'നാളെ കെ.എസ്.ആര്‍.ടി.സി നിരത്തിലിറങ്ങും' യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്ന് ഗതാഗതമന്ത്രി
All India Strike
'നാളെ കെ.എസ്.ആര്‍.ടി.സി നിരത്തിലിറങ്ങും' യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്ന് ഗതാഗതമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th July 2025, 11:33 am

തിരുവനന്തപുരം: ദേശീയ പണമുടക്ക് ദിനമായ നാളെ (9-7-25) കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിരത്തിലിറങ്ങുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍.

യൂണിയനുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് സമരം സംബന്ധിച്ച നോട്ടീസുകള്‍ ഒന്നും നല്‍കിയിട്ടില്ലെന്നും പണിമുടക്കില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എപ്പോഴും സമരം ചെയ്യാനുള്ള സാഹചര്യമല്ല കെ.എസ്.ആര്‍.ടി.സിയിലേതെന്നും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സന്തുഷ്ടരാണെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപകമായ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഇന്ന് രാത്രി 12 മണി മുതല്‍ നാളെ രാത്രി 12 മണിവരെയാണ് പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ, കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

കേരളത്തില്‍ സമ്പൂര്‍ണമായി പണിമുടക്ക് വ്യാപിപ്പിക്കുമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. സംയുക്ത ട്രേഡ് യൂണിയന്‍ സമിതി എല്ലാ മേഖലയിലേയും തൊഴിലാളികളോടും സമരത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആവശ്യ സര്‍വീസുകള്‍, പാല്‍, പത്രം എന്നിവയൊഴിച്ച് ബാക്കി എല്ലാ മേഖലകളേയും പണിമുടക്ക് ബാധിക്കും. കേന്ദ-സംസ്ഥാന സര്‍ക്കാര്‍ തൊഴിലാളികള്‍, ബാങ്ക് ജീവനക്കാര്‍, അധ്യാപകര്‍, മറ്റ് പൊതുമേഖല ജീവനക്കാര്‍, വാണിജ്യ, വ്യവസായ, നിര്‍മാണ മേഖല, മത്സ്യബന്ധനം, റോഡ് ഗതാഗതം എന്നീ മേഖലകളിലെ തൊഴിലാളികളെയെല്ലാം പണിമുടക്ക് ബാധിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചിരുന്നു.

Content Highlight: KSRTC will conduct service on national strike says K. B. Ganesh Kumar