രണ്ടേ രണ്ട് ചിത്രങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച സംവിധായകനാണ് കൃഷ്ണദാസ് മുരളി. 2024ല്‍ പുറത്തിറങ്ങിയ ഭരതനാട്യത്തിലൂടെ ശ്രദ്ധിക്കപ്പെട്ട കൃഷ്ണദാസ് മുരളി ശ്രദ്ധിക്കപ്പെടുന്നത് അടുത്തിടെ പുറത്തിറങ്ങിയ ഭരതനാട്യം 2 മോഹിനിയാട്ടത്തിലൂടെയാണ്. ആദ്യഭാഗമായ ഭരതനാട്യം തിയേറ്ററുകളില്‍ പരാജയമായിരുന്നെങ്കിലും ചിത്രത്തിനൊരു രണ്ടാം ഭാഗം ഒരുക്കാനുള്ള സംവിധായകന്റെ തീരുമാനത്തെ പലരും സംശയത്തോടെയാണ് നോക്കിക്കണ്ടത്. എന്നാല്‍ സംശയങ്ങള്‍ക്കെല്ലാം വിരാമമിട്ട് കൊണ്ട് മികച്ച വിജയം നേടിയെടുത്തായിരുന്നു മോഹിനിയാട്ടം തിയേറ്റര്‍ വിട്ടത്.
ഡാര്‍ക്ക് കോമഡി ഴോണറില്‍ ഒരുക്കിയ ചിത്രത്തില്‍ ആദ്യ ഭാഗത്തിലുണ്ടായിരുന്നുവര്‍ക്ക് പുറമെ സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോര്‍ട്ട്, ജഗദീഷ് തുടങ്ങിയവരും അണിനിരന്നതോടെ ചിത്രം മികച്ച വിജയം സ്വന്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കുകയായിരുന്നു. സൈജു കുറുപ്പിന്റെ കരിയറിലെ 150ാമത്തെ ചിത്രം,സൈജു നായകനായെത്തി വന്‍ വിജയം നേടുന്ന ആദ്യ ചിത്രം തുടങ്ങി ഒട്ടനവധി പ്രത്യേകതകള്‍ മോഹിനിയാട്ടത്തിനണ്ടായിരുന്നു.
ഇപ്പോഴിതാ തന്റെ ചെറുപ്പക്കാലത്ത് സൈജു കുറുപ്പുമായി ഉണ്ടായ ഒരു അനുഭവത്തെ കുറിച്ച് കൃഷ്ണദാസ് മുരളി പറഞ്ഞ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മോഹനിയാട്ടത്തിന്റെ വിജയത്തിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സൈജു ചേട്ടന്‍ പോലും അറിയാത്തൊരു സ്വീറ്റ് റിവെഞ്ച് അദ്ദേഹം എന്നോട് ചെയ്തിട്ടുണ്ട്. ഒരുപാട് കാലം മുമ്പ് ഞാന്‍ ട്യൂഷന്‍ പഠിക്കുന്ന സമയത്ത് ട്യൂഷന്‍ ക്ലാസിന്റെ അടുത്തുളള തിയേറ്ററില്‍ സൈജു ചേട്ടന്‍ അഭിനയിച്ച ഒരു സിനിമ വന്നിരുന്നു. അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കകാലത്ത് ഉള്ള ഒരു സിനിമയാണ്. അദ്ദേഹം ഹീറോയാണ് ചിത്രത്തില്‍. അങ്ങനെ ഒരു ദിവസം സൈക്കിളില്‍ പോകുമ്പോള്‍ ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ടിട്ട് ഇയാളെ എല്ലാം ആരാടാ സിനിമയിലെടുത്തത് എന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്.
വളരെ മോശമായ ഒരു കാര്യമാണെന്ന് എനിക്കറിയാം. ഒരു ഒമ്പതാം ക്ലാസുകാരന്റെ വിവരക്കേടായിട്ട് കണ്ടാല്‍ മതി അതിനെ. പക്ഷേ അന്ന് ഞാന്‍ അങ്ങനെ ചോദിച്ച ആളാണ് എന്നെ സിനിമയിലേക്ക് എടുത്തത്. അദ്ദേഹത്തിന്റെ 150ാമത്തെ സിനിമ സൂപ്പര്‍സാറ്റാര്‍ രജിനികാന്തിന്റെ സ്റ്റൈലില്‍ ഞാന്‍ തന്നെ വെച്ചു എന്ന് പറയുമ്പോള്‍ അത് പുള്ളി പോലും അറിയാതെ പുള്ളി ചെയ്തിട്ടുള്ള സ്വീറ്റ് റിവഞ്ച് ആയിട്ടാണ് ഞാന്‍ കണക്കാക്കുന്നത്,’ കൃഷ്ണദാസ് മുരളി പറഞ്ഞു.
Content Highlight: Krishnadas Murali talks about his experience with Saiju kurup
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.