ജെയ്‌സ്വാളിന് രാജസ്ഥാന്റെ മന്ത്രിയാകാന്‍ മാത്രമേ കഴിയൂ: ക്രിസ് ശ്രീകാന്ത്
Cricket
ജെയ്‌സ്വാളിന് രാജസ്ഥാന്റെ മന്ത്രിയാകാന്‍ മാത്രമേ കഴിയൂ: ക്രിസ് ശ്രീകാന്ത്
ശ്രീരാഗ് പാറക്കല്‍
Wednesday, 25th March 2026, 8:35 am

2026 ഐ.പി.എല്ലിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായി റിയാന്‍ പരാഗിനെ നിയമിച്ച തീരുമാനത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. രാജസ്ഥാന്‍ റോയല്‍സ് പരാഗിനെ രാജാവിനെ പോലെയാണ് പരിഗണിക്കുന്നതെന്നാണ് മുന്‍ ഇന്ത്യന്‍ താരം പറഞ്ഞത്. പരാഗ് ഉള്ളപ്പോള്‍ ജെയ്‌സ്വാളിന് ടീമില്‍ മന്ത്രിയായി മാത്രമേ നിലനില്‍ക്കാന്‍ കഴിയുകയുള്ളൂവെന്നും ശ്രീകാന്ത് പറഞ്ഞു.

‘പരാഗ് എങ്ങനെയാണ് ക്യാപ്റ്റന്‍ ആയതെന്ന് എല്ലാവര്‍ക്കും അറിയാം. അവിടെ അവനെ രാജാവിനെ പോലെയാണ് പരിഗണിക്കുന്നത്. അതുകൊണ്ട് ജെയ്‌സ്വാളിന് മന്ത്രിയാകാന്‍ മാത്രമേ കഴിയു. കഴിഞ്ഞ സീസണ്‍ പരാഗിന് അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ അതിന് മുമ്പ് അവന്‍ മികച്ച പ്രകടനം നടത്തി. കഴിഞ്ഞ സീസണില്‍ അവന്റെ പ്രകടനം മങ്ങിയിരുന്നു,’ ക്രിസ് ശ്രീകാന്ത് പറഞ്ഞു.റിയാന്‍ പരാഗ്, യഷസ്വി ജെയ്‌സ്വാള്‍

17ാം വയസിലാണ് പരാഗ് ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ചത്. സീസണില്‍ അര്‍ധ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമായും പരാഗിന് നേട്ടം കൊയ്യാന്‍ സാധിച്ചു. മാത്രമല്ല 2024 സീസണില്‍ രാജസ്ഥാന്റെ ഉയര്‍ന്ന റണ്‍ വേട്ടക്കാരനായിരുന്നു പരാഗ്. ഐ.പി.എല്ലില്‍ രാജസ്ഥാനായി 1566 റണ്‍സാണ് പരാഗിന്റെ സമ്പാദ്യം.

അതേസമയം രവീന്ദ്ര ജഡേജ, യശസ്വി ജെയ്‌സ്വാള്‍ എന്നിവരെ മറികടന്നാണ് പരാഗിനെ മാനേജ്‌മെന്റ് ക്യാപ്റ്റനായി നിയമിച്ചത്.

2025ലെ ഐ.പി.എല്‍ സീസണിലാണ് റിയാന്‍ പരാഗ് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാകുന്നത്. മുന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന് പരിക്ക് സംഭവിച്ചപ്പോഴാണ് പരാഗ് ആദ്യമായി ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത്. സീസണില്‍ എട്ട് മത്സരങ്ങളില്‍ രാജസ്ഥാനെ നയിച്ചെങ്കിലും രണ്ട് മത്സരത്തിലാണ് ടീമിനെ വിജയത്തിലെത്തിക്കാന്‍ പരാഗിന് സാധിച്ചത്.

ഐ.പി.എല്ലില്‍ 72 ഇന്നിങ്സുകള്‍ കളിച്ച പരാഗ് 1566 റണ്‍സാണ് നേടിയത്. 95 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 26.1 എന്ന ആവറേജും 141.8 എന്ന സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്. ഏഴ് അര്‍ധ സെഞ്ച്വറികളാണ് താരത്തിനുള്ളത്.

അതേസമയം ഫാന്‍സ് ഫേവറേറ്റായ രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലുള്ള മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മത്സരം മാര്‍ച്ച് 30ന് ഗുവാഹത്തിയിലാണ് നടക്കുക.

Content Highlight: Kris Srikkanth Talking About Riyan Parag And Yashasvi Jaiswal

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ