ഐ.പി.എല്‍ 2026 കലാശപ്പോരിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഈ ആവേശം വാനോളം ഉയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇന്ന് (മെയ് 31) അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ കിരീടമെന്ന ഒറ്റ ലക്ഷ്യത്തിലേക്ക് മാറ്റുരക്കുന്നത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സുമാണ്.
ഫൈനലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഐ.പി.എല്‍ ചാമ്പ്യന്മാരെ പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. 100 ശതമാനവും ഫേവറേറ്റുകള്‍ ആര്‍.സി.ബിയാണെന്നും മത്സരം ഏകപക്ഷീയമായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍.സി.ബിയെ 160 – 170 റണ്‍സില്‍ പുറത്താക്കിയാല്‍ മാത്രമേ ഗുജറാത്തിന് എന്തെങ്കിലും സാധ്യതയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.
‘ആര്‍.സി.ബി തന്നെയാണ് 100 ശതമാനവും ഫേവറേറ്റുകള്‍. തീര്‍ച്ചയായും 65 -35 എന്ന നിലയില്‍ അവര്‍ മുന്നിലാണ്. എന്നാല്‍ ഇതൊരു കടുത്ത പോരാട്ടമായിരിക്കില്ല. മത്സരം ഏകപക്ഷീയമാകാനാണ് സാധ്യത.
ആര്‍.സി.ബിയെ 160 – 170 റണ്‍സില്‍ പുറത്താക്കിയാല്‍ മാത്രമേ ഗുജറാത്തിന് എന്തെങ്കിലും സാധ്യതയുള്ളൂ. അതിന് സാധിച്ചില്ലെങ്കില്‍ അവര്‍ക്ക് കിരീടം മറക്കാം. ഗുജറാത്തിന് വിജയിക്കണമെങ്കില്‍ അവരുടെ ബൗളര്‍മാര്‍ അസാധാരണമായി പന്തെറിയേണ്ടതുണ്ട്,’ ശ്രീകാന്ത് പറഞ്ഞു.
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. Photo: IndianPremierLeague/x.com
ടേബിള്‍ ടോപ്പേഴ്സായി ഒന്നാം ക്വാളിഫയറില്‍ കളിച്ചാണ് ബെംഗളൂരു ഫൈനലിന് യോഗ്യത നേടിയത്. ആ മത്സരത്തിലും എതിരാളികള്‍ ഗുജറാത്ത് തന്നെയായിരുന്നു. ഒരിക്കല്‍ കൂടി ഗുജറാത്തിനെ നേരിടുമ്പോള്‍ കിരീടം നിലനിര്‍ത്തുക എന്നതാണ് രജത് പടിദാറും സംഘവും ലക്ഷ്യമിടുന്നത്.
മറുവശത്ത് ഒന്നാം ക്വാളിഫയറില്‍ ബെംഗളൂരുവിന് മുന്നില്‍ മുട്ടുമടക്കിയ ഗില്ലിന്റെ പട രാജസ്ഥാന്‍ റോയല്‍സിന്റെ പ്രതീക്ഷകളെ തല്ലിചതച്ചാണ് കിരീട പോരിന് എത്തുന്നത്. ടൂര്‍ണമെന്റിലെ രണ്ടാം കിരീടത്തിനൊപ്പം തന്നെ പ്ലേ ഓഫിലെ തോല്‍വിക്ക് ആര്‍.സി.ബിയോട് പകരം വീട്ടാന്‍ ഉറച്ചുമാവും ഗുജറാത്ത് കളത്തിലിറങ്ങുക. അതിനാല്‍ തന്നെ ഫൈനലില്‍ ആരാധകര്‍ക്ക് വലിയ വിരുന്ന് തന്നെയായിരിക്കും.
Content Highlight: Kris Srikkanth says RCB is 100 percent favorites in IPL 2026 final