അവന് ഇലവനില്‍ പോലും സ്ഥാനം നല്‍കരുത്; ബെംഗളൂരു താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ക്രിസ് ശ്രീകാന്ത്
Cricket
അവന് ഇലവനില്‍ പോലും സ്ഥാനം നല്‍കരുത്; ബെംഗളൂരു താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ക്രിസ് ശ്രീകാന്ത്
ശ്രീരാഗ് പാറക്കല്‍
Sunday, 31st May 2026, 12:47 pm

ഐ.പി.എല്‍ 2026ലെ കലാശപ്പോരാട്ടമാണ് ഇന്ന് നടക്കുന്നത്. ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും മുന്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സുമാണ് കിരീടത്തിനായി ഏറ്റുമുട്ടുന്നത്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദിലെ ഗുജറാത്ത് അസോസിയേഷന്‍ സ്റ്റേഡിയമാണ് വേദി.

മത്സരത്തിന് മുന്നോടിയായി ബെംഗളൂരു പേസര്‍ റൊമാരിയോ ഷെപ്പേര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ക്രിസ് ശ്രീകാന്ത്. മത്സരത്തില്‍ ബെംഗളൂരു സൂപ്പര്‍ ബാറ്റര്‍ ഫില്‍ സാള്‍ട്ട് ഫിറ്റാണെങ്കിലും അവര്‍ കളിപ്പിക്കരുതെന്നും വെങ്കിടേഷ് അയ്യര്‍ മികച്ച പ്രകടനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല റൊമാരിയോക്ക് ഓവര്‍ നല്‍കിയാല്‍ ബെംഗളൂരു ഫൈനലില്‍ പരാജയപ്പെടുമെന്നും താരത്തെ ഇലവനില്‍ ഉള്‍പ്പെടുത്തരുതെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.ബെംഗളൂരു പേസര്‍ റൊമാരിയോ ഷെപ്പേര്‍ഡ്

‘ഫില്‍ സാള്‍ട്ടിനെക്കുറിച്ച് ഇതുവരെ ഒരു വാര്‍ത്തയും ലഭിച്ചിട്ടില്ല, അതിനാല്‍ അദ്ദേഹം ഫിറ്റാണെങ്കില്‍ പോലും അവര്‍ ടീം കോംബിനേഷന്‍ മാറരുത്. കാരണം വെങ്കിടേഷ് അയ്യര്‍ നന്നായി കളിക്കുന്നു. റൊമാരിയോ ഷെപ്പേര്‍ഡ് മൂന്ന് ഓവര്‍ എറിഞ്ഞാല്‍ മാത്രമേ ആര്‍.സി.ബി തോല്‍ക്കാന്‍ സാധ്യതയുള്ളൂ. അദ്ദേഹം മൂന്ന് ഓവര്‍ എറിഞ്ഞാല്‍ ആര്‍.സി.ബി തീര്‍ന്നു! ഷെപ്പേര്‍ഡ് ബോളെറിയരുത്, അവന് ഇലവനില്‍ പോലും സ്ഥാനം നല്‍കരുത്,’ ക്രിസ് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 298 റണ്‍സ് വിട്ടുനല്‍കി വെറും ഏഴ് വിക്കറ്റുകളാണ് റൊമാരിയോക്ക് നേടാന്‍ സാധിച്ചത്. ബൗളര്‍ എന്ന നിലയില്‍ താരം സീസണില്‍ പരാജയപ്പെട്ടിരുന്നു. സീസണില്‍ 3/54 എന്ന മികച്ച ബൗളിങ് പ്രകടനമുണ്ടെങ്കിലും നിര്‍ണായക ഘട്ടങ്ങളില്‍ താരത്തിന് വിക്കറ്റ് നേടാന്‍ സാധിച്ചില്ല. 11.92 എന്ന എക്കോണമിയിലാണ് താരത്തിന്റെ ബൗളിങ്.

അതേസമയം ഇന്ന് നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ ആരുടെ കൂടെയാകും വിജയമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. അണ്‍പ്രഡിറ്റബിളായ ഫൈനല്‍ പോരാട്ടത്തില്‍ കളത്തിലിറങ്ങുമ്പോള്‍ നേര്‍ക്കുനേര്‍ മത്സരത്തിന്റെ കണക്കുകള്‍ ആര്‍.സി.ബിക്ക് കുറച്ചെങ്കിലും പ്രതീക്ഷ നല്‍കുന്നതാണ്.

ഇരുവരും തമ്മില്‍ ഐ.പി.എല്ലില്‍ ഒമ്പത് തവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് തവണ വിജയം സ്വന്തമാക്കിയത് ബെംഗളൂരുവായിരുന്നു. ഗുജറാത്തിന് നാല് വിജയമാണ് നേടാന്‍ സാധിച്ചത്. എന്തുതന്നെയായാലും ഇന്ന് അഹമ്മദാബാദില്‍ വമ്പന്‍ മത്സരത്തിന് തന്നെയാകും ആരാധകര്‍ സാക്ഷ്യം വഹിക്കുന്നത്.

Content Highlight: Kris Srikkanth Criticize RCB Player Romario Shepherd

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ