എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങി; ദുരിതത്തിലായി യാത്രക്കാര്‍
governance
എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങി; ദുരിതത്തിലായി യാത്രക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th June 2019, 7:11 pm

രണ്ടായിരത്തിലേറെ എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിട്ടതോടെ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങി തുടങ്ങി. അവധി ദിനമായ ഇന്ന് മാത്രം ഇരുന്നൂറോളം സര്‍വ്വീസുകളാണ് മുടങ്ങിയത്. പ്രവര്‍ത്തി ദിവസമായ നാളെ അഞ്ഞൂറോളം സര്‍വ്വീസുകള്‍ മുടങ്ങുമെന്നാണ് വിവരം. നാളത്തോടെ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്ന സാധാരണ മനുഷ്യരുടെ യാത്ര ദുരിതം വര്‍ധിക്കും.

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിട്ടത്. 2107 ഡ്രൈവര്‍മാരെയാണ് കേരളത്തിലാകെ പിരിച്ചു വിട്ടത്. തെക്കന്‍ മേഖലയില്‍ 1479 പേരെയും മധ്യമേഖലയില്‍ 257 പേരെയും വടക്കന്‍ മേഖലയില്‍ 371 പേരെയുമാണ് പിരിച്ചു വിട്ടത്. നേരത്തെ എം പാനല്‍ കണ്ടക്ടര്‍മാരെയും പിരിച്ചു വിട്ടിരുന്നു. ഏപ്രില്‍ എട്ടിന് വന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി 180 ദിവസത്തില്‍ കൂടുതല്‍ താത്ക്കാലികമായി ജോലിയില്‍ തുടരുന്ന ഡ്രൈവര്‍മാരെ ഏപ്രില്‍ 30ന് മുമ്പ് പിരിച്ചു വിടണം എന്നായിരുന്നു. ഈ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ജീവനക്കാരെ ഒഴിവാക്കണമെന്ന വിധി ശരിവെക്കുകയാണ് ചെയ്തത്.

ഇത്രയും ഡ്രൈവര്‍മാരെ പിരിച്ചു വിട്ടതോടെ ദിവസം പ്രവൃത്തി ദിവസം അഞ്ഞൂറോളം സര്‍വ്വീസുകള്‍ നിര്‍ത്തേണ്ട അവസ്ഥയിലേക്കാണ് കെ.എസ്.ആര്‍.ടി.സി പോവുന്നത്. ഇത് ആത്യന്തികമായി ബുദ്ധിമുട്ടുണ്ടാക്കുക ഈ സേവനം ഉപയോഗിക്കുന്ന ജനങ്ങള്‍ക്കാണ്. തല്‍ക്കാലം പിരിഞ്ഞു പോവുന്ന എംപാനല്‍ ഡ്രൈവര്‍മാരെ ലീവ് വേക്കന്‍സിയിലും സ്ഥിരം ഡ്രൈവര്‍മാരുടെ ലീവ് വെട്ടിക്കുറച്ചും സര്‍വ്വീസ് നഷ്ടം ഇല്ലാതാക്കാനാണ് കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചിരിക്കുന്നത്. പിരിച്ചു വിടുന്ന എംപാനല്‍ ഡ്രൈവര്‍മാരെ അടുത്ത 179 ദിവസത്തേക്ക് തിരിച്ചെടുക്കാനാവും. എന്നാല്‍ നിയമനം സ്ഥിരമാകില്ലെന്ന് ഉറപ്പായതോടെ ഇവരില്‍ പലരും ജോലിക്ക് കയറാനുള്ള സാധ്യത കുറവാണ്. സ്വകാര്യ വാഹനങ്ങള്‍ ജോലിക്ക് കയറിയാല്‍ നിലവില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ശമ്പളം ലഭിക്കും എന്നതാണ് കാരണം. അത് കൊണ്ട് തന്നെ സര്‍വീസുകള്‍ മുടങ്ങാതെ പ്രശ്നം പരിഹരിക്കല്‍ കെ.എസ്.ആര്‍.ടി.സിക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് പലപ്പോഴായി എടുത്ത തീരുമാനങ്ങളാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

മാനേജ്മെന്റ് വേതനത്തിന് വേണ്ടിയുള്ള ചെലവ് കുറക്കാനാണ് ശ്രമിക്കുന്നത്. ആദ്യം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നുള്ളവരായിരുന്നു. അവര്‍ക്ക് ഒരു ദിവസത്തെ വേതനം സ്ഥിരം തൊഴിലാളിയുടെ വേതനത്തിന്റെ ഇരുപത്തിയാറില്‍ ഒന്ന് എന്ന നിലക്കാണ് നല്‍കിയിരുന്നത്. അതിലും താഴ്ത്തിയാണ് എംപാനല്‍ക്കാര്‍ക്ക് നല്‍കുന്നത്. പരമാവധി കൊടുക്കുന്ന വേതനം കുറക്കാനാണ് ശ്രമിക്കുന്നതെന്ന് കെ.എസ്.ആര്‍.ടി.സി എംപ്ലോയ്സ് അസോസിയേഷന്‍ മുന്‍ വര്‍ക്കിംഗ് പ്രസിഡന്റ് കെ.കെ ദിവാകരന്‍ പറഞ്ഞു.

തൊഴിലാളിയ്ക്ക് നിയമാനുസൃതമായി കൊടുക്കേണ്ട വേതനം നല്‍കാതെ ചെലവ് ചുരുക്കുന്നതിന് വേണ്ടിയാണ് എംപാനല്‍ സംവിധാനം കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് തുടര്‍ന്നിരുന്നത്. അത് കൊണ്ട് തന്നെ ഒഴിവുകള്‍ വരുമ്പോള്‍ പി.എസ്.സി പട്ടികയില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്ത് ഒഴിവുകള്‍ നികത്തിയിരുന്നില്ല. അതിനെതിരെയാണ് പി.എസ്എസി റാങ്ക് ഹോള്‍ഡേഴ്സ് ഹൈക്കോടതിയെ സമീപിച്ചത്.

എംപാനല്‍ ജീവനക്കാര്‍ പി.എസ്.സി ലിസ്റ്റ് വഴി വന്നവരല്ല. താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലിക്ക് കയറി കൊല്ലങ്ങളോളം ജോലി ചെയ്തവരാണ്. പിന്നീട് പി.എസ്.സി ലിസ്റ്റ് വന്നപ്പോഴും മറ്റു തരത്തിലുള്ള സ്വാധീനങ്ങളും സമ്മര്‍ദ്ദങ്ങളും ഉപയോഗിച്ച് ജോലിയില്‍ തുടര്‍ന്നവരാണ്. പി.എസ്.എസി എന്തിനാണ് പരീക്ഷ നടത്തുന്നത്. വര്‍ഷാവര്‍ഷം പരീക്ഷ നടത്തുന്നത് അര്‍ഹരായ ആളുകള്‍ക്ക്് സംവരണം അടക്കം പാലിച്ച് നിയമാനുസൃതം ജോലി കൊടുക്കാന്‍ വേണ്ടി ഉണ്ടാക്കിയ ഭരണഘടനാപരമായ സ്ഥാപനമാണ് പി.എസ്.സി. കെ.എസ്.ആര്‍.ടി.സിയിലെ ഡ്രൈവര്‍, കണ്ടക്ടര്‍ പദവികളൊക്കെ പി.എസ്.എസിക്ക് വിട്ടിട്ടുള്ളതാണ്. ഒരു കാലത്ത് പി.എസ്.എസി പട്ടിക ഇല്ലാത്തപ്പോള്‍, നിയമനം നടക്കുന്നത് വൈകുമ്പോള്‍ മറ്റ് തരത്തില്‍ എടുത്ത താത്കാലികമായി എടുത്ത തൊഴിലാളികളാണ് എംപാനലുകാര്‍. എംപാനല്‍ ഭരണഘടനാപരമായി വേറേ അര്‍ത്ഥമൊന്നുമില്ല. പി.എസ്.എസിയില്‍ നിന്നുള്ളവര്‍ എംപാനലുകാര്‍ പോവണം. അത് നിയമമാണ്. ഇവിടെ സംഭവിക്കുന്നത് എന്താണെന്ന് വെച്ചാല്‍ അത് തുടരുകയാണ്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്കും അതത് സര്‍ക്കാരുകളെ നിയന്ത്രിക്കുന്ന യൂണിനുകള്‍ക്കും കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ക്കും ആണ് നിലവില്‍ സംഭവിച്ചിരിക്കുന്ന സംഭവവിശേഷങ്ങള്‍ക്ക് കാരണമെന്ന് തൊഴില്‍ നിയമങ്ങളില്‍ വിദഗ്ദനായ അഡ്വ: ജയശങ്കര്‍ പറഞ്ഞു.

താത്കാലികമായി നിലവിലെ പ്രശ്നം വരും ദിവസങ്ങളില്‍ പരിഹരിച്ചേക്കുമെങ്കിലും ദീര്‍ഘകാലത്തേക്കുള്ള പരിഹാരം ആയിരിക്കും അതെന്ന് പറയാനാവില്ല. വേണ്ടത്ര തൊഴിലാളികളെ നിയമാനുസൃതമായി നിയമിച്ചു കൊണ്ട് കൃത്യതയോടെ മുന്നോട്ട് പോയാല്‍ മാത്രമേ ജനങ്ങളെ വലയ്ക്കുന്ന സര്‍വീസ് വെട്ടിക്കുറയ്ക്കലുകളും മറ്റും സ്ഥിരമായി അവസാനിക്കുകയുള്ളൂ.