സഞ്ജുവിനെയും സൂര്യയെയും ഒഴിവാക്കുകയാണെങ്കില്‍ അദ്ദേഹത്തെയും പുറത്താക്കൂ: ശ്രീകാന്ത്
Cricket
സഞ്ജുവിനെയും സൂര്യയെയും ഒഴിവാക്കുകയാണെങ്കില്‍ അദ്ദേഹത്തെയും പുറത്താക്കൂ: ശ്രീകാന്ത്
ഫസീഹ പി.സി.
Friday, 10th July 2026, 9:15 pm

ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ക്രിസ് ശ്രീകാന്ത്. ഗംഭീറിനെ ആരും ചോദ്യം ചെയ്യില്ലെന്നും രണ്ട് മാസം മുമ്പ് ലോകകപ്പ് വിജയിച്ചതിനാല്‍ അദ്ദേഹത്തെ സ്ഥാനത്ത് നീക്കം ചെയ്യാന്‍ ആരും പറയില്ലെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജു സാംസണിനെയും സൂര്യകുമാര്‍ യാദവിനെയും ഒഴിവാക്കുകയാണെങ്കില്‍ ഗംഭീറിനെയും പുറത്താക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.

‘ആരാണ് അദ്ദേഹത്തെ (ഗൗതം ഗംഭീര്‍) ചോദ്യം ചെയ്യാന്‍ പോകുന്നത്? ആരുമില്ല. അദ്ദേഹത്തെ ടീമില്‍ നിന്ന് നീക്കാന്‍ ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ? അവര്‍ പറയില്ല, കാരണം രണ്ടു മാസം മുന്‍പ് അദ്ദേഹം ലോകകപ്പ് വിജയിച്ചതാണ്.

അങ്ങനെയെങ്കില്‍, സൂര്യകുമാര്‍ യാദവും രണ്ടു മാസം മുന്‍പ് ലോകകപ്പ് വിജയിച്ച ആളാണ്. വ്യത്യസ്ത ആളുകള്‍ക്ക് വ്യത്യസ്ത അളവുകോലുകളാണ് ഇവിടെയുള്ളത്. സഞ്ജു സാംസണെയും സൂര്യയെയും ടീമില്‍ നിന്ന് ഒഴിവാക്കുകയാണെങ്കില്‍, അദ്ദേഹത്തെയും ഒഴിവാക്കണം,’ ശ്രീകാന്ത് പറഞ്ഞു.

അയര്‍ലാന്‍ഡ് – ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയാണ് സൂര്യയെ ക്യാപ്റ്റന്‍സി സ്ഥാനത്ത് നിന്ന് നീക്കിയത്. ടി – 20 ലോകകപ്പ് ഉയര്‍ത്തിന് പിന്നാലെയായിരുന്നു ഈ നീക്കം. പുതിയ ടി – 20 ക്യാപ്റ്റനായി ശ്രേയസ് അയ്യരെ നിയമിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ക്യാപ്റ്റന്‍സി മാറ്റത്തിന് ശേഷം ഇന്ത്യയ്ക്ക് ഒരു മത്സരം പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ല. ആദ്യം അയര്‍ലാന്‍ഡ് പരമ്പരയിലെ രണ്ട് മത്സരങ്ങളിലും പിന്നീട് ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് മത്സരങ്ങളിലും ടീം പരാജയപ്പെടുകയായിരുന്നു.

ടി – 20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായ സഞ്ജുവിനെയും ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. താരത്തിന് അയര്‍ലാന്‍ഡ് പരമ്പരയിലും ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ മത്സരത്തിലും തിളങ്ങാന്‍ സാധിക്കാതിരുന്നതോടെയാണ് പുറത്ത് പോവേണ്ടി വന്നത്.

 

Content Highlight: Kris Srikkanth says if India removing Sanju Samson and Suryakumar Yadav, then remove Gautham Gambhir too

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.