സംശയമെന്ത് ഞാനായിരുന്നെങ്കിൽ ​ഹർദ്ദിക്കിനെ തന്നെ ക്യാപ്റ്റനാക്കുമായിരുന്നു; മുൻ ഇന്ത്യൻ സെലക്ടർ
Cricket
സംശയമെന്ത് ഞാനായിരുന്നെങ്കിൽ ​ഹർദ്ദിക്കിനെ തന്നെ ക്യാപ്റ്റനാക്കുമായിരുന്നു; മുൻ ഇന്ത്യൻ സെലക്ടർ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 14th November 2022, 11:50 pm

ടി-20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ തോറ്റ് മടങ്ങിയത് ഇന്ത്യൻ ക്രിക്കറ്റിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ക്യാപ്റ്റൻസിയിലടക്കം വലിയ രീതിയിലുള്ള അഴിച്ചു പണി നടത്താനുള്ള ‌സമ്മർദ്ദമാണ് ടീം ഇന്ത്യക്ക് മേൽ ഉണ്ടായിരിക്കുന്നത്.

വിഷയത്തിൽ തന്റെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകനും മുഖ്യ സെലക്ടറുമായിരുന്ന കൃഷ്ണമാചരി ശ്രീകാന്ത്. താനായിരുന്നുവെങ്കിൽ ലോകകപ്പിൽ ഹർദ്ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കുമെന്നായിരുന്നു അ​ദ്ദേഹം പറഞ്ഞത്.

‘ഞാനാണ് സെലക്ഷൻ കമ്മിറ്റിയുടെ ചെയർമാനെങ്കിൽ 2024 ലോകകപ്പിൽ ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റൻ ആക്കുമായിരുന്നു. ടീമിനെ വീണ്ടും ശക്തിപ്പെടുത്താൻ ശ്രമിക്കുമായിരുന്നു. ന്യൂസിലൻഡ് പര്യടനത്തിലെ അത് തുടങ്ങും. അടുത്ത ടി-20 ലോകകപ്പിനായി തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ തുടങ്ങണം.

ചുരുങ്ങിയതി രണ്ട് വർഷം മുമ്പെങ്കിലും തയ്യാറെടുപ്പുകൾ വേണം. 2023 ആവുമ്പോഴേക്കും ഒരു ടീമിനെ തയ്യാറാക്കുകയും ലോകകപ്പ് കളിക്കാൻ പോകുന്നത് ഈ സംഘമാണ് എന്നുറപ്പിക്കുകയും വേണം.

എനിക്ക് തോന്നുന്നത് പേസ് ബൗളിങ് ഓൾറൗണ്ടർമാരെയാണ് ഇന്ത്യൻ ടീമിന് കൂടുതൽ ആവശ്യം. 1983ലും 2011ലും 2007ലും എന്തുകൊണ്ട് ലോകകപ്പ് നേടി, അന്ന് പേസ് ഓൾറൗണ്ടർമാരും സെമി ഓൾറൗണ്ടർമാരും ടീമിലുണ്ടായിരുന്നു. അങ്ങനെയുള്ള താരങ്ങളെ കണ്ടെത്തണം,’കെ. ശ്രീകാന്ത് വ്യക്തമാക്കി.

ടി-20 ലോകകപ്പിൽ രോഹിത് ശർമ്മയുടെ പിൻഗാമിയായി ക്യാപ്റ്റൻ സ്ഥാനത്ത് ഹാർദിക് പാണ്ഡ്യ വരും എന്നാണ് സൂചനകൾ. ടീം ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിൽ പാണ്ഡ്യയുടെ ക്യാപ്റ്റൻസി നിർണായകമാകും.

ഈ പരമ്പരയിൽ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും കെ.എൽ രാഹുലും ആർ. അശ്വിനും കളിക്കില്ല. 2024ലെ ടി20 ലോകകപ്പിൽ രോഹിത് ക്യാപ്റ്റനായി ടീമിലുണ്ടാവില്ല എന്നാണ് സൂചനകൾ.

content highlights: krishnamachari srikant praises hardik pandya