'എ ബിഗ് നോ ടു മോദി, നോ കോംപ്രമൈസ്'; ലോ കോളജില്‍ മോദിക്കെതിരെ ബാനര്‍ സ്ഥാപിച്ച കെ.എസ്.യു പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
Kerala News
'എ ബിഗ് നോ ടു മോദി, നോ കോംപ്രമൈസ്'; ലോ കോളജില്‍ മോദിക്കെതിരെ ബാനര്‍ സ്ഥാപിച്ച കെ.എസ്.യു പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th January 2024, 6:08 pm

കൊച്ചി: എറണാകുളം ലോ കോളേജില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്ററുകള്‍ സ്ഥാപിച്ചതില്‍ രണ്ട് കെ.എസ്.യു പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ചൊവ്വാഴ്ച വൈകുന്നേരം എറണാകുളത്ത് മോദിയുടെ റോഡ് ഷോ നടക്കാനിരിക്കെയാണ് കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധം.

മോദിയെ വിമര്‍ശിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ അടങ്ങിയ പോസ്റ്ററുകൾ ക്യാമ്പസിനുള്ളില്‍ സ്ഥാപിച്ചതിന്റെ പേരിലാണ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ചൊവ്വാഴ്ച ഉച്ചയോടെ ക്യാമ്പസിന്റെ മുന്‍വശത്തായി മോദിക്കെതിരെയുള്ള ബാനര്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ പൊലീസ് ഈ ബാനര്‍ അഴിച്ചുമാറ്റുകയും തുടര്‍ന്ന് വീണ്ടും ക്യാമ്പസിന്റെ ഉള്‍വശത്തായി പ്രവര്‍ത്തകര്‍ കൂടുതല്‍ പോസ്റ്ററുകള്‍ സ്ഥാപിക്കുകയും ചെയ്തു.

സേവ് മണിപ്പൂര്‍, സേവ് ലക്ഷദ്വീപ് എന്നിങ്ങനെയാണ് ക്യാമ്പസിനുള്ളില്‍ സ്ഥാപിച്ച പോസ്റ്ററുകളില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ എഴുതിയിരുന്നത്.

മോദിക്കെതിരെ ബാനറുകള്‍ സ്ഥാപിച്ചതില്‍ ലോ കോളേജിന് സമീപത്തുള്ള ബി.ജെ.പി നേതാക്കള്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ സംഘടിക്കുകയുണ്ടായി. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി പൊലീസ് ക്യാമ്പസിനുള്ളില്‍ കയറി പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത് മാറ്റുകയായിരുന്നു.

വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് മോദിക്കെതിരെ പ്രകോപനപരമായ നീക്കങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ക്യാമ്പസിനുള്ളില്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികളെ ക്യാമ്പസിനുള്ളില്‍ നിന്ന് മാറ്റാന്‍ ശ്രമിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

മോദി കടന്ന് പോവുന്ന വഴികളില്‍ സംഘര്‍ഷാവസ്ഥ ഇല്ലാതാകാനാണ് നിലവില്‍ ശ്രമിക്കുന്നതെന്ന് പൊലീസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ജില്ലയില്‍ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Content Highlight: KSU activists who put up a banner against Modi in Law College are in custody