വൈദ്യുതിമുടക്കം പതിവ്; ജീവനക്കാരെ ഓഫീസില്‍ പൂട്ടിയിട്ടു
Kerala
വൈദ്യുതിമുടക്കം പതിവ്; ജീവനക്കാരെ ഓഫീസില്‍ പൂട്ടിയിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th June 2018, 10:33 am

കോഴിക്കോട്: വൈദ്യുതിമുടക്കം പതിവായതില്‍ പ്രതിഷേധിച്ച് ഒരു സംഘം ആളുകള്‍ വൈദ്യുതി സെക്ഷന്‍ ഓഫീസ് ജീവനക്കാരെ ഓഫീസില്‍ പൂട്ടിയിട്ടു. കക്കട്ടില്‍ വൈദ്യുതി സെക്ഷന്‍ ഓഫീസ് പരിധിയിലാണ് സംഭവം.

ശനിയാഴ്ച രാത്രിയാണ് വൈദ്യുതിമുടക്കം ചോദ്യംചെയ്ത് ഒരു സംഘം ഓഫീസിലെത്തി ബഹളം വെക്കുകയും ഓഫീസ്പൂട്ടി സ്ഥലം വിടുകയും ചെയ്തത്. മാസങ്ങളായി സെക്ഷന്‍ ഓഫീസ് പരിധിയില്‍ വൈദ്യുതിമുടക്കം പതിവാണെന്നും രാത്രി പലപ്പോഴും വൈദ്യുതി ഉണ്ടാകാറില്ലെന്നും നാട്ടുകാരെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി വൈദ്യുതി മുടങ്ങിയതോടെയാണ് ഒരു സംഘം ഓഫീസിലെത്തിയത്. ശനിയാഴ്ച വൈകുന്നേരം മുടങ്ങിയ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ രാത്രി വൈകിയും പ്രവൃത്തി നടക്കുന്നതിനിടയിലാണ് ഓഫീസ് ഉപരോധിച്ചത്.

ALSO READ:  ബി.എസ്.പിയുമായി സഖ്യം തുടരാന്‍ എസ്.പി ലോക്‌സഭാ സീറ്റ് ഉപേക്ഷിച്ചേക്കും; ബി.ജെ.പിയെ തോല്‍പ്പിക്കുക ലക്ഷ്യം

അതേസമയം വൈദ്യുതിബന്ധം പുന:സ്ഥാപിക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും പ്രതികൂല കാലാവസ്ഥയാണ് ഇതിന് തടസമെന്നുമാണ് ജീവനക്കാര്‍ പറയുന്നത്.

ഇരുപത്തിരണ്ടായിരത്തിലധികം വൈദ്യുതകണക്ഷന്‍ ഉള്‍ക്കൊള്ളുന്ന സെക്ഷന്‍ ഓഫീസാണിത്. വൈദ്യുതി നിലച്ചാല്‍ രാത്രികാലങ്ങളില്‍ മലയോര മേഖലകളിലേക്ക് ജീവനക്കാര്‍ക്ക് എത്തിച്ചേരാന്‍ പറ്റാത്ത സ്ഥിതിയാണ്. മലയോര മേഖലകളായ കാവിലുംപാറ, കായക്കൊടി, വേളം, കുറ്റ്യാടി, പുറമേരി, നാദാപുരം പഞ്ചായത്തുകള്‍ ഭാഗികമായും കുന്നുമ്മല്‍, നരിപ്പറ്റ പഞ്ചായത്തുകള്‍ പൂര്‍ണമായും സെക്ഷന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

WATCH THIS VIDEO: