ഗംഭീറിന്റെ ഏറ്റവും മികച്ച പ്രസ്താവന; സഞ്ജുവിനെ കുറിച്ചുള്ള മറുപടിക്ക് ക്രിസ് ശ്രീകാന്തിന്റെ കയ്യടി
T20 world cup
ഗംഭീറിന്റെ ഏറ്റവും മികച്ച പ്രസ്താവന; സഞ്ജുവിനെ കുറിച്ചുള്ള മറുപടിക്ക് ക്രിസ് ശ്രീകാന്തിന്റെ കയ്യടി
ആദര്‍ശ് എം.കെ.
Wednesday, 4th March 2026, 2:58 pm

 

2026 ടി-20 ലോകകപ്പിലെ സൂപ്പര്‍ 8 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ സഞ്ജു സാംസണിന്റെ പ്രകടനത്തിന് ശേഷം താരങ്ങളുടെ സ്റ്റാറ്റ്‌സും ഡാറ്റയെയും കുറിച്ചുള്ള പരിശീലകന്‍ ഗൗതം ഗംഭീറിന്റെ മറുപടിയെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ക്രിസ് ശ്രീകാന്ത്.

ടീം സെലക്ഷനില്‍ തീരുമാനമെടുക്കുന്നതില്‍ താരങ്ങളുടെ ഡാറ്റകള്‍ സഹായകരമാകാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗംഭീര്‍.

ഗൗതം ഗംഭീര്‍

‘തുറന്നുപറയുകയാണെങ്കില്‍ ഞാന്‍ ഡാറ്റകളില്‍ വിശ്വസിക്കുന്നില്ല. ഞാന്‍ ഒരിക്കല്‍പ്പോലും ഡാറ്റകള്‍ ശ്രദ്ധിച്ചിട്ടില്ല. ഡാറ്റ എന്നതുകൊണ്ട് എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്ന് പോലും എനിക്ക് അറിയില്ല. ടി-20യില്‍ നിങ്ങളുടെ കഴിവിനും, ആ കഴിവിനെ പിന്തുണയ്ക്കുന്നതുമാണ് പ്രധാനം എന്നാണ് ഞാന്‍ മനസിലാക്കുന്നത്,’ എന്നായിരുന്നു ഗംഭീറിന്റെ മറുപടി.

ഗംഭീറിന്റെ ഈ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു ശ്രീകാന്ത്.

ക്രിസ് ശ്രീകാന്ത്

‘ഗംഭീറിന്റേത് വളരെ മികച്ച ഒരു പ്രസ്താവനയാണ്. എനിക്കിഷ്ടപ്പെട്ടു. ക്രിക്കറ്റില്‍ ഡാറ്റയെ ഒരു പരിധി വരെ മാത്രമേ ഉപയോഗിക്കാനാകൂ. ഡാറ്റകള്‍ ഒരിക്കലും നിങ്ങള്‍ക്ക് വേണ്ടി ബാറ്റ് ചെയ്യുകയോ പന്തെറിയുകയോ ഫീല്‍ഡ് ചെയ്യുകയോ ഇല്ല. ഒരു പ്ലെയര്‍ എന്ന നിലയില്‍ ഇതെല്ലാം നിങ്ങള്‍ തന്നെ ചെയ്യണം.

ഡാറ്റ എന്നത് കേവലം ഇന്‍ഫോര്‍മേഷനുകള്‍ മാത്രമാണ്, കഴിവാണ് നിങ്ങളെ വിജയത്തിലേക്ക് നയിക്കുന്നത്. കഴിഞ്ഞ ദിവസം സഞ്ജു സാംസണ്‍ ഡാറ്റ ഉപയോഗിച്ചാണോ ബാറ്റ് ചെയ്തത്. അവന്റെ കഴിവിന്റെ അടിസ്ഥാനത്തിലാണ് അവന്‍ ബൗളര്‍മാരെ അടിച്ചൊതുക്കിയത്,’ തന്റെ യൂട്യൂബ് ചാനലില്‍ ശ്രീകാന്ത് പറഞ്ഞു.

‘പതിവില്‍ നിന്നും വിപരീതമായി ഞാന്‍ ഗൗതം ഗംഭീറിനോട് യോജിക്കുന്നു. ക്രിക്കറ്റില്‍, പ്രത്യേകിച്ചും ടി-20യില്‍ കഴിവിന് ഏറെ പ്രധാന്യമുണ്ട്. നിങ്ങള്‍ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് കളിക്കുന്നതെങ്കില്‍, വെസ്റ്റ് ഇന്‍ഡീസിനെതിരെ സഞ്ജു കളിച്ച ചില ഷോട്ടുകള്‍ കളിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല.

അവന്‍ ഫ്രണ്ട് ഫൂട്ടിലും ബാക്ക് ഫൂട്ടിലുമിറങ്ങി ടെന്നീസ് ഷോട്ടുകളടക്കം കളിച്ചത് അവന്റെ കഴിന്റെ മാത്രം അടിസ്ഥാനത്തിലാണ്. കമ്പ്യൂട്ടറില്‍ നിന്നുള്ള ഒരു ഡാറ്റ നിങ്ങള്‍ക്കായി ഒരിക്കലും ബാറ്റ് ചെയ്യില്ല, നിങ്ങള്‍ തന്നെ ചെയ്യണം. ഇന്നൊരു ദിവസത്തേക്ക് ഗംഭീറിന്റെ ഇത്തരം പ്രസ്താവനകള്‍ വായിച്ച് ഞാന്‍ അവന്റെ ആരാധകനായി,’ ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Kris Srikkanth agrees with Gautam Gambhir’s statements

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.