ഇന്ത്യയുടെ അയര്‍ലാന്‍ഡ് ടി – 20 പരമ്പരയില്‍ യുവതാരം വൈഭവ് സൂര്യവംശിയെ കളിപ്പിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. വൈഭവ് പ്ലെയിങ് ഇലവനില്‍ ഉണ്ടാകണമോയെന്നത് വലിയ കാര്യമല്ലെന്നും പരാജയപ്പെട്ടാലും വിജയിച്ചാലും താരത്തിന് ഇന്ത്യന്‍ മാനേജ്‌മെന്റ് അടുത്ത മൂന്ന് വര്‍ഷം സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
എതിരാളികളുടെ വലുപ്പം നോക്കാതെ വൈഭവ് പ്രകടനം നടത്തുമെന്നതിനാല്‍ ഇന്ത്യ തിടുക്കം കൂട്ടരുതെന്നും ഓപ്പണിങ്ങില്‍ സഞ്ജു സാംസണ്‍ – അഭിഷേക് സഖ്യം തന്നെ തുടരട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ശേഷം അവന്‍ ഇന്ത്യയുടെ അടുത്ത ജം ആയിരിക്കുമെന്നും ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ കൂട്ടിച്ചേര്‍ത്തു.
ക്രിസ് ശ്രീകാന്ത്. Photo: Cricket Central/x.com
‘വൈഭവ് സൂര്യവംശി തന്റെ പ്രകടനം കൊണ്ടാണ് ടീമില്‍ ഇടം പിടിച്ചത്. പ്രായം ഇവിടെ ഒരു ഘടകമേയല്ല. അസാമാന്യമായ സ്‌കോറുകളാണ് അവന് തുണയായത്. അവന്‍ പ്ലെയിങ് ഇലവനില്‍ ഉണ്ടാകണമോയെന്നത് വലിയ കാര്യമല്ല. പക്ഷേ, കളിച്ചാലും ഇല്ലെങ്കിലും പരാജയപ്പെട്ടാലും പ്രകടനങ്ങള്‍ നടത്തിയാലും അവന് 16 അംഗ സ്‌ക്വാഡില്‍ അടുത്ത മൂന്ന് വര്‍ഷം മാനേജ്‌മെന്റ് സ്ഥാനം ഉറപ്പാക്കണം.
എന്നാൽ, അയർലാൻഡിനെതിരെ വൈഭവിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താൻ ശ്രമിക്കരുത്. എതിരാളികള്‍ ശക്തരായാലും ദുര്‍ബലരായാലും അവന്‍ തകര്‍ത്തടിക്കും. അതിനാല്‍ തന്നെ ഇന്ത്യ തിടുക്കം കൂട്ടരുത്. അവന്‍ കാത്തിരിക്കട്ടെ, സഞ്ജു സാംസണും അഭിഷേക് ശര്‍മയും തന്നെ ഓപ്പണിങ്ങില്‍ തുടരട്ടെ.
റിസര്‍വ് താരമായി ടീമിനൊപ്പം തുടരുന്നത് വൈഭവിനെ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സഹായിക്കും. അവന്റേത്
തികഞ്ഞ പക്വതയുള്ള വ്യക്തിത്വമാണ്. അത് വലിയൊരു സൂചനയാണ്. അവന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ശേഷം ഒരു ജം ആയിരിക്കും. സച്ചിന്‍ ക്രിക്കറ്റിന്റെ ദൈവമാണെങ്കില്‍, വൈഭവ് ദൈവത്തിന്റെ പുത്രനായിരിക്കും,’ ശ്രീകാന്ത് പറഞ്ഞു.