കെ.എസ്.യുക്കാരെയോ എം.എസ്.എഫുകാരെയോ ഓർത്ത് ദുഖിക്കേണ്ടതില്ല; എസ്.എഫ്.ഐയുടെ ഉപദേശം ആവശ്യമില്ലെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ
Kerala
കെ.എസ്.യുക്കാരെയോ എം.എസ്.എഫുകാരെയോ ഓർത്ത് ദുഖിക്കേണ്ടതില്ല; എസ്.എഫ്.ഐയുടെ ഉപദേശം ആവശ്യമില്ലെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th October 2025, 8:10 am

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ എം.എസ്.എഫ് – കെ.എസ്.യു തർക്കത്തിന് പിന്നാലെ പ്രതികരണവുമായി കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ.

ചില ക്യാമ്പസുകളിൽ നിന്ന് പുറത്ത് വരുന്ന വാർത്തകൾ ശുഭകരമല്ലെന്നും ചർച്ചകളിലൂടെ കാര്യങ്ങളെ സുഗമമാക്കുന്നതിന് വേണ്ടി നേതൃത്വം ഇടപെടലുകൾ നടത്തുമെന്നും അലോഷ്യസ് സേവ്യർ ഫേസ്ബുക്കിൽ കുറിച്ചു.

എസ്.എഫ്.ഐക്കാർ തങ്ങളെയോ എം.എസ്.എഫുകാരെയോ ഓർത്ത് ദുഖിക്കേണ്ടതില്ലെന്നും എസ്.എഫ്. ഐയുടെ ഉപദേശം തത്കാലം ആവശ്യമില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സൗഹൃദ മത്സരത്തിനപ്പുറം പരസ്പരമുള്ള പോരുകളിലേക്കും വ്യക്തി അധിക്ഷേപത്തിലേക്കും സംഘടനകളെ അധിക്ഷേപിക്കുന്ന തരത്തിലേക്കും സംഘടനകളെ അധിക്ഷേപിക്കുന്ന തരത്തിലേക്കും തെരഞ്ഞെടുപ്പ് വിജയ പരാജയങ്ങൾ എത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അലോഷ്യസ് പറഞ്ഞു.

പത്ത് വർഷക്കാലം കേരളത്തിൽ ഭരിച്ച് മുടിച്ച പിണറായി സർക്കാരിനെ താഴെ ഇറക്കുന്ന എന്നെ ലക്ഷ്യത്തോടെ മുന്നോട്ട്
പോകുകയാണ്. പ്രതിപക്ഷ വിദ്യാർത്ഥി- യുവജന പ്രസ്താനങ്ങളുടെ സഹപ്രർത്തകരെ വേട്ടയാടിയ സർക്കാരിന്റെ അന്ത്യം കുറിക്കാൻ ഏതാനും നാളുകൾ മാത്രമാണ് മുന്നിലുള്ളുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സംഭവത്തിൽ പ്രതികരണവുമായി എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും രംഗത്തെത്തി. സി.പി.ഐയുടെ വിദ്യാർത്ഥി സംഘടനയെ കിട്ടുന്നിടത്തെല്ലാം തല്ലുന്ന എസ്.എഫ്. ഐ സംസ്‌കാരത്തിലേക്ക് കെ.എസ്.യു പോകരുതെന്നും ഇത്തരം രാഷ്ട്രീയ സമീപനങ്ങൾ വിജയത്തിന്റെ നിറം കെടുത്തുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.

രാഹുൽ ഗാന്ധിയും പാണക്കാട് സയ്യിദരുമൊക്കെ പകർന്ന് നൽകുന്ന വിശാല കാഴ്ചപ്പാടിലേക്കാണ് പ്രവർത്തകർ കടന്നുവരേണ്ടത്. ശത്രു ആരാണെന്നുള്ള വ്യക്തമായ ബോധ്യമുണ്ടാവണം. ആ ബോധ്യം കൊണ്ടാണ് സാധ്യമാകുന്ന ഇടങ്ങളിലെല്ലാം ഒന്നിച്ച് നിന്ന് ക്യാമ്പസിലെ ഏകാധിപതികളെ പടിക്ക് പുറത്താക്കാൻ കഴിയുന്നതെന്നും നവാസ് ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പ് വിജയത്തെത്തുടർന്ന് കെ.എസ്.യു പുറത്തിറക്കിയ ബാനർ വിവാദത്തിലായിരുന്നു.

കൊടുവള്ളിയിലെ കെ.എം.ഒ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എം.എസ്.എഫ് നിന്നും കെ.എസ്.യു പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ‘എം.എസ്.എഫ് തോറ്റു, മതേതരത്വം ജയിച്ചു’ എന്നെഴുതിയ ബാനറുമായി കെ.എസ്.യു പ്രവർത്തകർ വിജയം ആഘോഷിച്ചത്.

ഒപ്പം വയനാട് ഡബ്ല്യു.എം.ഒ കോളേജിൽ എം.എൽ.എമാരായ ടി. സിദ്ദീഖിനും ഐ.സി. ബാലകൃഷ്ണനും എതിരെ എം.എസ്.എഫും രംഗത്തെത്തിയിരുന്നു. ‘കേശു കുഞ്ഞുങ്ങളെ നിലക്ക് നിർത്തിയില്ലെങ്കിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നിയമസഭ കാണാമെന്ന് മോഹിക്കണ്ട’ എന്നായിരുന്നു ബാനറിലെ വാക്യങ്ങൾ.

Content Highlight: KSU-State President Aloysius Xavier responds to MSF-KSU-issue