മേക്കിങ് കൊണ്ടും കഥപറച്ചിലിന്റെ രീതി കൊണ്ടും മലയാളസിനിമയില്‍ ശ്രദ്ധേയനായ സംവിധായകനാണ് കൃഷന്ദ്. വൃത്താകൃതിയിലുള്ള ചതുരം എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച കൃഷന്ദ് പിന്നീട് ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടു. വ്യത്യസ്തമായ പ്രമേയം ചര്‍ച്ച ചെയ്ത ഇരു ചിത്രങ്ങളും കേരളത്തിന് പുറത്തും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

മസ്തിഷ്‌ക മരണമാണ് കൃഷന്ദിന്റേതായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രം. രജിഷ വിജയന്‍, ജഗദീഷ്, സുരേഷ് കൃഷ്ണ എന്നിവര്‍ പ്രധാനവേഷങ്ങൡലെത്തുന്ന സിനിമ ഇന്ന് (ഫെബ്രുവരി27) ആണ് തിയേറ്ററുകളിലെത്തിയത്. 2046 കാലഘട്ടത്തില്‍ കഥ പറയുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ കോമഡി ചിത്രമായി ഒരുങ്ങിയ മസ്തിഷ്‌ക മരണത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായമാണ് വരുന്നത്.

ഇപ്പോഴിതാ കൃഷന്ദ് ക്ലബ് എഫ്.എമ്മുമായുള്ള അഭിമുഖത്തില്‍ സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. താന്‍ ഡീല്‍ ചെയ്യുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള വിഷമാണെങ്കിലും കാണുന്ന പ്രേക്ഷകര്‍ക്ക് അത് മനസിലാകുമെന്ന് കൃഷാന്ദ് പറയുന്നു.

‘ എന്റെ സിനിമകളില്‍ വലിയ താരങ്ങളില്ലാത്തത് കൊണ്ടാണ് സാധാരണ ആളുകള്‍ അത് കാണാത്തതും ഒരുപാട് പേര് അതിലേക്ക് അപ്രോച്ച് ചെയ്യാത്തതും. അങ്ങനെ വലിയ താരങ്ങള്‍ വന്ന് തുടങ്ങുമ്പോഴേക്കും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട് തുടങ്ങും. എന്റെ സംഘര്‍ഷഘടന എന്ന സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തിട്ടുണ്ട്.

തിയേറ്റര്‍ റിലീസ് ചെയ്യാതെ ഒ.ടി.ടി റൈറ്റ്‌സ് തരാന്‍ കഴിയില്ലെന്ന് പറഞ്ഞതുകൊണ്ടാണ് ആ സിനിമ തിയേറ്റര്‍ റിലീസ് ചെയ്തത്. വളരെ കുറച്ച് റിലീസുകളെ ആ സിനിമയ്ക്ക് ഉണ്ടായിരുന്നുള്ളു. മള്‍ട്ടിപ്ലക്‌സില്‍ നിന്നല്ലാതെ വേറെ എവിടെ നിന്നും എനിക്ക് പൈസ പോലും കളക്ട് ചെയ്ത് കിട്ടിയില്ല. മസ്തിഷ്‌ക മരണമാണ് എന്റെ പ്രോപ്പ്രര്‍ തിയേറ്റര്‍ റിലീസ്,’ കൃഷന്ദ് പറയുന്നു.

മസ്തിഷ്‌ക മരണം തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ചെയ്യേണ്ട സിനിമയാണെന്നും സൈബര്‍ പങ്ക് എന്ന ആശയമാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നെതങ്കിലും കോമഡി ധാരാളമായുണ്ടെന്നും കൃഷന്ദ് പറയുന്നു. മലയാളത്തില്‍ ഇതേ ടേയ്സ്റ്റിലുള്ള സിനിമകള്‍ ചെറിയ രീതിയില്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സിനിമകള്‍ തിയേറ്ററില്‍ നിന്ന് എക്‌സ്പീരിയന്‍സ് ചെയ്താല്‍ മാത്രമേ ഇതുപോലുള്ള സിനിമകള്‍ ഇനി മലയാളത്തില്‍ വരുകയുള്ളുവെന്നും കൃഷന്ദ് കൂട്ടിച്ചേര്‍ത്തു. അതിന് വേണ്ടി കൂടിയാണ് മസ്തിഷ്‌ക മരണം താന്‍ തിയേറ്റര്‍ റിലീസ് ചെയ്യുന്നെതന്നും അദ്ദേഹം പറഞ്ഞു.

മസ്തിഷ്‌ക മരണം പൂര്‍ണമായും ഒരു പരീക്ഷണ ചിത്രമാണെന്നും ഈ സിനിമയെ ജഡ്ജ് ചെയ്യാനായി പോയിട്ടുണ്ടെങ്കില്‍ സിനിമയ്ക്ക് ഒരുപാട് പോരായ്മകള്‍ തോന്നാമെന്നും കൃഷന്ദ് പറയുന്നു. എന്നാല്‍ ആസ്വദിക്കാനാണ് നിങ്ങള്‍ പോകുന്നതെങ്കില്‍ തീര്‍ച്ചയായും ഒരു പുതിയ അനുഭവം മസ്തിഷ്‌ക മരണം സമ്മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗഗനചാരി എന്ന സിനിമയ്ക്ക് ശേഷം അജിത്ത് വിനായക ഫിലിംസും കൃഷന്ദ് ഫിലിംസും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ‘മസ്തിഷ്‌ക മരണം എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമണ്‍സ് മെമ്മറീസ്’. ചിത്രത്തില്‍ നിരഞ്ജ് മണിയന്‍പിള്ള രാജു, ആന്‍ ജമീല സലീം, ശാന്തി ബാലചന്ദ്രന്‍, ദിവ്യ പ്രഭ, വിഷ്ണു അഗസ്ത്യ എന്നിങ്ങനെ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.

Content Highlight: Krishand  about his films and new film masthishka maranam 

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ