ആളുകളെ എങ്ങനെ കയ്യിലെടുക്കാമെന്ന് പഠിച്ചത് റിമിയില്‍ നിന്ന്: കെ.എസ്. ചിത്ര
Malayalam Cinema
ആളുകളെ എങ്ങനെ കയ്യിലെടുക്കാമെന്ന് പഠിച്ചത് റിമിയില്‍ നിന്ന്: കെ.എസ്. ചിത്ര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 30th July 2025, 1:10 pm

കേരളത്തിന്റെ വാനമ്പാടിയാണ് കെ.എസ്. ചിത്ര. അഞ്ച് പതിറ്റാണ്ടിലധികമായി സംഗീതലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ചിത്ര മലയാളമുള്‍പ്പെടെ 23 ഭാഷകളിലായി ഇരുപതിനായിരത്തിലധികം പാട്ടുകള്‍ പാടിയിട്ടുണ്ട്. 16 തവണ മികച്ച ഗായികക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ ചിത്ര ആറ് തവണ മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡും സ്വന്തമാക്കി.

ഇപ്പോള്‍ റിമി ടോമിയുടെ സ്റ്റേജ് പെര്‍ഫോമന്‍സ് കണ്ട് അത്ഭുതപ്പെട്ടിരുന്നിട്ടുണ്ടെന്ന് പറയുകയാണ് കെ.എസ്. ചിത്ര. തന്നെക്കാള്‍ എത്രയോ ജൂനിയറാണ് റിമി ടോമിയെന്നും എന്നാല്‍ ഒരു സ്റ്റേജ് എങ്ങനെ ലൈവ് ആക്കി നിര്‍ത്താമെന്നും ആളുകളെ എങ്ങനെ കയ്യിലെടുക്കാമെന്നും താന്‍ പഠിച്ചത് റിമിയുടെ അടുത്ത് നിന്നാണെന്ന് ചിത്ര പറയുന്നു.

‘അവള്‍ ഒരു സ്റ്റേജ് മാനേജ് ചെയ്യുന്നത് കണ്ട് ഞാന്‍ അന്തം വിട്ട് നിന്നിട്ടുണ്ട്. അത്ര രസമായിട്ടാണ് അവള്‍ ഓരോ പരിപാടിയും ചെയ്യുന്നത്. ഒരു പരിപാടിയുടെ ഇടയില്‍ ഇങ്ങനെയൊക്കെ സംസാരിക്കാമെന്ന് കാണിച്ച് തന്നത് റിമിയാണ്. വല്ലാതെ എനര്‍ജിയാണ് അവള്‍ക്ക്. എത്രനേരം വേണമെങ്കിലും റിമിയുടെ പരിപാടി നമുക്ക് കണ്ടുകൊണ്ടിരിക്കാം,’ ചിത്ര പറയുന്നു.

ബാബുരാജ് മാഷിനെ കുറിച്ചും ചിത്ര സംസാരിച്ചിരുന്നു. മാഷിന്റെ ഒരു പാട്ടുപോലും പാടാനോ അദ്ദേഹത്തെ കാണാനോ കഴിഞ്ഞിട്ടില്ലെന്നും ചിത്ര പറഞ്ഞു. എന്നാല്‍ നീലവെളിച്ചം എന്ന ചിത്രത്തിലൂടെ ബാബുരാജ് മാഷിന്റെ പാട്ടുപാടാന്‍ കഴിഞ്ഞെന്നും സംഗീതസംവിധായകന്‍ ബിജി ബാലാണ് അതിന് അവസരമുണ്ടാക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബാബുരാജ് മാഷിനെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും ചിത്ര പറഞ്ഞു.

തനിക്ക് അവാര്‍ഡ് കിട്ടിയ പാട്ടുകളെല്ലാം മികച്ചതായിരുന്നുവെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും കെ.എസ്. ചിത്ര പറഞ്ഞു. ഇതിനും അവാര്‍ഡ് കിട്ടുമോ എന്ന് തോന്നിയ പാട്ടുകളുമുണ്ടെന്നും ചിത്ര പറഞ്ഞു. എന്നാല്‍ കിട്ടുന്ന ബഹുമതി വേണ്ടെന്ന് വെക്കാനുള്ള മനസ് തനിക്കില്ലെന്നും ചിത്ര വ്യക്തമാക്കി.

Content Highlight: KS Chithra talks about Rimi Tomy