18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആദ്യമായി ഐ.പി.എല്‍ കപ്പില്‍ മുത്തമിട്ടിരിക്കുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിനാണ് പഞ്ചാബിനെ കീഴടക്കി കിരീടവരള്‍ച്ചക്ക് ആര്‍.സി.ബി. അന്ത്യം കുറിച്ചത്. മുമ്പ് മൂന്ന് വട്ടം കലാശപ്പോരാട്ടത്തിലെത്തിയെങ്കിലും കിട്ടാക്കനിയായിരുന്ന കിരീടം നാലാമത്തെ അവസരത്തില്‍ സ്വന്തമാക്കുകയായിരുന്നു.
മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ബെംഗളൂരു താരം ക്രുണാല്‍ പാണ്ഡ്യയായിരുന്നു. ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും ബൗളിങ്ങില്‍ താരം തന്റെ റോള്‍ ഭംഗിയായി ചെയ്തു. നാലോവര്‍ പന്തെറിഞ്ഞ താരം വെറും 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് വിലപ്പെട്ട രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു.
പഞ്ചാബിന്റെ വെടിക്കെട്ട് വീരന്മാരായ പ്രഭ്‌സിമ്രന്‍ സിങ്ങിന്റെയും ജോഷ് ഇംഗ്ലിസിന്റെയും വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. കളിയുടെ ഗതി മാറ്റിയ വിക്കറ്റുകളായിരുന്നു രണ്ടും. ഫൈനലിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടതോടെ ചരിത്രനേട്ടത്തിലേക്കാണ് ക്രുണാല്‍ പാണ്ഡ്യ കാലെടുത്തുവെച്ചത്. ഐ.പി.എല്ലില്‍ രണ്ട് തവണ ഫൈനലിലെ താരമായി മാറുന്ന ആദ്യ താരമായാണ് പാണ്ഡ്യ മാറിയത്.
2017ലാണ് ക്രുണാല്‍ പാണ്ഡ്യ ആദ്യമായി പ്ലെയര്‍ ഓഫ് ദ ഫൈനലായത്. അന്ന് മുംബൈയുടെ താരമായിരുന്ന ക്രുണാല്‍ തന്റെ ടീമിന് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 38 പന്തില്‍ 47 റണ്‍സാണ് താരം സ്വന്തമാക്കിയത്. ആവേശകരമായ മത്സരത്തില്‍ ഒരു റണ്ണിനാണ് റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് മുംബൈ തന്റെ മൂന്നാം കിരീടത്തില്‍ മുത്തമിട്ടത്.
എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ടീമിനൊപ്പം ഫൈനലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ക്രുണാല്‍ പാണ്ഡ്യ ആരാധകരുടെ സ്വപ്‌നം സഫലമാക്കി. മെഗാ താരലേലത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നാണ് ക്രുണാല്‍ പ്ലേ ബോള്‍ഡ് ആര്‍മിയിലേക്കെത്തിയത്. 5.75 കോടിക്കാണ് താരത്തെ ആര്‍.സി.ബി. സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു കോഹ്‌ലിയുടെ ബാറ്റിങ് കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 35 പന്തില്‍ 43 റണ്‍സാണ് താരം നേടിയത്. രജത് പടിദാര്‍ (16 പന്തില്‍ 26), ലിയാം ലിവിങ്സ്റ്റണ്‍ (15 പന്തില്‍ 25), ജിതേശ് ശര്‍മ (10 പന്തില്‍ 24) എന്നിവരുടെ പ്രകടനവും നിര്‍ണായകമായി. പഞ്ചാബിനായി അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റ് നേടി.
The only one with two Player-of-the-Final awards in the IPL: Krunal Pandya ✨
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി ശശാങ്ക് സിങ് അവസാനം വരെ പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. 30 പന്തില്‍ പുറത്താകാതെ 61 റണ്‍സാണ് താരം നേടിയത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തുകയും റണ്‍സ് വിട്ടുകൊടുക്കാതെയുമിരുന്ന ബെംഗളൂരു പഞ്ചാബിന്റെ കിരീടമോഹങ്ങള്‍ തല്ലിക്കെടുത്തി.
Content Highlight: Krunal Pandya became the first player to get Player of The Match in two IPL Finals