KSRTCയില്‍ ദുരാചാര നടപടി; ഡ്രൈവറുമായി 'അവിഹിതം' ആരോപിച്ച് വനിതാ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
Kerala News
KSRTCയില്‍ ദുരാചാര നടപടി; ഡ്രൈവറുമായി 'അവിഹിതം' ആരോപിച്ച് വനിതാ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th July 2025, 10:56 am
ഡ്രൈവറുടെ പങ്കാളി, വനിതാ കണ്ടക്ടറും ഭര്‍ത്താവും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഗതാഗത മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തെളിവായി ഭര്‍ത്താവിന്റെ വാട്‌സ്ആപ്പ് ചാറ്റുകളും ചില ദൃശ്യങ്ങളും പരാതിക്കൊപ്പം ചേര്‍ത്തിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ഇരുവരും ഡ്യൂട്ടിയിലുണ്ടായിരുന്ന സര്‍വീസിലെ യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങളും തെളിവായി കെ.എസ്.ആര്‍.ടി.സി പരിഗണിച്ചു.

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ദുരാചാര നടപടി. ഡ്രൈവറുമായി ‘അവിഹിത’ ബന്ധമുണ്ടെന്ന് ആരോപിച്ച് വനിതാ കണ്ടക്ടറെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഡ്രൈവറുടെ പങ്കാളി നല്‍കിയ പരാതിയിന്‍മേലാണ് നടപടി. ‘അവിഹിതം’ കെ.എസ്.ആര്‍.ടി.സി കണ്ടെത്തിയെന്നും ഡ്രൈവറുടെ ശ്രദ്ധ മാറ്റുന്ന വിധം കണ്ടക്ടര്‍ സംസാരിച്ചുവെന്നും ഉത്തരവില്‍ പറയുന്നു.

കൊല്ലത്തെ വനിതാ കണ്ടക്ടര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയില്‍ പെരുമാറിയെന്ന് കണ്ടെത്തിയാണ് സസ്‌പെന്‍ഷന്‍. പക്ഷേ അതിലേക്കെത്തിയ അവിഹിത ബന്ധ ആരോപണം വിവരിച്ചെഴുതിയ കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവ് വലിയ വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ്.

 

‘അവിഹിത’ ബന്ധ ആരോപണം വിവരിച്ചെഴുതിയ സസ്‌പെന്‍ഷന്‍ ഉത്തരവ് കണ്ടക്ടറെ അപമാനിക്കുന്നതെന്നാണ് ജീവനക്കാരുടെ ആക്ഷേപം. ബസ് യാത്രയ്ക്കിടെ ഡ്രൈവറും കണ്ടക്ടറും തമ്മിലുളള സംസാരത്തിന്റെ ദൃശ്യങ്ങളുള്‍പ്പെടെ തെളിവായി സ്വീകരിച്ചാണ് കെ.എസ്.ആര്‍.ടി.സി നടപടിയെടുത്തത്.

അന്വേഷണത്തില്‍ ‘കണ്ടക്ടര്‍ ഏറെ നേരം ഡ്രൈവറുമായി സംസാരിക്കുന്നതും ഡ്രൈവറുടെ മൊബൈല്‍ വാങ്ങുകയും ബസിലുള്ള യാത്രക്കാരെ ശ്രദ്ധിക്കാതെ അവര്‍ക്ക് ഇറങ്ങേണ്ട സ്ഥലത്ത് യാത്രക്കാര്‍ തന്നെ സ്വയം ബെല്ലടിച്ച് ഇറങ്ങുന്നതായും കാണുന്നു’ എന്ന് നടപടി ഉത്തരവില്‍ പറയുന്നു.

കണ്ടക്ടറും ഡ്രൈവറും തമ്മില്‍ ‘അവിഹിതം’ ഇല്ലെന്ന് പറയുന്നുണ്ടെങ്കിലും രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമായെന്നും ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന വിധത്തില്‍ കണ്ടക്ടര്‍ സംസാരിച്ചത് വീഴ്ചയാണെന്നും ഉത്തരവില്‍ ചൂണ്ടികാട്ടുന്നുണ്ട്.

ഡ്യൂട്ടിയ്ക്കിടെ കണ്ടക്ടര്‍ക്ക് വലിയ വീഴ്ച സംഭവിച്ചെന്നാണ് ഉത്തരവില്‍ പറയുന്നത്. കണ്ടക്ടറുടെ പ്രവൃത്തി പെരുമാറ്റ ദൂഷ്യവും ചട്ടങ്ങളുടെ ലംഘനമാണെന്നും ഉത്തരവില്‍ പറയുന്നു. ഇവര്‍ കോര്‍പ്പറേഷന് അവമതിപ്പുണ്ടാക്കിയെന്നും ഉത്തരവിലുണ്ട്.

പരാതിയില്‍ വനിതാ ജീവനക്കാരിക്കെതിരെ മാത്രമാണ് നടപടിയെന്നതും വിചിത്രമാണ്.

ഡ്രൈവറുടെ പങ്കാളി, വനിതാ കണ്ടക്ടറും ഭര്‍ത്താവും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഗതാഗത മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തെളിവായി ഭര്‍ത്താവിന്റെ വാട്‌സ്ആപ്പ് ചാറ്റുകളും ചില ദൃശ്യങ്ങളും പരാതിക്കൊപ്പം ചേര്‍ത്തിരുന്നു.

കഴിഞ്ഞ ജനുവരിയില്‍ ഇരുവരും ഡ്യൂട്ടിയിലുണ്ടായിരുന്ന സര്‍വീസിലെ യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങളും തെളിവായി കെ.എസ്.ആര്‍.ടി.സി പരിഗണിച്ചു.

കെ.എസ്.ആര്‍.ടി.സിക്ക് അവമതിപ്പുണ്ടാക്കിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാല്‍ ഈ ഉത്തരവ് വനിതാ കണ്ടക്ടര്‍ക്കാണ് അവമതിപ്പുണ്ടായതെന്നാണ് ജീവനക്കാര്‍ പറയുന്നത്. അവിഹിത ബന്ധ ആരോപണം വിശദമായി എഴുതുകയും വനിതാ കണ്ടക്ടറുടെ പേരും ഐ.ഡിയും സഹിതം ഉത്തരവിറക്കിയതിലെ അനൗചിത്യവും ജീവനക്കാര്‍ ചോദ്യം ചെയ്യുന്നുണ്ട്.

 

Content highlight: KSRTC suspends female conductor alleging extra marital affairs