അഭയ കേസിലെ പ്രതിയെ രക്ഷപ്പെടുത്താനും സിറിയക് ജോസഫ് ഇടപെട്ടു, മൗനം കൊണ്ട് ഓട്ടയടക്കാനാകില്ല: ലോകായുക്തക്കെതിരെ വീണ്ടും ജലീല്‍
Kerala News
അഭയ കേസിലെ പ്രതിയെ രക്ഷപ്പെടുത്താനും സിറിയക് ജോസഫ് ഇടപെട്ടു, മൗനം കൊണ്ട് ഓട്ടയടക്കാനാകില്ല: ലോകായുക്തക്കെതിരെ വീണ്ടും ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd February 2022, 12:50 pm

തിരുവനന്തപുരം: ലോകായുക്തക്കെതിരെ ആരോപണവുമായി വീണ്ടും കെ.ടി. ജലീല്‍ എം.എല്‍.എ രംഗത്ത്. അഭയ കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ഇടപെട്ടുവെന്ന് കെ.ടി. ജലീല്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.

ഒന്നാംപ്രതിയും ബന്ധുവുമായ തോമസ് കോട്ടൂരിനു വേണ്ടിയാണ് ജസ്റ്റിസ് സിറിയക് ജോസഫ് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു. അഭയ കേസ് പ്രതികളെ നാര്‍കോ അനാലിസിസ് നടത്തിയ വീഡിയോ ജസ്റ്റിസ് സിറിയക് ജോസഫ് കണ്ടു. ബെംഗളൂരുവിലെ സ്ഥാപനത്തില്‍ പോയാണ് വീഡിയോ കണ്ടത്. ഇതിന് തെളിവുണ്ട്. നീതി ബോധമുണ്ടെങ്കില്‍ ജസ്റ്റിസ് രാജിവെക്കണമെന്നും ജലീല്‍ അഭിപ്രായപ്പെട്ടു.

സിറിയക് ജോസഫ് മൗനം വെടിയണമെന്നും മൗനം കൊണ്ട് ഓട്ടയടക്കാന്‍ കഴിയില്ലെന്നും ജലീല്‍ പറഞ്ഞു.

‘ഒന്നുകില്‍ രാജിവെക്കുക അല്ലെങ്കില്‍ തനിക്കെതിരെയടക്കം നിയമ നടപടിക്ക് സിറിയക് ജോസഫ് തയാറാവണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തേയും സിറിയക് ജോസഫിനെതിരെ കെ.ടി. ജലീല്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

മൂന്നരവര്‍ഷം സുപ്രീംകോടതിയില്‍ ഇരുന്നിട്ട് ആറ് കേസില്‍ മാത്രം വിധി പറഞ്ഞയാള്‍ തനിക്കെതിരായ കേസില്‍ 12 ദിവസം കൊണ്ട് വിധി പറഞ്ഞെന്ന് ജലീല്‍ ആരോപിച്ചിരുന്നത്. എത്തേണ്ടത് മുന്‍കൂറായി എത്തിയത് കൊണ്ടാണ് ഇത്തരത്തില്‍ വേഗത്തില്‍ വിധി വന്നതെന്നും ജലീല്‍ പറയുന്നു.

തനിക്കെതിരായ ആരോപണങ്ങള്‍ ആയുധമാക്കി ഇടതുപക്ഷത്തിന്റെ രണ്ടാം വരവ് തടയുകയായിരുന്നു യു.ഡി.എഫ് ലക്ഷ്യമെന്ന് കെ.ടി. ജലീല്‍ കുറിച്ചു. തനിക്കെതിരായ കേസില്‍ അഡ്വ. കാളീശ്വരം രാജ് സുപ്രീംകോടതിയിലുള്ള തന്റെ കേസുകളുടെ വിവരം ചെയ്ത ഇമെയില്‍ ഇല്ലായിരുന്നുവെങ്കില്‍ ലോകായുക്തയില്‍ ഒരു ഹിയറിങ്ങിന് പോലും അനുമതി ലഭിക്കുമായിരുന്നില്ലെന്ന് ജലീല്‍ വ്യക്തമാക്കിയിരുന്നു.


Content Highlights: KT Jaleel again speaking against Lokayuktha