ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഇനി ഓണ്‍ലൈനായി മാത്രം: കർശനമാക്കാന്‍ കെ.എസ്.ഇ.ബി
Kerala News
ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഇനി ഓണ്‍ലൈനായി മാത്രം: കർശനമാക്കാന്‍ കെ.എസ്.ഇ.ബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th September 2025, 7:34 am

തിരുവനന്തപുരം: ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഓണ്‍ലൈനായി മാത്രം സ്വീകരിക്കാനൊരുങ്ങി കെ.എസ്.ഇ.ബി. ആയിരം രൂപയ്ക്ക് താഴെയുള്ള വൈദ്യുതി ബില്ലുകള്‍ മാത്രം പണമായി സ്വീകരിക്കാനുള്ള നിര്‍ദേശം കര്‍ശനമാക്കാനാണ് കെ.എസ്.ഇ.ബി ഒരുങ്ങുന്നത്.

2022 മെയ് 12ന് ചേര്‍ന്ന യോഗത്തില്‍ സ്വീകരിച്ച ഈ തീരുമാനം കര്‍ശനമാക്കാനാണ് കെ.എസ്.ഇ.ബി ഒരുങ്ങുന്നത്.

ഇതിനൊപ്പം കെ.എസ്.ഇ.ബി ഓഫീസില്‍ ബില്ലടയ്ക്കാനുള്ള രണ്ട് ക്യാഷ് കൗണ്ടറുകളില്‍ ഒന്ന് നിര്‍ത്തലാക്കാനും തീരുമാനമെടുത്തിട്ടുണ്ട്.

70 ശതമാനം വരുന്ന ഇലക്ട്രിസിറ്റി ബില്ലുകളും ഇപ്പോള്‍ ഓണ്‍ലൈനായാണ് അടയ്ക്കുന്നത്. ഇത് കൂടി കണക്കിലെടുത്തുകൊണ്ടാണ് കൗണ്ടറുകള്‍ കുറയ്ക്കാന്‍ തീരുമാനമെടുത്തത്.

ബില്ലടയ്ക്കുന്നതിന് നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഡിജിറ്റല്‍ പെയ്‌മെന്റ് ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇളവ് നല്‍കുന്നതിനായും നേരത്തെ തീരുമാനിച്ചിരുന്നു.

അധികം വരുന്ന ജീവനക്കാരെ ഡിവിഷന്‍, സര്‍ക്കിള്‍ ഓഫീസുകളിലേക്ക് പുനര്‍വിന്യസിക്കുകയോ പൊതു സ്ഥലംമാറ്റത്തിന്റെ ഭാഗമായി സ്ഥലംമാറ്റുകയോ ചെയ്യും.

ഒരേ കെട്ടിടത്തില്‍ രണ്ട് സെക്ഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നിടത്തും ഒരു കൗണ്ടര്‍ മാത്രമായിരിക്കും ഇനിയുണ്ടാവുകയെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

ബില്ലടയ്ക്കാനുള്ള സമയക്രമത്തില്‍ മാറ്റം വരുത്താനും ഇലക്ട്രിസിറ്റി ബോര്‍ഡ് തീരുമാനമെടുത്തിട്ടുണ്ട്. രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെയാണ് പണം സ്വീകരിച്ചിരുന്നത്. ഇത് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് മൂന്ന് മണി വരെയാക്കി നിജപ്പെടുത്തി.

 

Content Highlight: KSEB to accept bills above Rs. 1,000 only online.