന്ന ശ്രമം അങ്ങേയറ്റം നന്ദികേടാണെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ കെ.ടി. ജലീല്‍ വിമര്‍ശിച്ചു.

കര്‍ണാടകയിലെ ഹിജാബ് വിഷയം, മണിപ്പൂരിലെ ക്രിസ്ത്യന്‍ വേട്ട, ഉത്തരേന്ത്യയില്‍ മുസ്‌ലിം വിഭാഗത്തിന് നേരെ നടക്കുന്ന ആക്രമണങ്ങള്‍, ഗ്യാന്‍വാപി മസ്ജിദ് വിഷയവുമടക്കം ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ ഉന്നയിച്ച വിഷയങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞാണ് ജലീല്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ നിലപാടെടുക്കുന്ന ജോണ്‍ ബ്രിട്ടാസിനെ അപമാനിക്കുന്നത് തീര്‍ത്തും അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോണ്‍ ബ്രിട്ടാസ്. Photo: John Brittas/ Facebook.com

 

സഭയില്‍ ജോണ്‍ ബ്രിട്ടാസ് നടത്താറുള്ള ഇടപെടലുകള്‍ക്ക് സമാനമായ ഒരു ഇടപെടല്‍ ലീഗ് അംഗങ്ങളോ കോണ്‍ഗ്രസ് അംഗങ്ങളോ നടത്തിയതായി ചൂണ്ടിക്കാണിക്കാന്‍ ലീഗ് മുഖപത്രത്തെയും നേതാക്കളെയും വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പി.എം ശ്രീയില്‍ ഒപ്പുവെച്ച് ആയിരക്കണക്കിന് കോടികള്‍ അടിച്ചെടുത്തപ്പോള്‍ സാമ്പത്തികമായി ഞെരുങ്ങുന്ന കേരളത്തിന് ഒരു രൂപയും വേണ്ടെന്ന് പറയുന്നതിലെ ‘യുക്തി’ എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. കേരളത്തിന്റെ പാഠപുസ്തകങ്ങളിലോ സിലബസിലോ കേന്ദ്ര സര്‍ക്കാരിനെ തൊടാന്‍ അനുവദിക്കില്ലെന്ന് കട്ടായം പറഞ്ഞിട്ടും പൊതുവിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയെ വിശ്വാസത്തിലെടുക്കാതെ കേന്ദ്ര സര്‍ക്കാരിനെ മുഖവിലക്കെടുത്ത യു.ഡി.എഫിന്റെ ‘ബി.ജെ.പി വിരോധ തൊലിക്കട്ടി’ അപാരം തന്നെയെന്നും ജലീല്‍ പരിഹസിച്ചു.

കെ.ടി. ജലീല്‍. Photo: KT Jaleel/Facebook.com

കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ സംസ്ഥാന താത്പര്യങ്ങള്‍ക്ക് പാരകള്‍ തീര്‍ക്കുമ്പോള്‍, ബ്രിട്ടാസ് അടക്കമുള്ള ഇടതു എം.പിമാര്‍ നമുക്കായി പാലം പണിയുന്നത് കാണുമ്പോള്‍ കുരു പൊട്ടുന്നവരുടെ കുരുക്കള്‍ യഥേഷ്ടം പൊട്ടിയൊലിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബ്രിട്ടാസ് പാലമാണ്
യു.ഡി.എഫ് പാരയാണ്!

രാജ്യസഭയില്‍ ഹിന്ദുത്വ ശക്തികള്‍ക്കെതിരായി യാതൊരു ദാക്ഷിണ്യവും കാട്ടാതെ രൂക്ഷമായി വിമര്‍ശിക്കുന്ന പ്രതിപക്ഷ എം.പിമാരില്‍ അഞ്ചുപേരെ എടുത്താല്‍ അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മെമ്പറാണ് ജോണ്‍ ബ്രിട്ടാസ്. ഇംഗ്ലീഷിലും ഹിന്ദിയിലും മാറിമാറി ട്രഷറി ബെഞ്ചുകള്‍ക്കെതിരെ ആഞ്ഞടിക്കുന്ന ബ്രിട്ടാസിനെ സംഘിയാക്കാന്‍ കോണ്‍ഗ്രസ്സും ലീഗും നടത്തുന്ന ശ്രമം അങ്ങേയറ്റം നന്ദികേടാണ്.

കേരളത്തില്‍ നിന്നുള്ള എം.പിമാരില്‍ യാതൊരു സങ്കോചവും കൂടാതെ കര്‍ണ്ണാടകയിലെ ‘ഹിജാബ്’ പ്രശ്‌നവും, ഗ്യാന്‍വാപി മസ്ജിദ് വിഷയവും, മഥുരയിലെ ഈദ്ഗാഹ് പിടിച്ചടക്കല്‍ ശ്രമവും രാമക്ഷേത്ര നിര്‍മ്മാണോദ്ഘാടനവും മണിപ്പൂരിലെ ക്രിസ്ത്യന്‍ വേട്ടയും ഉത്തരേന്ത്യയിലെ മുസ്‌ലിം കശാപ്പുകളും രാജ്യസഭക്കകത്ത് പ്രകമ്പനം കൊണ്ടത് ജോണ്‍ ബ്രിട്ടാസിന്റെ നാവിലൂടെയാണ്.

ഒരുപാട് ഭാഷകള്‍ അറിയുന്ന ലീഗ് അംഗങ്ങള്‍ ‘ഇ.ഡി’പ്പേടിയില്‍ അഴകൊഴമ്പന്‍ വര്‍ത്തമാനങ്ങള്‍ പറഞ്ഞ് രക്ഷപ്പെടുമ്പോള്‍ ഭയലേശമന്യേ പൊരുതാറുള്ള മികച്ച പാര്‍ലമെന്റേറിയന്‍ ജോണ്‍ ബ്രിട്ടാസിനെ അപമാനിക്കുന്നത് തികച്ചും അപലപനീയമാണ്.

ബജറ്റ് ചര്‍ച്ചയിലും കേരളത്തിന് നിഷേധിക്കപ്പെടുന്ന സാമ്പത്തിക സഹായത്തെക്കുറിച്ചും പദ്ധതികളെ കുറിച്ചും ചാട്ടുളിപോലെ ഭരണപക്ഷ നിരയിലേക്ക് തുളച്ചു കയറാറുള്ള ബ്രിട്ടാസ്, സമീപകാലത്ത് കേരളം കണ്ട ഏറ്റവും മികച്ച രാജ്യസഭാംഗമാണെന്നതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നിര്‍മല സീതാരാമന്റെയും മൂക്കിനു നേരെ വിരല്‍ചൂണ്ടി ജോണ്‍ ബ്രിട്ടാസ് നടത്താറുള്ള ഇടപെടലുകള്‍ക്ക് സമാനമായ ഒരു ഇടപെടല്‍ ലീഗ് അംഗങ്ങളോ കോണ്‍ഗ്രസ് അംഗങ്ങളോ സഭയ്ക്കകത്ത് നടത്തിയതായി ചൂണ്ടിക്കാണിക്കാന്‍ ലീഗ് മുഖപത്രത്തെയും നേതാക്കളെയും വെല്ലുവിളിക്കുന്നു!

കോണ്‍ഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനങ്ങളും ഇപ്പോള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും, പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട് ആയിരക്കണക്കിന് കോടികള്‍ അടിച്ചെടുത്തപ്പോള്‍ സാമ്പത്തികമായി ഞെരുങ്ങുന്ന കേരളത്തിന് ഒരു രൂപയും വേണ്ടെന്ന് പറയുന്നതിലെ ‘യുക്തി’ എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

കേരളത്തിന്റെ പാഠപുസ്തകങ്ങളിലോ സിലബസിലോ കേന്ദ്ര സര്‍ക്കാരിനെ തൊടാന്‍ അനുവദിക്കില്ലെന്ന് കട്ടായം പറഞ്ഞിട്ടും പൊതുവിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയെ വിശ്വാസത്തിലെടുക്കാതെ കേന്ദ്ര സര്‍ക്കാരിനെ മുഖവിലക്കെടുത്ത യു.ഡി.എഫിന്റെ ‘ബി.ജെ.പി വിരോധ തൊലിക്കട്ടി’ അപാരം തന്നെ.

കശ്മീരിന്റെ പ്രത്യേക അവകാശം എടുത്തു കളഞ്ഞ നിയമത്തിനെതിരെയും , മുത്തലാഖ് ബില്ലിനെതിരെയും, യു.എ.പി.എ കര്‍ക്കശമാക്കി മുസ്‌ലിങ്ങളെ പൂട്ടാന്‍ ലക്ഷ്യമിട്ട് പാസ്സാക്കിയ കരിനിയമത്തിനെതിരെയും, വഖഫ് ഭൂമി ചുളുവില്‍ തട്ടിയെടുക്കാന്‍ കൊണ്ടു വന്ന കാടന്‍ വ്യവസ്ഥകള്‍ക്കെതിരെയും രാജ്യസഭക്കകത്ത് മുഴങ്ങിക്കേട്ട ശബ്ദം ജോണ്‍ ബ്രിട്ടാസിന്റേതാണ്.

സേട്ട് സാഹിബിനും ബനാത്ത് വാലക്കും ശേഷം പാര്‍ലമെന്റിനകത്ത് ഒന്നു പിടയാന്‍ പോലും നോക്കാതെ ബി.ജെ.പിയുടെ കണ്ണുരുട്ടലിന് മുന്നില്‍ മുട്ടുമടക്കി നിലത്ത് ഇഴയുന്ന ലീഗ്, സംഘപരിവാറിനെതിരെ ആഞ്ഞടിക്കുന്ന ബ്രിട്ടാസിനെ സംഘിയാക്കുന്നത് തികഞ്ഞ ആത്മവഞ്ചനയാണ്.

ലീഗിന് പലകാരണങ്ങള്‍ കൊണ്ട് കഴിയാത്തത് മറ്റുള്ളവര്‍ക്ക് സാധ്യമാകുമ്പോള്‍ ഉണ്ടാകുന്ന ഈര്‍ഷ്യയല്ലാതെ മറ്റെന്താണ് ലീഗിന്റെ ‘ബ്രിട്ടാസ് വിരുദ്ധ മാലയ്’ക്ക് പിന്നിലുള്ളത്? ന്യൂനപക്ഷങ്ങളെ നെഞ്ചോട് ചേര്‍ത്തു വെക്കുന്നവരോട് നന്ദിവാക്കു പറയാനായില്ലെങ്കില്‍ അപഹസിക്കാതിരിക്കാനെങ്കിലും ബന്ധപ്പെട്ട സമുദായ നേതാക്കള്‍ സന്മനസ്സ് കാട്ടണ്ടെ?

കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ സംസ്ഥാന താത്പര്യങ്ങള്‍ക്ക് പാരകള്‍ തീര്‍ക്കുമ്പോള്‍, ബ്രിട്ടാസ് അടക്കമുള്ള ഇടത് എം.പിമാര്‍ നമുക്കായി പാലം പണിയുന്നത് കാണുമ്പോള്‍ കുരു പൊട്ടുന്നവരുടെ കുരുക്കള്‍ യഥേഷ്ടം പൊട്ടിയൊലിക്കട്ടെ.

സാര്‍ത്ഥവാഹക സംഘം ബ്രിട്ടാസിന്റെ നേതൃത്വത്തല്‍ മുന്നോട്ടു മുന്നോട്ടു ഗമിക്കട്ടെ. മിസ്റ്റര്‍ ബ്രിട്ടാസ് താങ്കളെ ഞങ്ങള്‍ക്കറിയാം. താങ്കളുടെ അകവും പുറവും ഫാഷിസ്റ്റ് വിരുദ്ധവും വര്‍ഗീയ വിരുദ്ധവുമാണ്. മണ്ണും മനുഷ്യനും ഉള്ള കാലത്തോളം അങ്ങയോടു ഞങ്ങള്‍ കടപ്പെട്ടിരിക്കും. സലാം ബ്രിട്ടാസ്, സലാം.

 

Content Highlight: KT Jaleel backs John Brittas over PM SHRI row