കെ.എസ് ബിമലിന്റെ കണ്ണുകള്‍ ദാനം ചെയ്തു
Daily News
കെ.എസ് ബിമലിന്റെ കണ്ണുകള്‍ ദാനം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st July 2015, 10:38 pm

KS Bimal കെ.എസ് ബിമല്‍പോണ്ടിച്ചേരി: അര്‍ബുദ ബാധയെ തുടര്‍ന്ന് അന്തരിച്ച കെ.എസ് ബിമലിന്റെ കണ്ണുകള്‍ ദാനം ചെയ്തു. വടകര സഫ്ദര്‍ ഹാശ്മി നാട്യ സംഘത്തിന്റെ പരിപാടിയില്‍ വെച്ചാണ് തന്റെ കണ്ണുകള്‍ ദാനം ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നത്.

രാത്രി അന്തരിച്ച കെ.എസ് ബിമലിന്റെ ഇരു കണ്ണുകളും മെഡിക്കല്‍ സംഘം നീക്കം ചെയ്തു. കണ്ണുകള്‍ അന്ധരായ രണ്ട് പേര്‍ക്ക് ഇനിയും വെളിച്ചം പകരും. മരണത്തിന് തൊട്ടു മുമ്പും ആശുപത്രിക്കിടക്കയില്‍ കിടന്നും കലാസാംസ്‌കാരിക സമര പരിപാടികള്‍ ഏകോപിപ്പിച്ച് കൊണ്ടുപോയ വ്യക്തി കൂടിയായിരുന്നു കെ.എസ് ബിമല്‍.

കേരളത്തിലെയും ഇന്ത്യയിലെ തന്നെയും ജനകീയസമരങ്ങളോട് അങ്ങേയറ്റം കൂറുപുലര്‍ത്തുകയും അവയോടൊപ്പം നിലയുറപ്പിക്കുകയും ചെയ്ത സത്യസന്ധനായ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. കേരളീയം മാസികയില്‍ നടന്ന പോലീസ് റെയിഡിനെതിരായുള്ള പ്രതിഷേധ പരിപാടിയിലായിരുന്നു ബിമല്‍ അവസാനമായി പങ്കെടുത്തത്.

പരിപാടിയില്‍ പങ്കെടുക്കവെ ക്ഷീണിതനായ അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന് അര്‍ബുദമാണെന്ന് തിരിച്ചറിയുന്നത്.

കെ.എസ് ബിമലിന്റെ ഭൗതികശരീരം നാളെ രാവിലെ പത്ത് മണിക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചക്ക് വടകര ടൗണ്‍ഹാള്‍, എടച്ചേരി കമ്യൂണിറ്റിഹാള്‍ എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകീട്ട് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. അമ്മ സുശീല (റിട്ട.ഹെഡ്മിസ്ട്രസ് പുതുപ്പണം നോര്‍ത്ത് യു.പി സ്‌കൂള്‍) അച്ഛന്‍: കേളപ്പന്‍ (റിട്ട.വാട്ടര്‍ അതോറിറ്റി). ഭാര്യ: സൂര്യ (അധ്യാപിക മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), മക്കള്‍: നൂര്‍ജഹാന്‍, ബീഥോവന്‍. സഹോദരങ്ങള്‍: റോമില, വിപിന്‍.