സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താന്‍ ടീമിന്റെ ബാലന്‍സ് നഷ്ടപ്പെടുത്താനാവില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം കെ. ശ്രീകാന്ത്. ഇംഗ്ലണ്ടിനെതിരായ അവസാന ടി – 20 പരമ്പരയിലും ഐ.പി.എല്ലിലും താരം മികച്ച പ്രകടമായിരുന്നില്ല നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.
‘സഞ്ജുവിനെ എനിക്ക് ഇഷ്ടമാണ്. പക്ഷേ, അവസാനം ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ച് ടി – 20 മത്സരങ്ങളില്‍ അവന്‍ മികച്ച പ്രകടനമായിരുന്നില്ല കാഴ്ചവെച്ചത്. അതേസമയം, തിലക് വര്‍മയും അഭിഷേകും ആ സമയത്ത് മികവ് പുലര്‍ത്തി. മൂന്നാം നമ്പറില്‍ തിലകാണ് ടീമിനെ വിജയിപ്പിച്ചത്.
ഒരു താരത്തെ ഉള്‍കൊള്ളാന്‍ മാത്രം ടീമിന്റെ ബാലന്‍സ് നശിപ്പിക്കരുത്. ടീമില്‍ സ്ഥാനം അര്‍ഹിക്കുന്ന താരങ്ങള്‍ക്ക് ഇത് നല്ല സൂചനയല്ല നല്‍കുക,’ ശ്രീകാന്ത് പറഞ്ഞു.
അഭിഷേക് ശര്‍മയും ശുഭ് മന്‍ ഗില്ലും ഓപ്പണിങ്ങില്‍ എത്തുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം നമ്പറില്‍ സഞ്ജുവിനെ കളിപ്പിക്കുകയാണെങ്കില്‍ തിലക് എവിടെ കളിക്കും? മറ്റ് ചില ക്രിക്കറ്റര്‍മാര്‍ സഞ്ജുവിനെ ഒഴിവാക്കാന്‍ പാടില്ലെന്ന് പറയുന്നുണ്ട്. പക്ഷേ തന്റെ അഭിപ്രായത്തില്‍ അവനെ പുറത്തിരുത്തണം. അവനെ ഫിനിഷറായി കളിപ്പിക്കാമെന്നുള്ള വാദത്തോട് താന്‍ അംഗീകരിക്കുന്നില്ലെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ അവസാന ടി -20 മത്സരങ്ങളില്‍ ഓപ്പണറായി സഞ്ജുവായിരുന്നു അഭിഷേകിനൊപ്പം എത്തിയിരുന്നത്. ഏഷ്യാ കപ്പിലും ഈ ജോഡി തന്നെയാവുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ശുഭ്മന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി ടീമില്‍ തിരിച്ചെത്തിയത്. ഇതോടെയാണ് സഞ്ജുവിന്റെ ടീമിലെ സ്ഥാനം അനിശ്ചിതത്തിലായത്.
അതേസമയം, ഏഷ്യാ കപ്പിന് ഇന്ന് തുടക്കമാവും. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനും ഹോങ് കോങ്ങുമാണ് നേര്‍ക്കുനേര്‍ വരുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം നാളെ യു.എ.ഇക്കെതിരെയാണ്. സെപ്റ്റംബര്‍ 14നും 19നുമാണ് ഇന്ത്യയുടെ ബാക്കിയുള്ള ഗ്രൂപ്പ് മത്സരങ്ങള്‍. പാകിസ്ഥാനും ഒമാനുമാണ് ഈ മത്സരങ്ങളിലെ എതിരാളികള്‍.