20 വര്‍ഷമായി സിനിമയിലുള്ള ആളെ ഞാനായിട്ട് ഫീല്‍ഡൗട്ട് ആക്കിയോ എന്ന കുറ്റബോധമായിരുന്നു, സൈജുവേട്ടന്‍ ശരിക്കും ഡിപ്രഷനിലായി: കൃഷ്ണദാസ് മുരളി
Malayalam Cinema
20 വര്‍ഷമായി സിനിമയിലുള്ള ആളെ ഞാനായിട്ട് ഫീല്‍ഡൗട്ട് ആക്കിയോ എന്ന കുറ്റബോധമായിരുന്നു, സൈജുവേട്ടന്‍ ശരിക്കും ഡിപ്രഷനിലായി: കൃഷ്ണദാസ് മുരളി
അമര്‍നാഥ് എം.
Monday, 18th May 2026, 12:57 pm

ആദ്യഭാഗം പരാജയമായിട്ടും രണ്ടാം ഭാഗം വന്‍ വിജയമാവുക എന്ന അപൂര്‍വ നേട്ടം സ്വന്തമാക്കിയ ചിത്രമായിരുന്നു മോഹിനിയാട്ടം. ആദ്യഭാഗമായ ഭരതനാട്യം ഒ.ടി.ടിയിലൂടെയാണ് ശ്രദ്ധ നേടിയത്. ഭരതനാട്യത്തില്‍ നിന്ന് മോഹിനിയാട്ടത്തിലേക്ക് എത്തിയപ്പോള്‍ ഴോണറില്‍ വലിയൊരു ഷിഫ്റ്റ് തന്നെയാണ് സംവിധായകന്‍ നടത്തിയത്. ഇത് കൃത്യമായി വര്‍ക്കാവുകയും ചെയ്തു.

ഡാര്‍ക്ക് കോമഡി സിനിമകളില്‍ മോളിവുഡില്‍ പുതിയൊരു ബെഞ്ച്മാര്‍ക്കാണ് മോഹിനിയാട്ടം സൃഷ്ടിച്ചത്. ഇപ്പോഴിതാ മോഹിനിയാട്ടത്തിന്റെ വിജയത്തെയും ഭരതനാട്യത്തിന്റെ പരാജയത്തെയും കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ കൃഷ്ണദാസ് മുരളി. ഭരതനാട്യത്തിന്റെ പരാജയം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് കൃഷ്ണദാസ് പറഞ്ഞു.

കൃഷ്ണദാസ് മുരളി Photo: Screen grab/ Reporter Films

ആദ്യചിത്രം തന്നെ പരാജയമായത് തന്നെ തളര്‍ത്തിയെന്ന് കൃഷ്ണദാസ് പറഞ്ഞു. എന്നാല്‍ തന്നെക്കാള്‍ ഈ പരാജയം ബാധിച്ചത് നിര്‍മാതാവും നായകനും കൂടിയായ സൈജു കുറുപ്പിനെയായിരുന്നെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. സൈജു കുറുപ്പിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും കൃഷ്ണദാസ് പറയുന്നു. ദി ഷോസ്‌കേപ് ജേര്‍ണലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സൈജു ചേട്ടന്റെ കാര്യമായിരുന്നു എന്നെക്കാളും കഷ്ടം. പുള്ളി അത്രയും പൈസയും വിശ്വാസവും ഇന്‍വെസ്റ്റ് ചെയ്തിരിക്കുകയായിരുന്നു. ഈയൊരു പരാജയം ഉള്‍ക്കൊള്ളാന്‍ സൈജു ചേട്ടന് പറ്റിയില്ലെന്ന് എനിക്ക് മനസിലായി. ഞാന്‍ ഫോണ്‍ വിളിച്ച് സംസാരിച്ചപ്പോള്‍ ‘എല്ലാം നിര്‍ത്തിയാലോ എന്ന് ആലോചിക്കുകയാണ്’ എന്നായിരുന്നു പുള്ളി പറഞ്ഞത്.

നായകനായി അഭിനയിക്കാതെ ക്യാരക്ടര്‍ റോളുകള്‍ ചെയ്തുകൂടെ എന്ന് ചോദിച്ചു. അതിനും പുള്ളി ഒന്നും പറഞ്ഞില്ല. സൈജു ചേട്ടന്‍ ശരിക്കും ഡിപ്രഷനിലായി. 20 വര്‍ഷമായിട്ട് സിനിമയിലുള്ള ആളെ ഞാനായിട്ട് ഫീല്‍ഡ് ഔട്ട് ആക്കിയോ എന്ന കുറ്റബോധമായിരുന്നു ആ സമയത്ത് എനിക്ക്. മോഹിനിയാട്ടത്തിന്റെ സക്‌സസ് മീറ്റില്‍ സൈജു ചേട്ടന്‍ അത്രയും ഇമോഷണലായത് അതുകൊണ്ടാണ്,’ കൃഷ്ണദാസ് മുരളി പറയുന്നു.

ഭരതനാട്യം നിര്‍ത്തിയ അതേ പോയിന്റില്‍ നിന്നാണ് സംവിധായകന്‍ മോഹിനിയാട്ടം ആരംഭിച്ചത്. ആദ്യഭാഗത്തിലെ പ്രധാന കഥാപാത്രങ്ങള്‍ക്കൊപ്പം പുതിയ ചിലര്‍ കൂടി ഇത്തവണ കടന്നുവരുന്നുണ്ട്. തിയേറ്റര്‍ റിലീസിലും ഇപ്പോള്‍ ഒ.ടി.ടി റിലീസിലും മോഹിനിയാട്ടം ഒരുപോലെ മുന്നേറുകയാണ്. ചിത്രത്തിലെ പല സീനുകളും ഡയലോഗുകളും ഇപ്പോള്‍ ചര്‍ച്ചയായിക്കഴിഞ്ഞു.

Content Highlight: Krishnadas Murali about the failure of Bharathanatyam movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം