അയര്‍ലാന്‍ഡിനെതിരായ ടി-20 പരമ്പരയില്‍ പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ മധ്യനിര ബാറ്റര്‍മാരെ വിമര്‍ശിച്ച് മുന്‍ താരം ക്രിസ് ശ്രീകാന്ത്. ഇന്ത്യയുടെ മധ്യനിര മികച്ച രീതിയില്‍ കളിച്ചില്ലെന്നും തിലക് വര്‍മയും ദുബെയും അക്‌സര്‍ പട്ടേലും പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുത്തില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
‘ഇന്ത്യയുടെ മധ്യനിര മികച്ച രീതിയില്‍ കളിച്ചില്ല. തിലക് വര്‍മയും ദുബെയും അക്‌സര്‍ പട്ടേലും പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുത്തില്ല. ഇന്നിങ്സ് ആദ്യം സ്ഥിരതയോടെ മുന്നോട്ടുകൊണ്ടുപോയ ശേഷം മധ്യ ഓവറുകളില്‍ ആക്രമിക്കണം. ആ ഘട്ടത്തില്‍ പരാജയപ്പെട്ടാല്‍ വിജയം നേടാന്‍ കഴിയില്ല.
ഇന്ത്യയ്ക്ക് മത്സരം നഷ്ടമായത് മധ്യ ഓവറുകളിലാണ്. തിലക് വര്‍മ സിംഗിളുകളും ഡബിളുകളും മാത്രം ആശ്രയിച്ച് സ്വന്തം ഇന്നിങ്സ് കെട്ടിപ്പടുക്കാനാണ് ശ്രമിച്ചത്. അക്‌സര്‍ പട്ടേലും അതേ സമീപനമാണ് സ്വീകരിച്ചത്.
തിലക് മത്സരം അവസാന ഓവറിലേക്ക് കൊണ്ടുപോയി ഹീറോ ആകാനാണ് ശ്രമിച്ചത്. ജേഴ്സി ഉയര്‍ത്തിക്കാട്ടി ആഘോഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ഇത്തരത്തിലുള്ള ലക്ഷ്യങ്ങള്‍ അവസാന ഓവറിലേക്ക് നീട്ടാതെ ഒരു ഓവര്‍ ബാക്കിനില്‍ക്കുമ്പോഴേക്കും പൂര്‍ത്തിയാക്കേണ്ടതാണ്. അവസാനം മത്സരം ജയിച്ച് ഹീറോ ആകാനാണ് അദ്ദേഹം ശ്രമിച്ചത്,’ ക്രിസ് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
അതേസമയം അയര്‍ലാന്‍ഡിനെതിരായ രണ്ട് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ഇന്ത്യ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരുന്നു. മാത്രമല്ല ചരിത്രത്തിലാദ്യമായാണ് അയര്‍ലാന്‍ഡിനെതിരെ ഇന്ത്യ ഒരു പരമ്പരയില്‍ പരാജയപ്പെടുന്നത്. പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലിറങ്ങിയ ആദ്യ പരമ്പര തന്നെ പരാജയപ്പെടുകയായിരുന്നു ഇന്ത്യ.
രണ്ടാമത്തെയും അവസാനത്തെയും മത്സരത്തില്‍ വെറും ഒരു റണ്ണിനാണ് ഐറിഷ് പടയുടെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ഇന്നിങ്‌സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
അതേസമയം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരക്കാണ് ആരാധകര്‍ ഇനി കാത്തിരിക്കുന്നത്. നാളെയാണ് (ജൂലൈ 1) പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്.
Content Highlight: Kris Srikkanth Criticize Indian Team Middle Order And Tilak Varma