കെ.എസ്.ഇ.ബി സര്‍ചാര്‍ജ് വര്‍ധിപ്പിക്കുന്നു; സെപ്റ്റംബറില്‍ യൂണിറ്റിന് 10 പൈസ കൂട്ടും
Kerala
കെ.എസ്.ഇ.ബി സര്‍ചാര്‍ജ് വര്‍ധിപ്പിക്കുന്നു; സെപ്റ്റംബറില്‍ യൂണിറ്റിന് 10 പൈസ കൂട്ടും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th August 2025, 9:27 pm

തിരുവന്തപുരം: കെ.എസ്.ഇ.ബി സര്‍ചാര്‍ജില്‍ വര്‍ധനവ്. സെപ്റ്റംബറില്‍ യൂണിറ്റിന് 10 പൈസ വര്‍ധിപ്പിക്കുമെന്നാണ് ഉത്തരവില പറയുന്നത്. ജൂലൈയില്‍ 26.28 കോടിയുടെ അധിക ബാധ്യത ഉണ്ടെന്നാണ് കെ.എസ്.ഇബി പറയുന്ന കാരണം.

ഈ മാസം പിരിച്ചതിനേക്കാള്‍ കൂടുതല്‍ രൂപയാണ് സര്‍ക്കാര്‍ അടുത്തമാസം കെ.എസ്.ഇ.ബി സര്‍ചാര്‍ജ് വര്‍ധനവിലൂടെ പിരിക്കുന്നത്. പ്രതിമാസ ബില്ലുകാര്‍ക്കും ദ്വിമാസ ബില്ലുകാര്‍ക്കും യൂണിറ്റിന് 10 പൈസ നിരക്കില്‍ വര്‍ദ്ധിപ്പിക്കാനാണ് കെ.എസ്.ഇ.ബി ഉത്തരവ്.

ജൂലൈ മാസം പുറത്തുനിന്ന് വൈദ്യുതി എത്തിച്ചതില്‍ കോടിയുടെ അധിക ബാധ്യത ഉണ്ടായെന്ന് കെ.എസ്.ഇ.ബി അറിയിച്ചത്. ഈ തുകയാണ് അടുത്തമാസം ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

ഈ മാസം പ്രതിമാസബില്‍ യൂണിറ്റിന് ഒമ്പത് പൈസയും പ്രതിമാസ ബില്ലുകാര്‍ക്ക് യൂണിറ്റിന് എട്ട് പൈസയുമായിരുന്നു സര്‍ചാര്‍ജ് വര്‍ധനവ്. ഇപ്പോള്‍ വീണ്ടും യൂണിറ്റിന് 10 പൈസ വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കും.

കഴിഞ്ഞ ഏപ്രിലില്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിനും കെ.എസ്.ഇ.ബിക്ക് അധിക ചിലവ് ഉണ്ടായിരുന്നു. 12. 39 കോടി രൂപയുടെ തിരിച്ചടവാണ് സര്‍ചാര്‍ജ് ഇനത്തില്‍ ഈടാക്കാന്‍ ഉത്തരവിട്ടത്.

എന്നാല്‍ 1000 വാട്ട് വരെ കണക്ടഡ് ലോഡും 40 യൂണിറ്റ്‌റിലോ അതില്‍ കുറവോ പ്രതിമാസ ഉപയോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കളെ സര്‍ക്കാര്‍ സര്‍ചാര്‍ജ് വര്‍ധനവില്‍ നിന്നും ഒഴിവാക്കിയിരുന്നു.

ഗ്രീന്‍ താരിഫ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കും ഈ ചാര്‍ജ് നല്‍കേണ്ടിയിരുന്നില്ല. എന്നാല്‍ നിലവിലെ സര്‍ചാര്‍ജ് വര്‍ധനവില്‍ ഇളവുകള്‍ ഒന്നും കെ.എസ്.ഇബി പറഞ്ഞിട്ടില്ല.

Content Highlight: KSEB increases unit price by 10 paise in September