ഗില്ലിന് പകരം പ്ലെയിങ് ഇലവനില്‍ അവന്‍ വരണം; അഭിപ്രായവുമായി ക്രിസ് ശ്രീകാന്ത്
Cricket
ഗില്ലിന് പകരം പ്ലെയിങ് ഇലവനില്‍ അവന്‍ വരണം; അഭിപ്രായവുമായി ക്രിസ് ശ്രീകാന്ത്
ശ്രീരാഗ് പാറക്കല്‍
Wednesday, 15th July 2026, 4:20 pm

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 80 റണ്‍സ് നേടി നില്‍ക്കവെ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയിരുന്നു. ഗില്‍ പരിക്കിന്റെ പിടിയിലാണെങ്കില്‍ ഇന്ത്യ ശേഷിക്കുന്ന രണ്ട് മത്സരത്തില്‍ ആരെയാകും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ളതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. ഉചിതമായ തെരഞ്ഞെടുപ്പ് ഇഷാന്‍ കിഷനാണെന്നാണ് അദ്ദേഹം പറഞ്ഞത്.

മാത്രമല്ല മത്സരത്തില്‍ ഇന്ത്യ പിഴവ് വരുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആറ് വിക്കറ്റിന് 107 റണ്‍സ് എന്ന നിലയിലായിരുന്നപ്പോള്‍ പേസര്‍മാരെ മാറ്റി സ്പിന്നറായ വാഷിങ്ടണ്‍ സുന്ദറിനെ പന്തെറിയാന്‍ കൊണ്ടുവരാമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

‘ശുഭ്മന്‍ ഗില്ലിന് പകരം പ്ലെയിങ് ഇലവനില്‍ എത്താനുള്ള ഏറ്റവും ഉചിതമായ തെരഞ്ഞെടുപ്പ് ഇഷാന്‍ കിഷനാണ്. ദൗര്‍ഭാഗ്യവശാല്‍ മൂന്ന് ഇന്നിങ്‌സുകളില്‍ രണ്ട് സെഞ്ചുറികള്‍ നേടിയിട്ടും യശസ്വി ജെയ്‌സ്വാള്‍ ഈ സ്‌ക്വാഡിന്റെ ഭാഗമല്ല. ഗില്ലിന് പകരമായി ഇഷാനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താം, എന്നാല്‍ കെ.എല്‍. രാഹുലിനെ ഓപ്പണറായി ഇറക്കണം. ഇഷാന്‍ കിഷന്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യുന്നതാണ് നല്ലത്.

ശുഭ്മന്‍ ഗില്‍ പരിക്ക് പറ്റി പോകുന്നത്‌

ഇംഗ്ലണ്ട് ആറ് വിക്കറ്റിന് 107 റണ്‍സ് എന്ന നിലയിലായിരുന്നപ്പോള്‍ ഞാന്‍ ആയിരുന്നെങ്കില്‍ വാഷിങ്ടണ്‍ സുന്ദറിനെ പന്തെറിയാന്‍ കൊണ്ടുവരുമായിരുന്നു. ആക്രമണാത്മക ഷോട്ടുകള്‍ കളിച്ച് റിസ്‌ക് എടുക്കാന്‍ ഡോസണ്‍ ശ്രമിച്ചേനേ, അങ്ങനെ അദ്ദേഹത്തിന്റെ വിക്കറ്റ് നേടാനുള്ള അവസരവും ഇന്ത്യക്ക് ലഭിക്കുമായിരുന്നു.

എന്നാല്‍ ഇന്ത്യ സുരക്ഷിതമായ വഴിയാണ് തെരഞ്ഞെടുത്തത്. അവര്‍ സീം ബൗളര്‍മാരെ തന്നെ തുടര്‍ച്ചയായി ഉപയോഗിച്ചു, അത് ഒരു തന്ത്രപരമായ പിഴവായിരുന്നു. ആ ഘട്ടത്തില്‍ ബുംറയെ വീണ്ടും ആക്രമണത്തിലേക്ക് കൊണ്ടുവന്നിരുന്നാലും ഇംഗ്ലണ്ടിന് 175 റണ്‍സ് കടക്കാന്‍ കഴിയുമായിരുന്നില്ല,’ ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

അതേസമയം എഡ്ജ്ബാസറ്റണില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 258 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഇംഗ്ലണ്ട്. മറുപടി ബാറ്റിങ്ങില്‍ 45.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു ഇന്ത്യ.

Content Highlight: Kris Srikkanth Talking About Shubhman Gill And Indian Team Error

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ