2026 ടി-20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നേടാന്‍ സാധ്യതയുള്ള താരങ്ങളെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ക്രിസ് ശ്രീകാന്ത്. സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഏയ്ഡന്‍ മര്‍ക്രം അടക്കമുള്ള അഞ്ച് താരങ്ങളെയാണ് ശ്രീകാന്ത് തെരഞ്ഞെടുത്തത്.

ഇന്ത്യന്‍ സൂപ്പര്‍ താരം വരുണ്‍ ചക്രവര്‍ത്തിക്കും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റാകാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രിസ് ശ്രീകാന്ത്

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ശ്രീകാന്ത് ഇക്കാര്യം പറയുന്നത്.

‘പോരാട്ടം ഏയ്ഡന്‍ മര്‍ക്രവും വില്‍ ജാക്‌സും തമ്മിലായിരിക്കും. എല്ലാം സെമി ഫൈനലിനെയും ഫൈനലിനെയും ആശ്രയിച്ചിരിക്കും. അത് ഏറെ പ്രധാനമായിരിക്കും. ഇനിയുള്ള ചില മത്സരങ്ങളിലെങ്കിലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിക്കുകയാണെങ്കില്‍ ഒരു പരിധി വരെ വരുണ്‍ ചക്രവര്‍ത്തിക്കും സാധ്യതയുണ്ട്.

ലുങ്കി എന്‍ഗിഡിയാണ് ഈ പോരാട്ടത്തിലെ ശക്തനായ മറ്റൊരു താരം, മിച്ചല്‍ സാന്റ്‌നറും വളരെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്,’ ശ്രീകാന്ത് പറഞ്ഞു.

നിലവിലെ റണ്‍ വേട്ടക്കാരില്‍ മൂന്നമനാണ് സൗത്ത് ആഫ്രിക്കന്‍ കരുത്തന്‍. ആറ് മത്സരത്തില്‍ നിന്നും 264 റണ്‍സാണ് താരം സ്വന്തമാക്കിയത്. മൂന്ന് അര്‍ധ സെഞ്ച്വറികളടക്കം 66.00 എന്ന മികച്ച ബാറ്റിങ് ശരാശരിയിലാണ് മര്‍ക്രം ബാറ്റ് വീശുന്നത്.

ഏയ്ഡന്‍ മര്‍ക്രം

കളിച്ച ഏഴ് മത്സരത്തില്‍ നിന്നും നാല് പ്ലെയര്‍ ഓഫ് ദി മാച്ചുമായാണ് വില്‍ ജാക്‌സ് ലോകകപ്പില്‍ തിളങ്ങുന്നത്. കഴിഞ്ഞ ദിവസം സൂപ്പര്‍ 8ല്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന മത്സരത്തിലും വില്‍ ജാക്‌സ് തന്നെയായിരുന്നു കളിയിലെ താരം.

വില്‍ ജാക്‌സ്

ഇതോടെ ഒരു ലോകകപ്പില്‍ ഏറ്റവുമധികം പ്ലെയര്‍ ഓഫ് ദി മാച്ച് നേടുന്ന താരമെന്ന നേട്ടവും ജാക്‌സ് സ്വന്തമാക്കി. 2010ല്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വാട്‌സണൊപ്പമാണ് നാല് പി.ഒ.ടി.എമ്മുമായി ജാക്‌സ് കരുത്ത് കാട്ടിയത്.

വരുണ്‍ ചക്രവര്‍ത്തി | ലുങ്കി എന്‍ഗിഡി | മിച്ചല്‍ സാന്റ്‌നര്‍

സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ പേസര്‍ ലുങ്കി എന്‍ഗിഡിയും വരുണ്‍ ചക്രവര്‍ത്തിയും 11 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്താന്‍ മത്സരിക്കുകയാണ്. ന്യൂസിലാന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്‌നറും കരിയറിലെ പല നാഴികക്കല്ലുകളും പിന്നിട്ട് മികച്ച പ്രകടനമാണ് തുടരുന്നത്.

 

Content Highlight: Kris Srikkanth about Player Of The Tournament award in 2026 T20 World Cup