കെ.എസ്. ബിമല്‍ അന്തരിച്ചു
Daily News
കെ.എസ്. ബിമല്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd July 2015, 12:46 am

ks-bimal3

ഫോട്ടോ: സുര്‍ജിത്ത് കല്ലാച്ചി

കോഴിക്കോട്: എസ്.എഫ്.ഐ. മുന്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും നാടക പ്രവര്‍ത്തകനുമായിരുന്ന കെ.എസ് ബിമല്‍ അന്തരിച്ചു. ഉദരാര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് പോണ്ടിച്ചേരിയിലെ ജവഹര്‍ലാല്‍ നെഹ്‌റു പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ റിസര്‍ച്ചില്‍ (ജിപ്‌മെര്‍) ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം.

റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്ന് വിമത പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതിന്റെ ഭാഗമായി സി.പി.ഐ.എമ്മില്‍ നിന്നും പുറത്താക്കപ്പെട്ടവരില്‍ പ്രധാനിയായിരുന്നു കെ.എസ് ബിമല്‍. പുറത്താക്കുമ്പോള്‍ സി.പി.ഐ.എം എടച്ചേരി ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു. തുടര്‍ന്ന് ജനാധിപത്യവേദി, മാസ് മൂവ്‌മെന്റ് ഫോര്‍ സോഷ്യലിസ്റ്റ് ആള്‍ട്ടര്‍നേറ്റീവ് (മാസ്) എന്നീ സംഘടനകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.

വ്യാഴാഴ്ച ഉച്ചയോടെ കോഴിക്കോട് ടൗണ്‍ഹാളിലെത്തിച്ച മൃതദേഹത്തില്‍ ആര്‍.എം.പി നേതാക്കളായ കെ.കെ രമ, ടി.എല്‍ സന്തോഷ്, എന്‍ വേണു, ജനാധിപത്യവേദി, മാസ് നേതാക്കളായ എന്‍.പി പ്രതാപ് കുമാര്‍ , കെ.പി ചന്ദ്രന്‍, അഡ്വ. ജോണി സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ ചുവന്ന പതാക പുതപ്പിച്ചു.

സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനു പുറമെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവുമായ എം.ബി രാജേഷ് എംപി, സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍, എ. പ്രദീപ് കുമാര്‍ എം.എല്‍.എ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്, വടകര മുന്‍ എം.പി പി സതീദേവി, മുഹമ്മദ് റിയാസ്, കെ.ടി കുഞ്ഞിക്കണ്ണന്‍, തുടങ്ങിയ വന്‍ നിര സി.പി.ഐ.എം നേതാക്കളും പ്രവര്‍ത്തകരും കെ.എസ് ബിമലിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി.

യു.ഡി.എഫ് നേതാക്കളായ എം.കെ രാഘവന്‍ എം.പി, കെ.സി അബു, പി.കെ ഫിറോസ് (യൂത്ത് ലീഗ്), തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവരും അന്ത്യോപചാരമര്‍പ്പിക്കാന്‍ കോഴിക്കോട് ടൗണ്‍ഹാളിലെത്തിയിരുന്നു. തുടര്‍ന്ന് മൃതദേഹം വിലാപയാത്രയായി വടകരയിലേക്ക് കൊണ്ടുപോയി. മൃതദേഹം കൊയിലാണ്ടിയിലും വടകര ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെച്ചു.

സന്ധ്യയോടെ ജന്മനാടായ എടച്ചേരിയിലേക്ക് കൊണ്ടുപോയ മൃതദേഹം കമ്മ്യൂണിറ്റി ഹാളിലും തുടര്‍ന്ന് ബിമല്‍ അധ്യാപകനായി ജോലി ചെയ്തിരുന്ന നരിക്കുന്ന് യു.പി സ്‌കൂളിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം സ്വവസതിയിലേക്ക് കൊണ്ടുപോയി. രാത്രിയോട് കൂടി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വന്‍ജനാവലിയാണ് ബിമലിന് അന്തിമോപചാരമര്‍പ്പിക്കാന്‍ ഓരോ സ്ഥലത്തും എത്തിച്ചേര്‍ന്നത്.

KS Bimal കെ.എസ് ബിമല്‍എടച്ചേരി നരിക്കുന്ന് യു.പി. സ്‌കൂള്‍ അധ്യാപകനാണ് ബിമല്‍. ബാലസംഘത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നത്. 1999 മുതല്‍ മൂന്ന് വര്‍ഷം എസ്.എഫ്.ഐ കോഴിക്കോട് ജില്ല പ്രസിഡന്റായും തുടര്‍ന്ന് ജില്ലാ സെക്രട്ടറിയായും സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1997ല്‍ കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി, ഡി.വൈ.എഫ്.ഐ നാദാപുരം ബ്ലോക്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ച അദ്ദേഹം സാംസ്‌കാരിക രംഗത്തും സജീവമായിരുന്നു. നിരവധി നാടകങ്ങളുടെ രചയിതാവായ ബിമലിന്റെ ഗോവര്‍ദ്ധന്റെ യാത്രയ്ക്ക് ഫെയ്മ ദേശീയപുരസ്‌കാരവും ലഭിച്ചിരുന്നു.

പുലി പുരാണം, ശിക്കാരി ചാത്തു, ഒരു നഗരം എങ്ങനെ അട്ടിമറിക്കപ്പെടുന്നു, കഥകേട്, ഉദാരം കിനാവ്, യുദ്ധ പര്‍വം, മാധവ ചരിതം, കേണലിനെ ആരും എഴുതുന്നില്ല, കരിങ്കണ്ടന്‍ എന്നിവയാണ് മറ്റു നാടകങ്ങള്‍.

കോഴിക്കോടിന്റെ വിദ്യാര്‍ത്ഥിയുവജന രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിദ്ധ്യമായിരുന്ന ബിമല്‍ നിലവിലെ മാര്‍ക്‌സിസ്റ്റ് ധാരകളോട് കലഹിക്കുകയും ഇടതുപക്ഷത്തിന്റെ പുത്തനുണര്‍വ്വിലൂടെ മാത്രമേ പുതിയ വിപ്ലവ സാധ്യതകള്‍ വിരിയുകയുള്ളുവെന്ന് ഉറച്ചുവിശ്വസിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ആര്‍.എം.പി അടക്കമുള്ള പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങളെ പ്രതീക്ഷയോടെ നോക്കിക്കാണുമ്പോഴും അതില്‍ നിന്നും വ്യത്യസ്തമായ പുതിയ ഇടത് അന്വേഷണങ്ങളിലേയ്ക്കും തിരിയുകയായിരുന്നു ബിമല്‍.

ഗട ആശാമഹ കെ.എസ് ബിമല്‍ജനാധിപത്യ വേദി എന്ന സംഘടന രൂപീകരിച്ച് ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെ സംഘടിപ്പിക്കാനും പുതിയ രാഷ്ടീയ ചര്‍ച്ചകള്‍ക്ക് തുടക്കമിടാനും അദ്ദേഹം അക്ഷീണം പ്രവര്‍ത്തിച്ചു. അതിനായി മാസ് എന്ന സംഘടന രൂപീകരിക്കുന്നതിനും നേതൃത്വം നല്‍കി.

കേരളത്തിലെയും ഇന്ത്യയിലെ തന്നെയും ജനകീയസമരങ്ങളോട് അങ്ങേയറ്റം കൂറുപുലര്‍ത്തുകയും അവയോടൊപ്പം നിലയുറപ്പിക്കുകയും ചെയ്ത സത്യസന്ധനായ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. കേരളീയം മാസികയില്‍ നടന്ന പോലീസ് റെയിഡിനെതിരായുള്ള പ്രതിഷേധ പരിപാടിയിലായിരുന്നു ബിമല്‍ അവസാനമായി പങ്കെടുത്തത്. പരിപാടിയില്‍ പങ്കെടുക്കവെ ക്ഷീണിതനായ അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന് അര്‍ബുദമാണെന്ന് തിരിച്ചറിയുന്നത്.

അമ്മ സുശീല (റിട്ട.ഹെഡ്മിസ്ട്രസ് പുതുപ്പണം നോര്‍ത്ത് യു.പി സ്‌കൂള്‍) അച്ഛന്‍: കേളപ്പന്‍ (റിട്ട.വാട്ടര്‍ അതോറിറ്റി). ഭാര്യ: സൂര്യ (അധ്യാപിക മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), മക്കള്‍: നൂര്‍ജഹാന്‍, ബീഥോവന്‍. സഹോദരങ്ങള്‍: റോമില, വിപിന്‍.