കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.ബി.യുടെ ബോര്‍ഡുകള്‍ അറബിയില്‍; പ്രചരണത്തിന് പിന്നിലെ വാസ്തവം എന്ത്
Kerala
കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.ബി.യുടെ ബോര്‍ഡുകള്‍ അറബിയില്‍; പ്രചരണത്തിന് പിന്നിലെ വാസ്തവം എന്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th April 2021, 1:43 pm

കോഴിക്കോട്: കെ.എസ്.ഇ.ബി അറബി ഭാഷയിലുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം. കെ.എസ്.ഇ.ബി എന്നാല്‍ കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് എന്നാണെന്നും എന്നാല്‍ കേരളത്തിലെ ചില ഭാഗങ്ങളില്‍ മാതൃഭാഷയ്ക്ക് പകരം അറബി ഭാഷയിലാണ് കെ.എസ്.ഇ.ബി എന്ന് എഴുതിയിരിക്കുന്നതെന്നും സര്‍ക്കാരിന്റെ ഇലക്ട്രിസിറ്റി ബോര്‍ഡ് പോലും ചിലരെ പ്രീണിപ്പിക്കാനായി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നു എന്നുമായിരുന്നു പ്രചരണം.

എന്നാല്‍ ഇതിന് പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി കെ.എസ്.ഇ.ബി തന്നെ രംഗത്തെത്തി. കെ.എസ്.ഇ.ബി ഒരിടത്തും ഇത്തരമൊരു ബോര്‍ഡ് സ്ഥാപിച്ചിട്ടില്ലെന്നും ചിത്രത്തിലെ ബോര്‍ഡില്‍ കാണുന്ന എല്‍.ഇ.ഡി ലാമ്പ് നിര്‍മ്മാണ കമ്പനിയുമായി കെ.എസ്.ഇ.ബിക്ക് യാതൊരു ബന്ധവുമില്ലെന്നും കുത്സിത ലക്ഷ്യങ്ങളോടെ ചില കുടില ബുദ്ധികള്‍ പടച്ചുവിടുന്ന ഇത്തരം വ്യാജ പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും കെ.എസ്.ഇ.ബി പറഞ്ഞു.

കോഴിക്കോട് നഗരഹൃദയത്തിലുള്ള ബാലന്‍ കെ. നായര്‍ റോഡിലെ ഒരു വെയ്റ്റിംഗ് ഷെഡാണ് ചിത്രത്തില്‍ കാണുന്നതെന്നും എന്നാല്‍ അവിടെ ഇത്തരത്തില്‍ ഒരു ബോര്‍ഡും നിലവിലില്ലെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.

യഥാര്‍ത്ഥത്തില്‍ ഹ്യുമാക്‌സ് എന്ന എല്‍.ഇ.ഡി നിര്‍മാണ കമ്പനിയുടേതായിരുന്നു പരസ്യബോര്‍ഡുകള്‍. ഹ്യൂമാക്‌സ് എന്ന ബ്രാന്‍ഡ് നെയിം ബോര്‍ഡില്‍ അറബിയിലും എഴുതിയിരുന്നു. ഇതിനെയാണ് കെ.എസ്.ഇ.ബിയെന്ന് അറബിയിലെഴുതിയായി ചിലര്‍ പ്രചരിപ്പിച്ചത്. സേവ് ഓണ്‍ കെ.എസ്.ഇ.ബി, സേവ് ഓണ്‍ ഇലക്ട്രിസിറ്റി എന്നും ബോര്‍ഡിലുണ്ടായിരുന്നു.

കെ.എസ്.ഇ.ബിയുടെ വിശദീകരണം

‘ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു വ്യാജ ചിത്രവും പോസ്റ്റുമാണ് ഇത്. കെ.എസ്.ഇ.ബി അറബി ഭാഷയിലുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കുന്നു എന്ന തരത്തിലാണ് പ്രചാരണം.

അന്വേഷിച്ചപ്പോള്‍ അറിയാനായത്, കോഴിക്കോട് നഗരഹൃദയത്തിലുള്ള ബാലന്‍ കെ നായര്‍ റോഡിലെ ഒരു വെയ്റ്റിംഗ് ഷെഡാണ് ചിത്രത്തില്‍ കാണുന്നത്. അവിടെ ഇത്തരത്തില്‍ ഒരു ബോര്‍ഡും നിലവിലില്ല.

ഇക്കാര്യത്തിലെ വസ്തുത ഇതാണ്. കെ.എസ്.ഇ.ബി ഒരിടത്തും ഇത്തരമൊരു ബോര്‍ഡ് സ്ഥാപിച്ചിട്ടില്ല. ചിത്രത്തിലെ ബോര്‍ഡില്‍ കാണുന്ന എല്‍. ഇ.ഡി ലാമ്പ് നിര്‍മ്മാണ കമ്പനിയുമായി കെ.എസ്.ഇ.ബിക്ക് യാതൊരു ബന്ധവുമില്ല. ജാഗ്രത പുലര്‍ത്തുക. കുത്സിത ലക്ഷ്യങ്ങളോടെ ചില കുടില ബുദ്ധികള്‍ പടച്ചുവിടുന്ന ഇത്തരം വ്യാജ പ്രചരണങ്ങളെ വിശ്വസിക്കാതിരിക്കുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KSEB Board In Arabic What is the truth behind the propaganda