നാല് മാങ്ങാത്തൊലി പറയുന്നുണ്ടെങ്കില്‍ ആ സിനിമയില്‍ ഞാന്‍ അഭിനയിക്കുമെന്നാണ് എഴുതിയിരുന്നത്: കൃഷ്ണ ശങ്കര്‍
Film News
നാല് മാങ്ങാത്തൊലി പറയുന്നുണ്ടെങ്കില്‍ ആ സിനിമയില്‍ ഞാന്‍ അഭിനയിക്കുമെന്നാണ് എഴുതിയിരുന്നത്: കൃഷ്ണ ശങ്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th January 2023, 6:56 pm

ട്രോളുകളെ പറ്റി പറയുകയാണ് കൃഷ്ണ ശങ്കറും മഞ്ജു വാര്യറും. ചുരുങ്ങിയ വരികളില്‍ വലിയ കാര്യങ്ങളാണ് ട്രോളുകളില്‍ പറയാറുള്ളതെന്നും പലതും തിരിച്ചറിയാന്‍ ട്രോളുകള്‍ സഹായിക്കാറുണ്ടെന്നും കൃഷ്ണ ശങ്കര്‍ ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘വളരെ ചെറിയ രണ്ട് വരിയിലാണ് അവര്‍ വലിയ കാര്യങ്ങള്‍ പറയുന്നത്. അതും ഹ്യൂമറില്‍ പറയുക എന്ന് പറഞ്ഞാല്‍ വലിയ പാടാണ്. അത് ചില കാര്യങ്ങള്‍ നമ്മളെ ഓര്‍മപ്പെടുത്തും. എന്റെ ഒരു ട്രോള്‍ ഇത്തരത്തില്‍ ശ്രദ്ധിച്ചിരുന്നു. ഒരു സ്‌ക്രിപ്റ്റില്‍ ഇന്ന സാധനമുണ്ട്, അപ്പോള്‍ ഞാന്‍ വേണ്ടെന്ന് പറയുന്നു. രണ്ടാമത്തേതില്‍ ഇന്ന സംഭവമുണ്ട്, അത് വേണ്ട എന്ന് പറയുന്നു. അടുത്തതില്‍ നാല് മാങ്ങാത്തൊലി പറയുന്നുണ്ട്, അപ്പോള്‍ അത് മതിയെന്ന് പറയുന്നു.

അപ്പോഴാണ് എന്റെ എല്ലാ പടത്തിലും ഞാന്‍ മാങ്ങാത്തൊലി പറയുന്നുണ്ട് എന്ന് അറിയുന്നത്. പ്രേമം മുതലുള്ള പടങ്ങളില്‍ ചുമ്മാ പറയുന്നുണ്ട്. അവര്‍ അത് അത്രയും ശ്രദ്ധിക്കുന്നുണ്ട്. ഞാന്‍ അത് ശ്രദ്ധിക്കണം. കാരണം എല്ലാ ക്യാരക്റ്ററും കോയ അല്ലല്ലോ. എല്ലാ കഥാപാത്രവും ആലുവ ഭാഷയല്ല. ട്രോള്‍ കാണുമ്പോള്‍ അത് മനസിലാവും. ചിലത് ഭയങ്കര ഹ്യൂമറല്ലേ. അത് ശരിക്കും ഭയങ്കര കഴിവാണ്,’ കൃഷ്ണ ശങ്കര്‍ പറഞ്ഞു.

നമ്മളെകുറിച്ച് നമ്മള് പോലും അറിയാത്ത ചില കാര്യങ്ങള്‍ അറിയാനുള്ള അവസരമായാണ് ട്രോളുകളെ കാണുന്നതെന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞത്. ‘ആദ്യത്തെ മാരകമായ ട്രോള്‍ കഞ്ഞിയെടുക്കട്ടെ ആണ് വന്നത്. അഭിനയിക്കുമ്പോഴൊന്നും അങ്ങനത്തെ രീതിയില്‍ കാണുന്നില്ല. അത് കണ്ട് സെന്‍സ് ഓഫ് ഹ്യൂമര്‍ വന്ന ഏതോ ആളുടെ മനസില്‍ വന്ന ചിന്തയാണത്. പിന്നീട് സിനിമ കാണുമ്പോള്‍ അതാണ് തോന്നുന്നത്.

പിന്നെ ആയിഷയിലെ പാട്ടിലെ ലുക്കിനെ കുറിച്ച് ട്രോള്‍സ് വന്നിരുന്നു. അതെനിക്കും തോന്നിയ കാര്യമായിരുന്നു. അത് കണ്‍സ്ട്രക്ടീവായിട്ടുള്ള ക്രിട്ടിസിസം തന്നെയാണ്. അതിനെ പൂര്‍ണമായ ഉത്തരവാദിത്തത്തോടെ ഞാന്‍ ഏറ്റെടുക്കുകയാണ്. അത് ഞാന്‍ തന്നെ എനിക്ക് വേണ്ടി ഡിസൈന്‍ ചെയ്ത ലുക്കായിരുന്നു.

എന്നാല്‍ തമാശക്ക് വേണ്ടിയുള്ള, വേദനിപ്പിക്കുന്ന ട്രോള്‍സ് ഉണ്ട്. അത് ഞാന്‍ പ്രോത്സാഹിപ്പിക്കില്ല. പക്ഷേ കണ്‍സ്ട്രക്ടീവായിട്ടുള്ള ക്രിട്ടിസിസം പറയാന്‍ ഇത് ഒരു മാധ്യമമായി ഉപയോഗിക്കുന്നതിനെ ഞാന്‍ അപ്രിഷിയേറ്റ് ചെയ്യുന്നു. ഒരു സെന്‍സ് ഓഫ് ഹ്യൂമറുള്ള ആള്‍ക്കേ അത് പറ്റുകയുള്ളൂ,’ മഞ്ജു വാര്യര്‍ പറഞ്ഞു.

Content Highlight: Krishna Shankar and Manju Warrier are talking about trolls