ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ ഒരു പ്രൊപ്പഗാണ്ട ടൂളായാണ് ഗവര്‍ണമെന്റ് ഉപയോഗിക്കുന്നതെന്ന് സംവിധായകന്‍ കൃഷാന്ദ്. സിനിമ എന്ന മീഡിയത്തിലൂടെ എളുപ്പത്തില്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ദി ഫോര്‍ത്ത് വാള്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കൃഷാന്ദ്.
‘വേള്‍ഡ് വാറിന്റെ സമയത്ത് ജര്‍മനി ഒരുപാട് പ്രൊപ്പഗാണ്ട സിനിമകള്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്. ഒരു സ്റ്റേറ്റ് പറയുന്നത് അവിടുത്തെ ജനങ്ങള്‍ എന്താണെങ്കിലും കേള്‍ക്കും. സിനിമയിലൂടെ ജനങ്ങളോട് എളുപ്പത്തില്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയും.
അങ്ങനെയൊരു മീഡിയത്തിനെ നിലവില്‍ ഭരിക്കുന്ന പാര്‍ട്ടികള്‍ കയ്യില്‍ വെച്ചാല്‍ ഒരുപാട് ജനങ്ങളെ നിയന്ത്രിക്കാന്‍ പറ്റും. അവരുടെ അഭിപ്രായങ്ങള്‍ മാറ്റാന്‍ പറ്റും.
നാഷണല്‍ അവാര്‍ഡിനെ അങ്ങനെയൊരു ടൂളായി ഉപയോഗിക്കുന്നത് രാഷ്ട്ട്രീയപരമായിട്ടുള്ള താത്പര്യത്തിനാണ്. സംസ്ഥാന അവാര്‍ഡാണെങ്കിലും അങ്ങനെയാണ്. കലയെ എങ്ങനെ വേണമെങ്കിലും വളച്ചൊടിക്കാമെന്നൊരു സാധ്യതയുണ്ടല്ലോ,’ കൃഷാന്ദ് പറയുന്നു.
ആവാസവ്യൂഹം, പുരുഷപ്രേതം, സംഘര്‍ഷ ഘടന തുടങ്ങീ ചിത്രങ്ങളിലൂടെ മലയാള സിനിമാലോകത്ത് തന്റേതായ സ്ഥാനമുറപ്പിച്ച സംവിധായകനാണ് കൃഷാന്ദ്.
ആവാസവ്യൂഹം എന്ന ചിത്രമാണ് അദ്ദേഹത്തിന് ജനശ്രദ്ധ നേടി കൊടുത്തത്. 2022ല്‍ പുറത്തിറങ്ങിയ സിനിമ ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. അടുത്തിടെ സംഭവവിവരണം നാലര സംഘം എന്ന വെബ് സീരിസിലൂടെയും അദ്ദേഹം പ്രേക്ഷകെര അത്ഭുതപ്പെടുത്തി.
Content highlight: Krishand says the government is using the National and State Awards as a propaganda tool