ഇന്ത്യയ്ക്ക് മുമ്പില്‍ മറ്റൊരു വഴി ഉണ്ടായിരുന്നില്ല, ആ തീരുമാനത്തെ അംഗീകരിക്കുന്നു: ശ്രീകാന്ത്
Sports News
ഇന്ത്യയ്ക്ക് മുമ്പില്‍ മറ്റൊരു വഴി ഉണ്ടായിരുന്നില്ല, ആ തീരുമാനത്തെ അംഗീകരിക്കുന്നു: ശ്രീകാന്ത്
ആദർശ് എം.കെ.
Friday, 28th August 2026, 6:29 pm

 

ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. കൊളംബോയിലെ എസ്.എസ്.സിയില്‍ നടന്ന മത്സരത്തില്‍ ഫോളോ ഓണിനിറങ്ങിയ ശ്രീലങ്കയുടെ അപരാജിത ചെറുത്തുനില്‍പ്പാണ് മത്സരം സമനിലയിലേക്കെത്തിച്ചത്.

സ്‌കോര്‍

ഇന്ത്യ: 503/9d

ശ്രീലങ്ക: 290 & 429/9 (f/o)

മത്സരത്തിന്റെ നാല് ദിവസത്തിലും മേല്‍ക്കൈ നേടിയ ശേഷമായിരുന്നു അഞ്ചാം ദിവസം ഇന്ത്യ കളി കൈവിട്ടത്. അനായാസം ജയിക്കാന്‍ സാധ്യതയുണ്ടായിരുന്ന ടെസ്റ്റ് സമനിലയിലെത്തിച്ചതില്‍ മുന്‍ താരങ്ങളടക്കം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ ശ്രീലങ്കയെ ഫോളോ ഓണിനയക്കാനുള്ള ഗില്ലിന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയാണ് മുന്‍ താരം ക്രിസ് ശ്രീകാന്ത്. കാലാവസ്ഥയടക്കമുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ എതിരാളികളെ ഫോളോ ഓണിനയക്കുക മാത്രമാണ് ഇന്ത്യയ്ക്ക് ഓപ്ഷനുണ്ടായിരുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.

ക്രിസ് ശ്രീകാന്ത്

‘മഴയുള്ള കാലാവസ്ഥ കാരണം ഇന്ത്യക്ക് മുന്നില്‍ മറ്റ് വഴികളൊന്നുമില്ലായിരുന്നു. ഫോളോ ഓണ്‍ ചെയ്യാനുള്ള തീരുമാനത്തോട് ഞാന്‍ പൂര്‍ണമായി യോജിക്കുന്നു. വീണ്ടും ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നെങ്കില്‍ ഇന്ത്യ എന്താണ് ചെയ്യുമായിരുന്നത്? അവര്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനാകുമായിരുന്നില്ല. മഴ തടസ്സപ്പെടുത്തിയ മത്സരമായതിനാല്‍ സമയം വളരെ നിര്‍ണായകമായിരുന്നു,’ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ബൗളര്‍മാര്‍ക്ക് അല്പം വിശ്രമം നല്‍കുക എന്നതൊഴിച്ചാല്‍ ഫോളോ ഓണ്‍ ചെയ്യാതിരിക്കാന്‍ മറ്റ് ന്യായീകരണങ്ങളൊന്നുമില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യ വീണ്ടും ബാറ്റ് ചെയ്യണമായിരുന്നു എന്ന് പറയാന്‍ ഒരേയൊരു കാരണമേയുള്ളൂ, ബൗളര്‍മാര്‍ക്ക് രണ്ട് മണിക്കൂര്‍ വിശ്രമം നല്‍കുക എന്നത്. അതിനായി ഇന്ത്യക്ക് വേണമെങ്കില്‍ ഒരു 30 ഓവര്‍ ബാറ്റ് ചെയ്യാമായിരുന്നു. ഇപ്പോള്‍ തുടര്‍ച്ചയായി മൂന്ന് ദിവസവും അവര്‍ക്ക് പന്തെറിയേണ്ടി വന്നു, അതിനാല്‍ ബൗളര്‍മാര്‍ തീര്‍ച്ചയായും തളര്‍ന്നിട്ടുണ്ടാകും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 503 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍, നാലാം ദിനം തുടക്കത്തില്‍ തന്നെ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 290 റണ്‍സിന് അവസാനിച്ചിരുന്നു.

മോശം കാലാവസ്ഥയും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലെ ഇന്ത്യയുടെ സ്ഥാനവും കണക്കിലെടുത്താണ് ഗില്‍ ശ്രീലങ്കയെ വീണ്ടും ബാറ്റിങ്ങിനയച്ചത്.

നാലാം ദിനം അവസാനിക്കുമ്പോള്‍ 229/6 എന്ന നിലയില്‍ തകര്‍ന്ന ശ്രീലങ്കയെ ഇന്ത്യ എളുപ്പത്തില്‍ തോല്‍പ്പിക്കുമെന്ന് കരുതിയെങ്കിലും, അഞ്ചാം ദിനം മുഴുവന്‍ ബാറ്റ് ചെയ്ത ലങ്കന്‍ നിര 429/9 എന്ന നിലയില്‍ മത്സരം സമനിലയിലാക്കുകയായിരുന്നു.

 

 

Content Highlight: Kris Srikkanth supports Shubman Gill’s decision to enforce the follow-on against the opposition in the second Test.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.