ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ക്രിസ് ശ്രീകാന്ത്. മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലിനെ ആറാമനായി ഇറക്കിയത് അനീതിയാണെന്ന് അദ്ദേഹം തുറന്നടിച്ചു. വലിയ ഒരു സ്‌കോര്‍ പിന്തുടരുമ്പോള്‍ ആരെങ്കിലും കെ.എല്‍. രാഹുലിനെ ആറാം സ്ഥാനത്ത് അയക്കുമോ എന്ന് ശ്രീകാന്ത് ചോദിച്ചു. സഞ്ജു സാംസണിനെയും വൈഭവിനെയും തകര്‍ത്തതുപോലെ രാഹുലിനെയും തകര്‍ത്തു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഇത്രയും വലിയ ഒരു സ്‌കോര്‍ പിന്തുടരുമ്പോള്‍ ആരെങ്കിലും കെ.എല്‍. രാഹുലിനെ ആറാം സ്ഥാനത്ത് അയക്കുമോ? ടഫ് റണ്‍-ചേസുകളില്‍ ആ വ്യക്തി നിങ്ങളെ വിജയിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ സഞ്ജു സാംസണെയും വൈഭവ് സൂര്യവംശിയെയും തകര്‍ത്തതുപോലെ, ഇപ്പോള്‍ കെ.എല്‍. രാഹുലിനെയും ഇല്ലാതാക്കി. രാഹുല്‍ ആറാം സ്ഥാനത്തോ ഏഴാം സ്ഥാനത്തോ കളിക്കുന്ന ബാറ്ററാണോ? ഇത് കടുത്ത അനീതിയാണ്. അദ്ദേഹത്തിന്റെ ശരീരഭാഷയിലും പരിഭ്രാന്തി ഉണ്ടായിരുന്നു.
ജോസ് ബട്‌ലറുടെ റോള്‍ ചെയ്യാന്‍ ഇന്ത്യയ്ക്ക് ഒരാളെ ആവശ്യമായിരുന്നു. അവിടെയാണ് കിഷനും ശ്രേയസ് അയ്യരും ഉടന്‍ പുറത്തായത്. പക്ഷേ രാഹുല്‍ നാലാം സ്ഥാനത്ത് ഇറങ്ങിയിരുന്നെങ്കില്‍, 2023 ലോകകപ്പില്‍ പല നിര്‍ണായക സമയങ്ങളില്‍ വിരാട് കോഹ്‌ലി ചെയ്തതുപോലെ രാഹുലിനെ നിങ്ങള്‍ അഭിനന്ദിക്കുമായിരുന്നു. രാഹുലിന് എളുപ്പത്തില്‍ ആക്‌സിലറേഷന്‍ നല്‍കാന്‍ കഴിയുമായിരുന്നു. പക്ഷെ, മത്സരം ഏതാണ്ട് തീര്‍ന്നപ്പോഴാണ് അവര്‍ അദ്ദേഹത്തെ ബാറ്റ് ചെയ്യാന്‍ അയച്ചത്,’ ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലായ ചീക്കി ചീക്കയില്‍ പറഞ്ഞു.
ഇന്ത്യയ്‌ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട് സ്വന്തമാക്കിയത്. സീരീസ് ഡിസൈഡറില്‍ മത്സരത്തില്‍ 27 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 387 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
മത്സരത്തില്‍ ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറിയുടെയും ജേകബ് ബേഥല്‍, ജോ റൂട്ട് എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലായിരുന്നു ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തിത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ടോപ്പ് ഓര്‍ഡര്‍ വിജയപ്രതീക്ഷ നല്‍കിയെങ്കിലും പിന്നീടെല്ലാം ചടങ്ങ് മാത്രമായതോടെ മെന്‍ ഇന്‍ ബ്ലൂ മത്സരവും പരമ്പരയും അടിയറവ് വെച്ചു.