ഡീസല്‍ ക്ഷാമം; കെ.എസ്.ആര്‍.ടി.സി വീണ്ടും പ്രതിസന്ധിയില്‍; നിരവധി ഓര്‍ഡിനറി സര്‍വീസുകള്‍ റദ്ദാക്കി
Kerala News
ഡീസല്‍ ക്ഷാമം; കെ.എസ്.ആര്‍.ടി.സി വീണ്ടും പ്രതിസന്ധിയില്‍; നിരവധി ഓര്‍ഡിനറി സര്‍വീസുകള്‍ റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th August 2022, 4:02 pm

തിരുവനന്തപുരം: ഡീസൽ ക്ഷാമം മൂലം കെ.എസ്.ആർ.ടി.സിയിൽ പ്രതിസന്ധി രൂക്ഷമായതോടെ ഓർഡിനറി സർവീസുകൾ വെട്ടിക്കുറച്ചു. ഇന്ന് സംസ്ഥാനത്തൊട്ടാകെ പകുതിയിൽ അധികം സർവീസുകളാണ് റദ്ദാക്കിയിട്ടുള്ളത്. ശനിയാഴ്ച 25 ശതമാനം ഓർഡിനറി സർവീസുകൾ മാത്രമെ സർവീസ് നടത്തുകയുള്ളു എന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.

കൊട്ടാരക്കര ഡിപ്പോയിൽ പകുതിയിലധികം ബസുകളും സർവീസ് നടത്തിയിരുന്നില്ല. ഡീസൽ ക്ഷാമത്തെതുടർന്നാണ് സർവീസ് തടസപ്പെട്ടത്. പുനലൂർ, പത്തനാപുരം, അടൂർ, ആയൂർ, കൊല്ലം ഉൾപ്പെടെയുള്ള സർവീസുകളാണ് മുടങ്ങിയത്.

ഇന്ധനക്ഷാമം രൂക്ഷമായതിനാൽ ബുധനാഴ്ചയും സർവീസുകൾ മുടങ്ങിയിരുന്നു. വടക്കൻ മേഖലകളിൽ നിന്ന് മാത്രം 250 ബസ് സർവീസുകളാണ് ബുധനാഴ്ച മുടങ്ങിയത്. സർവീസുകൾ തുടർച്ചയായി മുടങ്ങുന്നത് ജന ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

സർവീസുകൾ കുറക്കുന്നുവെന്ന ഉത്തരവ് കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടറാണ് ഡിപ്പോകൾക്ക് കൈമാറിയത്. ഫാസ്റ്റ് പാസഞ്ചർ മുതലുള്ള സൂപർ ക്ലാസ് സർവീസുകൾ വെള്ളിയാഴ്ചയും, ശനിയാഴ്ചയും കഴിയാവുന്ന രീതിയിൽ സർവീസ് നടത്തണമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. ഞായറാഴ്ചയോടെ ദീർഘദൂര സർവീസുകളും, തിങ്കളാഴ്ചയോടെ എല്ലാ സർവീസുകളും ആരംഭിക്കണമെന്നും ഉത്തരവിലുണ്ട്.

യാതൊരു മുന്നറിയിപ്പുകളും നൽകാതെ വ്യഴാഴ്ച നിരവധി സർവീസുകൾ റദ്ദാക്കിയിരുന്നു. ഡീസലില്ലാത്തതിനാൽ തൊട്ടിൽപാലം ഡിപ്പോയിൽ നിന്നുള്ള ഏഴ് സർവീസുകളാണ് റദ്ദാക്കിയത്. ഏറ്റവും കൂടുതൽ സർവീസുകൾ കോഴിക്കോട് നിന്നാണ്.

വയനാട്ടിലേക്ക് പോകാൻ മറ്റു ബസ് സർവീസുകളൊന്നുമില്ലാത്തതിനാൽ മറ്റ് റൂട്ടുകളിൽ ഓടുന്ന ബസുകളിൽ നിന്ന് ഇന്ധനമെടുത്താണ് കോഴിക്കോട്-വയനാട് ബസ് സർവീസ് പുനരാരംഭിച്ചത്.

അന്തർസംസ്ഥാന സർവീസുകൾ മാത്രം നടത്തുന്ന ബസുകൾക്കാണ് കോഴിക്കോട് നിന്നും ഡീസൽ നൽകിയിരുന്നത്.

കുടിശിക ഇനത്തിൽ 135 കോടി രൂപയാണ് എണ്ണ കമ്പനികൾക്ക് നൽകാനുള്ളത്. ഇതിനെതുടർന്നാണ് ഡീസൽ ലഭ്യതയിൽ കുറവ് വന്നത്. പ്രശ്‌നത്തിൽ 20 കോടി രൂപ അടിയന്തിര സഹായമായി സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ല.

ഇന്ധനപ്രതിസന്ധിക്ക് കാരണം ഗതാഗത മന്ത്രിയാണ് എന്നാണ് എ.ഐ.ടി.യു.സി ഉൾപ്പെടെയുള്ള യൂണിയനുകൾ ആരോപിക്കുന്നത്. ഡീസൽ സ്റ്റോക്ക് ചെയ്യാത്തത് മാനേജ്‌മെന്റിന്റെ വീഴ്ചയാണെന്നാണ് യൂണിയനുകൾ കുറ്റപ്പെടുത്തുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സിയുടെ സിറ്റി സർക്കുലർ വൈദ്യുതി ബസുകൾ സർവീസ് പരീക്ഷണങ്ങൾ തുടങ്ങിയിരുന്നു. 14 ഇലക്ട്രിക് ബസുകളാണ് സർവീസ് തുടങ്ങിയത്. യാത്രക്കാർ കുറവായിരുന്ന റൂട്ടിൽ നാലു ബസുകളും മറ്റ് റൂട്ടുകളിൽ രണ്ടുവീതം ബസുകളുമാണ് നിരത്തിലിറങ്ങുക. 27 പേർക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന, താരതമ്യേന ചെറിയ ബസുകൾ ഗതാഗതക്കുരുക്ക് സൃഷ്ടിക്കില്ലെന്നതാണ് പ്രത്യേകത.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന സി.സി.ടി.വി ക്യാമറകളും ഓട്ടോമാറ്റിക് ഡോറുകളും പ്രത്യേകതയാണ്. അടുത്തമാസം 25 ഇലക്ട്രിക് ബസുകൾ കൂടി സിറ്റി സർക്കുലറിന്റെ ഭാഗമാകും. പുതിയ ബസുകളിൽ സ്വിഫ്റ്റിലെ ജീവനക്കാരെ നിയോഗിച്ചതിൽ യൂണിയനുകളുടെ പ്രതിഷേധവും നടക്കുന്നുണ്ട്.

Content Highlight: KSRTC bus services under crisis due to diesel scarcity