എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ചു; കേരള സര്‍വകലാശാല കലോത്സവത്തില്‍ കെ.എസ്.യു പ്രതിഷേധത്തിനിടെ സംഘർഷം
Kerala
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ചു; കേരള സര്‍വകലാശാല കലോത്സവത്തില്‍ കെ.എസ്.യു പ്രതിഷേധത്തിനിടെ സംഘർഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th March 2024, 10:56 am

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തില്‍ എസ്.എഫ്.ഐ കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ കലോത്സവം നടക്കുന്ന പ്രധാന വേദിയില്‍ പ്രതിഷേധം തുടരുകയാണ്.

കലോത്സവം നടക്കുന്ന പലയിടങ്ങളിലായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. കഴിഞ്ഞ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് ഭരണം നഷ്ടമായ കോളേജുകളിലെ വിദ്യാര്‍ത്ഥികളെയാണ് മര്‍ദിച്ചതെന്നാണ് കെ.എസ്.യുവിന്റെ ആരോപണം.

ഭരണം നഷ്ടമായതിന്റെ പ്രതികാരം എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച് തീര്‍ക്കുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ തിരുവനന്തപുരം ലോ കോളേജിലെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പടെ മര്‍ദിച്ചെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസങ്ങളിലായി കേരള സര്‍വകലാശാല കലോത്സവം വിവിധ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ശനിയാഴ്ച നടന്ന മാര്‍ഗം കളിക്കിടെ കോഴ ആരോപണവും വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിരുന്നു. അതിനിടെ കലോത്സവത്തിന് ‘ഇന്‍തിഫാദ’ എന്ന പേര് നല്‍കാനുള്ള തീരുമാനം വി.സി ഇടപെട്ട് തടഞ്ഞതും വലിയ വിവാദമായിരുന്നു.

Content Highlight: KSU protest at Kerala University Art Festival