ടി-20 ലോകകപ്പില്‍ നമീബിയക്കെതിരായ മത്സരത്തില്‍ താനാണ് ക്യാപ്റ്റനെങ്കില്‍ സഞ്ജു സാംസണിന് അവസരം നല്‍കില്ലെന്ന് പറയുകയാണ് മുന്‍ താരം ക്രിസ് ശ്രീകാന്ത്. സഞ്ജുവിന് മതിയായ അവസരം നല്‍കിയെന്നും താരത്തിന് പകരം ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ ഓപ്പണറാക്കുമെന്നും ശ്രീകാന്ത് പറഞ്ഞു.
മാത്രമല്ല പാകിസ്ഥാനെതിരെ അഭിഷേക് തിരിച്ചെത്തിയാല്‍ സുന്ദറിനെ എട്ടാം സ്ഥാനത്ത് കൊണ്ടുവരണമെന്നും റിങ്കു സിങ്ങിനെ ഒഴിവാക്കണമെന്നും ശ്രീകാന്ത് പറഞ്ഞു. കൂടാതെ അഭിഷേക് നമീബിയക്കെതിരെ കളിക്കേണ്ടത് പ്രധാനമാണെന്നും എന്നാല്‍ സഞ്ജുവിന് അവസരം ലഭിച്ചാല്‍ അത് മുതലെടുക്കണമെന്നും ശ്രീകാന്ത് പറഞ്ഞു.

സഞ്ജു സാംസണ്‍ – Photo: BCCI
‘ഞാനായിരുന്നു ക്യാപ്റ്റനെങ്കില്‍, എനിക്ക് വ്യത്യസ്തമായ ഒരു ചിന്താഗതി ഉണ്ടാകുമായിരുന്നു. സഞ്ജു പൂര്‍ണമായും ഫോം ഔട്ടാണ്. ഞാന്‍ വാഷിങ്ടണ്‍ സുന്ദറിനെ കൊണ്ടുവന്ന് ഓപ്പണറാക്കും. പാകിസ്ഥാനെതിരായ മത്സരം കളിക്കാന്‍ അദ്ദേഹം ഫിറ്റ്‌നസ് നേടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
പാകിസ്ഥാനെതിരെ അഭിഷേക് തിരിച്ചെത്തിയാല്‍, സുന്ദറിനെ എട്ടാം സ്ഥാനത്ത് കൊണ്ടുവരികയും റിങ്കു സിങ്ങിനെ മാറ്റുകയും ചെയ്യും. എന്റെ ചിന്ത ബോക്‌സിന് പുറത്താണ്. സാംസണിന് ന്യായമായ അവസരം നല്‍കിയിട്ടുണ്ട്, അതില്‍ അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. സുന്ദറിന് ഒരു മത്സരം നല്‍കണെമെന്ന് എനിക്ക് തോന്നുന്നു.
അഭിഷേക് ശര്‍മ നമീബിയയ്ക്കെതിരെ കളിക്കുന്നതും താളം വീണ്ടെടുക്കുന്നതും വളരെ പ്രധാനമാണ്. ക്രിക്കറ്റിലെ സ്‌ട്രെങ്ത് വളരെ പ്രധാനമാണ്. അതിനാല്‍ അദ്ദേഹം കളിക്കാതിരിക്കുന്നത് വളരെ വലിയ നഷ്ടമായിരിക്കും.
സഞ്ജുവിന് ഒരു അവസരം ലഭിച്ചേക്കാം എന്നതാണ് നല്ല കാര്യം. അദ്ദേഹത്തിന് മുതലെടുക്കാന്‍ കഴിയുമോ ഇല്ലയോ എന്ന് നമ്മള്‍ കണ്ടറിയണം. ഈ അവസരം അദ്ദേഹം മുതലെടുക്കണം, അല്ലാതെ മറ്റ് മാര്‍ഗമില്ല,’ ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലായ ചീക്കി ചീക്കയില്‍ പറഞ്ഞു.
ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തിനിടെ അസുഖം ബാധിച്ച അഭിഷേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് കഴിഞ്ഞ ദിവസമാണ് വാര്‍ത്ത പുറത്ത് വന്നത്. ഇതോടെ നമീബയ്ക്ക് എതിരെ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുമെന്നാണ് റിപ്പോര്‍. കളത്തിലിറങ്ങാന്‍ സാധിച്ചാല്‍ സഞ്ജുവിന് നിര്‍ണായകമാകും.
Content Highlight: Kris Srikkanth Talking About Sanju Samson
