'അരുതേ.. ഞങ്ങളോട്'; ഹര്‍ത്താല്‍ അനുകൂലികളോട് ആക്രമിക്കരുതേയെന്ന് അപേക്ഷിച്ച് കെ.എസ്.ആര്‍.ടി.സി
Kerala News
'അരുതേ.. ഞങ്ങളോട്'; ഹര്‍ത്താല്‍ അനുകൂലികളോട് ആക്രമിക്കരുതേയെന്ന് അപേക്ഷിച്ച് കെ.എസ്.ആര്‍.ടി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd September 2022, 11:06 am

തിരുവനന്തപുരം: ഹര്‍ത്താല്‍ അനുകൂലികളോട് ആക്രമിക്കരുതേയെന്ന് അപേക്ഷിച്ച് കെ.എസ്.ആര്‍.ടി.സി. സംസ്ഥാനത്ത് നടക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ വ്യാപകമായ ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സിയുടെ ആഭ്യര്‍ത്ഥന. ഫേസ്ബുക്കിലൂടെയാണ് ആഭ്യര്‍ത്ഥന പോസ്റ്റ് കെ.എസ്.ആര്‍.ടി.സി പങ്കുവെച്ചത്.

അരുതേ.., ഞങ്ങളോട് എന്ന് തുടങ്ങുന്ന അഭ്യര്‍ത്ഥനാ കുറിപ്പില്‍ സമരങ്ങളുടെ കരുത്ത് കാട്ടാന്‍ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കണമെന്നും, ഇനിയും ഇത് ഞങ്ങള്‍ക്ക് താങ്ങാനാകില്ലെന്നും കെ.എസ്.ആര്‍.ടി.സി പറയുന്നു.

കരുത്തുകാട്ടാന്‍ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവര്‍ നിങ്ങള്‍ തകര്‍ക്കുന്നത് നിങ്ങളെത്തന്നെയാണെന്ന് മനസിലാക്കണമെന്നും, ആനവണ്ടിയെ തകര്‍ത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാര്‍മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയണമെന്നും കെ.എസ്.ആര്‍.ടി.സി ഫേസ്ബുക്ക് കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്.

അതിനിടെ, സംസ്ഥാനത്ത് നടക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു..

ഹര്‍ത്താലിന് ആഹ്വാനം നല്‍കിയവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും.അക്രമം തടയാന്‍ അടിയന്തര നടപടി വേണമെന്നും, പൊതുമുതല്‍ നശിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ കഴിയണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം, സംസ്ഥാനത്ത് നടക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ വ്യാപക ആക്രമണമാണ് നടന്നത്. പലയിടത്തും നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. കൊല്ലത്ത് പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലി പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി.

ബൈക്കില്‍ പട്രോളിങ് നടത്തുകയായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആന്റണി, സി.പി.ഒ നിഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പട്രോളിങ്ങിനിടെ യാത്രക്കാരെ സമരാനുകൂലികള്‍ അസഭ്യം പറയുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസുകാര്‍, ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. പൊലീസിന്റെ ബൈക്കില്‍ ഹര്‍ത്താലനുകൂലി ബൈക്ക് ഇടിച്ച് കയറ്റുകയും കടന്നുകളയുകയുമായിരുന്നു. ആക്രമണം നടത്തിയ ആളെ പൊലീസ് തിരിച്ചറിഞ്ഞു.

കണ്ണൂരില്‍ പത്രവാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. ഈരാറ്റുപേട്ടയില്‍ പൊലീസും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ നടന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് 100 പേരെ കരുതല്‍ തടങ്കലിലാക്കി. രാവിലെ മൂകാംബികയിലേക്ക് പോവുകയായിരുന്ന ബസിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ അനഖ എന്ന പതിനഞ്ച് വയസുകാരിക്ക് പരിക്കേറ്റു.

സംസ്ഥാനത്ത് പലയിടങ്ങളിലായി ബസുകള്‍ക്ക് നേരെയുണ്ടായ വ്യാപക ആക്രമണത്തെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ക്രമീകരിച്ചു. മൂന്നിടത്ത് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റു.

എന്നാല്‍, സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി നിര്‍ത്തിവെക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. പൊലീസ് സഹായം തേടിയ ശേഷം സര്‍വീസുകള്‍ നടത്തിയാല്‍ മതിയെന്ന് യൂണിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും, പിഴ ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം പി.എസ്.സി പരീക്ഷകള്‍ക്കടക്കം മാറ്റം ഇല്ലാത്തതിനാല്‍ പലയിടത്തും ആളുകളുടെ യാത്ര ദുരിതത്തിലായിട്ടുണ്ട്. ആക്രമണം ഉണ്ടായ ബസുകളിലെ യാത്രക്കാരും പെരുവഴിയിലാണ്.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍. കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും കഴിഞ്ഞ ദിവസം നടന്ന എന്‍.ഐ.എ റെയ്ഡില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. എന്‍.ഐ.എ രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനാണ് കഴിഞ്ഞ ദിവസം രാജ്യത്ത് നടന്നത്. 150ലധികം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയാണ് 11 സംസ്ഥാനങ്ങളില്‍ നിന്നായി എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത്. ഇതുവരെ 45 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ദേശീയ-സംസ്ഥാന നേതാക്കളെ എന്‍.ഐ.എ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ഘടകം ആരോപിച്ചത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആര്‍.എസ്.എസ് നിയന്ത്രിത ഫാസിസ്റ്റ് സര്‍ക്കാരിന്റെ ഭരണകൂട വേട്ടക്കെതിരെയാണ് ഇന്ന് നടക്കുന്ന ഹര്‍ത്താലെന്നാണ് പി.എഫ്.ഐ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍ പറഞ്ഞത്.

Content Highlight: KSRTC requested not to attack to Harthal Supporters