കെ.എസ്.യു.എം സ്റ്റാര്‍ട്ടപ്പായ എലിക്സര്‍ ജുവല്‍സും ബീറ്റാ ഗ്രൂപ്പും കൈകോര്‍ക്കുന്നു; ലാബ് വജ്രവ്യവസായത്തില്‍ വന്‍ കുതിച്ചുചാട്ടം
Dool Plus
കെ.എസ്.യു.എം സ്റ്റാര്‍ട്ടപ്പായ എലിക്സര്‍ ജുവല്‍സും ബീറ്റാ ഗ്രൂപ്പും കൈകോര്‍ക്കുന്നു; ലാബ് വജ്രവ്യവസായത്തില്‍ വന്‍ കുതിച്ചുചാട്ടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th November 2025, 3:11 pm

 

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ യുണീക് ഐഡി സ്റ്റാര്‍ട്ടപ്പായ എലിക്സര്‍ ജുവല്‍സ് ബഹുരാഷ്ട്ര ശതകോടീശ്വര കൂട്ടായ്മയായ ബീറ്റാ ഗ്രൂപ്പുമായി കൈകോര്‍ത്തു. ലബോറട്ടറിയില്‍ വളര്‍ത്തിയ വജ്ര സാങ്കേതികവിദ്യയിലും വ്യവസായത്തിലും കേരളത്തെ ആഗോള കേന്ദ്രമാക്കാന്‍ ഈ സഹകരണത്തോടെ സഹായിക്കുമെന്നാണ് എലിക്‌സര്‍ ജുവല്‍സിന്റെ സ്ഥാപകര്‍ പറയുന്നത്.

എലിക്‌സര്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ബീറ്റാ ഗ്രൂപ്പിന്റെ സ്ഥാപകന്‍ രാജ്‌മോഹന്‍ പിള്ള, ഡയറക്ടര്‍ രാജ് നാരായണന്‍ പിള്ള എന്നിവരെ ഉള്‍പ്പെടുത്തി. സൈരാജ് പി.ആര്‍. സ്ഥാപകനും, മിഥുന്‍ അജയ്, മുനീര്‍ എം, രാഹുല്‍ പച്ചിഗര്‍ എന്നിവര്‍ സഹസ്ഥാപകരുമായ എലിക്‌സര്‍ കേരളത്തില്‍ ആരംഭിച്ച് മുംബൈയിലും സൂറത്തിലുമായാണ് പ്രവര്‍ത്തിക്കുന്നത്.

എഫ്.എം.സി.ജി, ലോജിസ്റ്റിക്‌സ്, സ്‌പോര്‍ട്‌സ് മാനേജ്മന്റ് തുടങ്ങിയ വാണിജ്യമേഖലകളിലും ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് നിക്ഷേപങ്ങളിലും സജീവ പങ്കാളിത്തമുളള ആഗോള ശതകോടീശ്വര കൂട്ടായ്മയാണ് കൊല്ലം ആസ്ഥാനമായി ആരംഭിച്ച ബീറ്റാ ഗ്രൂപ്പ്.

സുസ്ഥിരത വളര്‍ച്ചയ്ക്കും അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതിനും എലിക്സര്‍ ജുവല്‍സും ബീറ്റാ ഗ്രൂപ്പും തമ്മിലുള്ള സഹകരണം നിര്‍ണായകമാണ്. നൂതന സാങ്കേതികവിദ്യ അവലംബിച്ച് ആഭരണ വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിക്കാനും ഈ സഹകരണം വഴിവയ്ക്കുമെന്ന് സൈരാജ് പി ആര്‍ പറഞ്ഞു.

ഖനനം ചെയ്ത വജ്രങ്ങളുടെ അതേ പരിശുദ്ധിയും തിളക്കവുമുള്ള വജ്രങ്ങള്‍ ലാബില്‍ നിര്‍മിച്ച് സുസ്ഥിരമായ ആഡംബരത്തിന് വഴിയൊരുക്കുകയാണ് എലിക്‌സര്‍ ചെയ്യുന്നത്. പരിസ്ഥിതിക്ക് ദോഷകരമായതും മാനവികചൂഷണരഹിതവുമായ വജ്രത്തിന് ഇപ്പോള്‍ ഡിമാന്‍ഡ് കൂടി വരികയാണ് 5 ലക്ഷം രൂപ വിലവരുന്ന ഒരു വജ്രം 50,000 രൂപയ്ക്ക് വാങ്ങാന്‍ ഇതുവഴി സാധിക്കുന്നു.

കോവളത്ത് വര്‍ഷം തോറും സംഘടിപ്പിച്ചു വരുന്ന ഹഡില്‍ ഗ്ലോബലിന്റെ 2024 ലക്കത്തില്‍ ലാബ് വജ്ര ശേഖരം പ്രദര്‍ശിപ്പിച്ചതാണ് കമ്പനിക്ക് വഴിത്തിരിവായതെന്ന് സൈരാജ് ചൂണ്ടിക്കാട്ടി. ക്രമേണ വിപണി കേരളത്തിനകത്തും പുറത്തും വ്യാപിപ്പിക്കാന്‍ സാധിച്ചു.

ലാബ് വജ്രങ്ങളുടെ മൂല്യത്തെക്കുറിച്ചും സുസ്ഥിരതയെക്കുറിച്ചുമുള്ള അവബോധം വര്‍ധിച്ചത് എലിക്‌സറിന് ഗുണകരമായി. ഇന്റര്‍നാഷണല്‍ ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.ജി.ഐ), ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക(ജി.ഐ.എ), സോളിറ്റയര്‍ ജെമോളൊജിക്കല്‍ ലബോറട്ടറീസ്(എസ്.ജി.എല്‍) എന്നിവയുടെ സര്‍ട്ടിഫിക്കേഷനുള്ളതാണ് ഈ വജ്രങ്ങള്‍.

ഉയര്‍ന്ന താപനിലയിലും മര്‍ദത്തിലും പ്രകൃതിദത്തമായ രൂപീകരണം അനുകരിക്കുന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇവ നിര്‍മിക്കുന്നത്. സമാനതകളില്ലാത്ത ഗുണനിലവാരവും ധാര്‍മിക പ്രതിബദ്ധതയും ഈ വജ്രങ്ങള്‍ ഉറപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലബോറട്ടറിയില്‍ വളര്‍ത്തിയ വജ്രങ്ങളുടെ വിപണി സാധ്യത ദക്ഷിണേന്ത്യയില്‍ ഇപ്പോഴും വലിയതോതില്‍ ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്. ഫാഷനിലും ആഡംബരത്തിലും മൂല്യാധിഷ്ഠിത തിരഞ്ഞെടുപ്പുകളിലേക്ക് പ്രത്യേകിച്ച് പുതുതലമുറ ഉപഭോക്താക്കള്‍ ശ്രദ്ധിക്കുന്നതിനാല്‍ ലാബ് വജ്രങ്ങളുടെ ആവശ്യം വര്‍ധിക്കുകയാണ്.

പുതുതലമുറയിലെ ഉപഭോക്താക്കള്‍ ആഢംബരത്തെ പുനര്‍നിര്‍വചിക്കുക മാത്രമല്ല, ധാര്‍മ്മികവും പരിസ്ഥിതി സൗഹൃദവുമായ ബദലുകള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുന്നു. ഇത് എലിക്സറിന്റെ സൗന്ദര്യബോധ കാഴ്ചപ്പാടിനോട് ചേര്‍ന്നാണ് നില്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content highlight: KSUM startup Elixir Jewels and Beta Group join hands